ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ രാഷ്ട്രീയ പ്രചാരണ റാലികള്‍ ഉള്‍പ്പെടെ പരിപാടികള്‍ക്കിടെ മോഷണം നടത്തിയ വന്‍ സംഘം പൊലീസ് പിടിയില്‍. ആറംഗ മോഷണ സംഘത്തിലെ മുഖ്യസൂത്രധാരന്മാരായ അസ്‌ലംഖാന്‍, മുകേഷ്‌കുമാര്‍ എന്നിവരാണ് ഡല്‍ഹി പൊലീസിന്റെ പിടിയിലായത്. പുരിയിലെ ജഗന്നാഥ് യാത്ര കഴിഞ്ഞ് മടങ്ങുംവഴിയാണ് ഇവര്‍ പിടിയിലായത്. 46 സ്മാര്‍ട്ട് ഫോണുകള്‍, ഒരു പിസ്റ്റള്‍, വെടിയുണ്ടകള്‍ തുടങ്ങിയവ ഇവരില്‍ നിന്ന് പൊലീസ് പിടിച്ചെടുത്തു.

വിലകൂടിയ വസത്രങ്ങള്‍ ധരിച്ചാണ് ഇവര്‍ മോഷണത്തിനായി ഓരോ പരിപാടികളിലേക്കും ആള്‍ക്കൂട്ടത്തിനിടയിലേക്കും എത്തുക. പ്രധാനമന്ത്രിയുടെ പരിപാടിക്കു പുറമെ ജസ്റ്റിന്‍ ബീബറുടെ മുംബൈയിലെ സംഗീത പരിപാടി, ഗ്രെയിറ്റര്‍ നോയിഡയിലെ ഓട്ടോ എക്‌സ്‌പോ, ക്രിക്കറ്റ് മത്സരങ്ങള്‍ തുടങ്ങി രാജ്യത്തിന്റെ എല്ലാ ഭാഗത്തും വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ നടക്കുന്ന പരിപാടിയിലും മുകേഷ്‌കുമാറും അസ്‌ലംഖാനും നേതൃത്വം നല്‍കുന്ന ആറംഗ സംഘം മോഷണം നടത്തുന്നത് പതിവാണെന്ന് പൊലീസ് പറഞ്ഞു. ആള്‍ക്കൂട്ടമാണ് ഇവരുടെ ആവേശമെന്ന് പൊലീസ് പറയുന്നു. സംഘം പരിപാടികള്‍ക്ക് വിമാനത്തിലാണ് എത്തുക.

താമസം ഫൈവ് സ്റ്റാര്‍ ഹോട്ടലിലും. കൃത്യം നിര്‍വഹിച്ച് മോഷണ വസ്തുക്കളുമായി തിരിച്ചു പോകുന്നതാവട്ടെ ട്രെയിനില്‍ ഫസ്റ്റ് ക്ലാസ് കമ്പാര്‍ട്ടുമെന്റുകളിലുമാണെന്ന് പൊലീസ് പറഞ്ഞു. അതിവിദഗ്ധമായി ആളുകളുടെ പോക്കറ്റില്‍ നിന്ന് പേഴ്‌സുകളും മൊബൈല്‍ ഫോണുകളും കവരും. സ്ത്രീകളുടെ ആഭരണങ്ങളും മൊബൈല്‍ ഫോണുകളുമാണ് ഇവര്‍ കൂടുതലായും കവരുന്നത്. ബസുകളും മാര്‍ക്കറ്റുകളും കേന്ദ്രീകരിച്ച് മോഷണം നടത്തിയതിന് സംഘത്തിനെതിരെ 1995ല്‍ തന്നെ കേസുകളുണ്ട്.

കുട്ടികളെ പരിശീലിപ്പിച്ച് ഡല്‍ഹിയിലെ പൊതുപരിപാടികളിലേക്ക് കടത്തിവിട്ട് മോഷണം നടത്തുന്നതും സംഘത്തിന്റെ പ്രധാന മോഷണരീതിയാണ്. സംഘാംഗങ്ങള്‍ക്ക് പ്രതിമാസം നാല്‍പതിനായിരം രൂപ ശമ്പളമായും നല്‍കുന്നുണ്ടെന്ന് വിവരമുണ്ട്. പത്രങ്ങളിലൂടെയും ടി.വി ചാനലുകളിലൂടെയും വലിയ പരിപാടികള്‍ നടക്കുന്നത് മനസ്സിലാക്കി വിവരങ്ങള്‍ പരസ്പരം കൈമാറുകയാണ് ചെയ്തിരുന്നത്. ഓരോ പരിപാടികളില്‍ നിന്നും 50 മുതല്‍ 60 സ്മാര്‍ട്ട് ഫോണുകള്‍ വരെ ഇവര്‍ കൈയിലാക്കിയിരുന്നതായി അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു.