ന്യൂഡല്‍ഹി: പുതിയ രണ്ടായിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകള്‍ അച്ചടിച്ച് വിതരണം ചെയ്ത സംഭവത്തില്‍ രണ്ടു പേരെ ഡല്‍ഹി പൊലീസ് അറസ്റ്റു ചെയ്തു. ഉത്തംനഗര്‍ സ്വദേശി ആശിഷ് (23) നജാഫ്ഗഡ് സ്വദേശി കൃഷ്ണന്‍ (25) എന്നിവരാണ് അറസ്റ്റിലായത്. തെക്കുപടിഞ്ഞാറന്‍ ഡല്‍ഹിയിലെ ബിന്ദാപൂര്‍ മേഖലയില്‍ പൊലീസ് നടത്തിയ റെയ്ഡിലാണ് ഇരുവരും പിടിയിലായത്. ഇവരില്‍ നിന്ന് ആറു ലക്ഷത്തിന്റെ കള്ള നോട്ടുകളും ഇവരില്‍ നിന്ന് പിടിച്ചെടുത്തു. കൂടാതെ ഇവര്‍ ഉപയോഗിച്ചിരുന്ന സിപിയു, പ്രിന്റര്‍, കീബോര്‍ഡ് എന്നിവയും പൊലീസ് കണ്ടെടുത്തു. മൊബൈല്‍ റിപ്പേറിങ് ടെക്‌നീഷ്യരും കമ്പ്യൂട്ടര്‍ വിദഗ്ധരുമാണ് പിടിയിലായ രണ്ടു പേരുമെന്ന് ഡെപ്യൂട്ടി പൊലീസ് കമ്മീഷണര്‍ സുരേന്ദര്‍ കുമാര്‍ പറഞ്ഞു. ആഢംബര ജീവിതവും ഉത്തര്‍പ്രദേശില്‍ ബംഗ്ലാവ് നിര്‍മാണവും ലക്ഷ്യമിട്ടാണ് ആശിഷും കൃഷ്ണനും കള്ളനോട്ട് അച്ചടി ആരംഭിച്ചതെന്നാണ് ഡെപ്യൂട്ടി കമ്മീഷണര്‍ പറയുന്നത്.