വ്യക്തികളെ ഭീകരവാദികളായി പ്രഖ്യാപിക്കാന്‍ എന്‍.ഐ.എക്ക് അധികാരം നല്‍കുന്ന യു.എ.പി.എ ഭേദഗതി ബില്‍ ലോക്‌സഭ പാസാക്കി. 287 എം.പിമാര്‍ നിയമഭേദഗതിയെ അനുകൂലിച്ച് വോട്ട് രേഖപ്പെടുത്തിയപ്പോള്‍ മുസ്‌ലിം ലീഗ് എം.പിമാര്‍ അടക്കം എട്ടുപേര്‍ മാത്രമാണ് ബില്ലിനെ എതിര്‍ത്തു വോട്ട് ചെയ്തത്. കോണ്‍ഗ്രസ്, സി.പി.എം അംഗങ്ങള്‍ വോട്ടെടുപ്പ് ബഹിഷ്‌കരിച്ച് ഇറങ്ങിപ്പോയി.
മുസ്‌ലിം ലീഗ് അംഗങ്ങളായ ഇ.ടി മുഹമ്മദ് ബഷീര്‍, പി.കെ കുഞ്ഞാലിക്കുട്ടി, നവാസ് കനി, എ.ഐ.എം.ഐ.എം അംഗങ്ങളായ അസദുദ്ദീന്‍ ഉവൈസി, ഇംതിയാസ് ജലീല്‍, നാഷണല്‍ കോണ്‍ഫറന്‍സിന്റെ ഹസ്‌നൈന്‍ മസൂദി, മുഹമ്മദ് അക്ബര്‍ ലോണ്‍, എ.ഐ.യു.ഡി.എഫ് അംഗം ബദ്‌റുദ്ദീന്‍ അജ്മല്‍ എന്നിവരാണ് എതിര്‍ത്ത് വോട്ട് രേഖപ്പെടുത്തിയത്.
എതിരഭിപ്രായങ്ങളെയും മാധ്യമസ്വാതന്ത്ര്യത്തെയും അടിച്ചമര്‍ത്താന്‍ വേണ്ടി യു.എ.പി.എ നിയമം ഉപയോഗിക്കപ്പെടുന്നുണ്ടെന്നും ഇത് നിയമരാഹിത്യത്തിലേക്കാണ് കാര്യങ്ങള്‍ കൊണ്ടുചെന്നെത്തിക്കുക എന്നും മുസ്ലിം ലീഗ് എം.പി ഇ.ടി മുഹമ്മദ് ബഷീര്‍ പറഞ്ഞു.
അന്വേഷിക്കുന്ന കേസിലെ പ്രതികളുടെ വസ്തുവകകള്‍ പിടിച്ചെടുക്കുന്നതിന് എന്‍.ഐ.എ ഡയറക്ടര്‍ ജനറലിന് അധികാരം നല്‍കുന്നതും വ്യക്തികളെ ഭീകരവാദികളായി പ്രഖ്യാപിക്കാന്‍ ഏജന്‍സിക്ക് അനുവാദം നല്‍കുന്നതുമടക്കമുള്ള ഭേദഗതികളാണ് ബില്ലിലുള്ളത്.
ഭരണഘടന ആര്‍ട്ടിക്കിള്‍ 21ന്റെ ലംഘനമാണ് ബില്ലെന്നും ജുഡീഷ്യല്‍ അവകാശങ്ങളെ ഇത് മറികടക്കുന്നുവെന്നും എ.ഐ.എം.ഐ.എം നേതാവ് അസദുദ്ദീന്‍ ഉവൈസി ആരോപിച്ചു
Be the first to write a comment.