ദുബൈ: ഇന്ത്യയിലെ സ്വകാര്യ ബജറ്റ് വിമാനമായ ഇന്‍ഡിഗോ ഷാര്‍ജയില്‍ നിന്ന് കോഴിക്കോട്ടേക്കും തിരുവനന്തപുരത്തേക്കും സര്‍വീസ് ആരംഭിക്കുന്നു. കൂടാതെ, മസ്‌കത്തില്‍ നിന്ന് കോഴിക്കോട്ടേക്കും സര്‍വീസ് ആരംഭിക്കുന്നുണ്ട്. വേനല്‍ ഷെഡ്യൂളിലാണ് ഈ മൂന്ന് സര്‍വീസുകളും. 4,499 രൂപ മുതലാണ് വണ്‍വേ ടിക്കറ്റ്.

ഷാര്‍ജ-കോഴിക്കോട് സര്‍വീസ് മാര്‍ച്ച് 20 മുതലാണ്. രാവിലെ 9.20ന് ഷാര്‍ജയില്‍ നിന്നും പുറപ്പെടുന്ന വിമാനം ഉച്ച കഴിഞ്ഞ് 2.30ന് കോഴിക്കോട്ടെത്തും. അവിടെ നിന്നും രാവിലെ 6.05ന് പുറപ്പെട്ട് 8.20ന് ഷാര്‍ജയിലെത്തും. പുലര്‍ച്ചെ 2 മണിക്ക് ഷാര്‍ജയില്‍ നിന്നും പുറപ്പെടുന്ന വിമാനം രാവിലെ 7.35ന് തിരുവനന്തപുരത്തെത്തിച്ചേരും. അവിടെ നിന്നും രാത്രി 10.20ന് പുറപ്പെടുന്ന വിമാനം പുലര്‍ച്ചെ 1 മണിക്ക് ഷാര്‍ജയിലെത്തും.

ഏപ്രില്‍ 8 മുതലാണ് ഈ സര്‍വീസ് ആരംഭിക്കുന്നത്. മസ്‌കത്ത്-കോഴിക്കോട് സര്‍വീസ് ആരംഭിക്കുന്നത് മാര്‍ച്ച് 20 മുതലാണ്. മസ്‌കത്തില്‍ നിന്നും രാത്രി 11.15ന് പുറപ്പെടുന്ന ഇന്‍ഡിഗോ പുലര്‍ച്ചെ 2.15ന് കോഴിക്കോടെത്തും. അവിടെ നിന്നും വൈകുന്നേരം 6.25ന് പുറപ്പെട്ട് മസ്‌കത്തില്‍ രാത്രി 8.15ന് തിരിച്ചെത്തും.