കഞ്ചാവ് കേസില്‍ നിന്ന് സിപിഎം എംഎല്‍എ യു. പ്രതിഭയുടെ മകന്‍ കനിവിനെ ഒഴിവാക്കും. കനിവ് കഞ്ചാവ് ഉപയോഗിച്ചതിന് തെളിവില്ലെന്ന് റിപ്പോര്‍ട്ട്. പ്രതിഭയുടെ പരാതിയിലാണ് എക്‌സൈസ് അസിസ്റ്റന്റ് കമ്മീഷണറുടെ അന്വേഷണ റിപ്പോര്‍ട്ട്.
കുറ്റപത്രം കോടതിയില്‍ സമര്‍പ്പിക്കുമ്പോള്‍ കേസില്‍ നിന്നും കനിവിനെ ഒഴിവാക്കും. അന്വേഷണ ഉദ്യോഗസ്ഥനായ കുട്ടനാട് എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ജയരാജനെതിരെ നടപടിയുണ്ടാകും. കേസില്‍ ആകെ 9 പ്രതികള്‍ ആണ് ഉണ്ടായിരുന്നത്.
മകനെതിരായ കഞ്ചാവ് കേസില്‍ പലതവണ ന്യായീകരണമായി യു. പ്രതിഭ എംഎല്‍എ രംഗത്തുവന്നിരുന്നു. ഇക്കാലത്ത് ചില കുട്ടികള്‍ പുകവലിക്കാറുണ്ട്. തന്റെ മകന്‍ അത് ചെയ്‌തെങ്കില്‍ അത് താന്‍ തിരുത്തണം. കഞ്ചാവുമായി പിടിയിലായെന്ന് കേസില്ല എന്നും യു. പ്രതിഭ പറഞ്ഞു.
മകനെ കഞ്ചാവുമായി പിടികൂടിയെന്ന വാര്‍ത്ത കൊടുത്തതാണ് എന്നും എംഎല്‍എ പറഞ്ഞിരുന്നു. എന്നാല്‍ വിഷയത്തില്‍ എംഎല്‍എയെ സിപിഎം തള്ളിയിരുന്നു. പ്രതിഭയുടെ അഭിപ്രായമല്ല പാര്‍ട്ടിക്കെന്ന് സിപിഎം ആലപ്പുഴ ജില്ല സെക്രട്ടറി ആര്‍ നാസര്‍ പറഞ്ഞു. പ്രതിഭയുടേത് ഒരു അമ്മ എന്ന നിലയിലുള്ള വികാരമാണ്. മകനെതിരെ അന്വേഷിച്ച ശേഷമാണ് എക്സൈസ് കേസെടുത്തതെന്നും ആര്‍ നാസര്‍ വ്യക്തമാക്കിയിരുന്നു.