അബുദാബി: സ്വദേശികളും വിദേശികളുമായ ലക്ഷങ്ങളെ ആഹ്ലാദഭരിതരാക്കി യു.എ.ഇ 45-ാം ദേശീയദിനം സാഘോഷം കൊണ്ടാടി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടന്ന വര്‍ണ്ണാഭമായ ആഘോഷപരിപാടികളില്‍ പതിനായിരങ്ങള്‍ പങ്കാളികളായി. തലസ്ഥാന നഗരിയായ അബുദാബിയില്‍ ഇന്നലെ വ്യത്യസ്ഥ സ്ഥലങ്ങളിലായി നിരവധി പരിപാടികളാണ് അരങ്ങേറിയത്.

യു.എ.ഇ പ്രസിഡണ്ട് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്‌യാന്‍, വൈസ്പ്ര സിഡണ്ടും പ്രധാനമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മഖ്തൂം എ ന്നിവര്‍ക്ക് ലോകത്തിന്റെ നാനാ ഭാഗങ്ങളില്‍നിന്ന് നിരവധി ആശംസാ സന്ദേശങ്ങ ള്‍ ഒഴുകിയെത്തി. യു.എ.ഇയുടെ മുന്നോട്ടുള്ള പ്രയാണത്തില്‍ കൂടുതല്‍ ഐശ്വര്യം ഉണ്ടാവട്ടെയെന്ന് വിവിധ രാഷ്ട്രത്തലവന്മാര്‍ യു.എ.ഇ പ്രസിഡണ്ടിന് അയച്ച ആശംസാ സന്ദേശങ്ങളില്‍ പറഞ്ഞു. യാസ് ഐലന്റ്,കോര്‍ണീഷ്,അല്‍ വത്ബ,അബുദാബി നാഷണല്‍ എക്‌സിബിഷന്‍ സെന്റര്‍ എന്നിവിടങ്ങളിലെല്ലാം ദേശീയതയും രാജ്യസ്‌നേഹവും തുളുമ്പുന്ന പരിപാടികള്‍ അവതരിപ്പിക്കപ്പെട്ടു.

 

രാജ്യത്തിന്റെ കരുത്തായ സായുധസേനയുടെ പരേഡും വ്യോമസേനയുടെ അഭ്യാസ പ്രകടനങ്ങളും നടന്നു. ആകാശത്ത് വിസ്മ യം വിടര്‍ത്തിയും ആയിരങ്ങളെ ആവേശഭരിതരാക്കിയും നടത്തിയ വ്യാമാഭ്യാസ പ്രകടനങ്ങള്‍ നീലാകാശത്ത് വര്‍ണ്ണങ്ങള്‍ വാരിവിതറി. ദേശീയ പതാകയുടെ ചതുര്‍വ ര്‍ണ്ണങ്ങള്‍ അന്തരീക്ഷത്തില്‍ പാറിപ്പറന്നുനടന്നു.അബുദാബി കോര്‍ണീഷില്‍ വിവിധ കാഴ്ചകള്‍ കാണാന്‍ ആയിരങ്ങളാണ് തടിച്ചുകൂടിയത്. വൈകുന്നേരത്തോടെത്തന്നെ കോര്‍ണീഷിലേക്കുള്ള പ്രവാഹത്തിന് തുടക്കം കുറിച്ചിരുന്നു. കോര്‍ണീഷിലെ ആഘോഷപരിപാടികളില്‍ വിദേശികളുടെ സാന്നിധ്യവും ഏറെയുണ്ടായിരുന്നു. ബോട്ട് റേസ് ഉള്‍പ്പെടെയുള്ളവ കാണികള്‍ക്ക് ഹരം പകര്‍ന്നു.

 

കോര്‍ണീഷ്,മഖ്ത,അല്‍ വത്ബ എന്നിവിടങ്ങളിലെ കരിമരുന്ന് പ്രയോഗം ദര്‍ശിക്കാന്‍ സ്വദേശികളും വിദേശികളുമടങ്ങുന്ന വന്‍ജനാവലി നേരത്തെത്തന്നെ എത്തിച്ചേര്‍ന്നിരുന്നു. ഓരോ പരിപാടികളിലും പതിനായിരങ്ങളാണ് സംബന്ധിച്ചത്. ആഘോഷത്തിമിര്‍പ്പിനിടയിലും രാജ്യത്തോടുള്ള കൂറും സ്‌നേവും ഊട്ടിയുറപ്പിക്കുന്ന ഈരടികള്‍ ഉയര്‍ന്നുപൊങ്ങി.
അല്‍വത്ബ സായിദ് ഹെരിറ്റേജിലെ പരിപാടികള്‍ കാണാന്‍ ഇന്നലെ പതിനായിരങ്ങളാണ് എത്തിയത്. തങ്ങളുടെ പരമ്പരാഗത ജീവിത രീതിയും പൈതൃക കലാ-സാംസ്‌കാരിക പരിപാടികളും കാണാനും ഓര്‍മ്മ കളുടെ ചെപ്പ് തുറക്കാനും ഇവിടെ സ്വദേശികള്‍ തന്നെയാണ് പ്രധാനമായും എത്തിയത്. ഹെരിറ്റേജിന് മധ്യത്തില്‍ ഒരുക്കിയ ജലധാര ദേശീയ പതാകയുടെ വര്‍ണ്ണങ്ങളില്‍ ഉയര്‍ന്നുപൊങ്ങിയപ്പോള്‍ തിങ്ങിനിറഞ്ഞ പതിനായിരങ്ങള്‍ ആവേശത്തിരയില്‍ ആറാടി.