ന്യൂഡല്‍ഹി: വ്യാജ അക്കൗണ്ടുകള്‍ പൂട്ടിക്കാനുള്ള ട്വിറ്ററിന്റെ തീരുമാനം പ്രാവര്‍ത്തികമാവാന്‍ തുടങ്ങിയതോടെ വന്‍തോക്കുകള്‍ക്ക് ദിവസങ്ങള്‍ കൊണ്ട് നഷ്ടമായത് ലക്ഷക്കണക്കിന് അനുയായികളെ. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കാണ് ഏറ്റവും വലിയ നഷ്ടം സംഭവിച്ചത്. ശുദ്ധീകരണ പ്രക്രിയ ആരംഭിച്ച് രണ്ട് ദിവസം കൊണ്ട് മാത്രം 2,70,000 അനുയായികളേയാണ് നഷ്ടമായത്.  ഇതോടെ, മോദിയെ പിന്തുടരുന്നവർ 4.34 കോടിയിൽനിന്നു 4.31 കോടിയായി കുറഞ്ഞു.

പ്രധാനമന്ത്രിക്കു പുറമെ വിദേശകാര്യ മന്ത്രി സുഷമാ സ്വരാജിന് 74,132 പേരെയും ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാളിന് 92,000 ഫോളോവേഴ്‌സിനേയും നഷ്ടമായി.

ലോകത്ത് ഏറ്റവും കൂടുതൽ പിന്തുടരുന്ന രാഷ്ട്രത്തലവനായ യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ (5.3 കോടി) ഒരു ലക്ഷം പേരെയാണു ട്വിറ്റർ ഒഴിവാക്കിയത്. യു.എസ് മുൻ പ്രസിഡന്റ് ബറാക് ഒബാമയ്ക്ക് (10.4 കോടി) നാലു ലക്ഷം പേരെ നഷ്ടപ്പെട്ടു.

ബോളിവുഡ് താരം ഷാറൂഖ് ഖാനും, മുന്‍ ക്രിക്കറ്റ് താരം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ക്കും യഥാക്രമം 3,50,000, 2,50,000 ഫോളോവേഴ്‌സിനെ നഷ്ടമായിട്ടുണ്ട്. അതേ സമയം കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് 17,000 പേരുടെ പിന്തുണ മാത്രമേ കുറഞ്ഞിട്ടുള്ളൂ.

നേരത്തേ പുറത്തുവന്ന ട്വിറ്റർ ഓഡിറ്റ് റിപ്പോർട്ടിൽത്തന്നെ പ്രമുഖരുടെ അക്കൗണ്ടിലെ വ്യാജന്മാരുടെ സാന്നിധ്യം സ്ഥിരീകരിച്ചിരുന്നു. സംശയകരമായ അക്കൗണ്ടുകള്‍ വരും ദിവസങ്ങളിലും അവസാനിപ്പിക്കുമെന്ന് ട്വിറ്റര്‍ വ്യക്തമാക്കിയിട്ടുണ്ട്.