സുല്‍ത്താന്‍ ബത്തേരി/മലപ്പുറം: ഇന്നലെ റീപോളിങ് നടന്ന സംസ്ഥാനത്തെ രണ്ട് ബൂത്തിലും യുഡിഎഫിന് തകര്‍പ്പന്‍ വിജയം. സുല്‍ത്താന്‍ ബത്തേരി നഗരസഭയില്‍ റീപോളിങ് നടന്ന തൊടുവട്ടിയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായ അസീസ് മാടാല 136 വോട്ടുകളുടെ ഭൂരിപക്ഷത്തോടെയാണ് വിജയിച്ചത്. സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായ അസൈനാര്‍ 255 വോട്ടുകള്‍ നേടി രണ്ടാം സ്ഥാനത്തെത്തി. സിപിഎമ്മിലെ ബീരാന് 167 വോട്ടുകള്‍ മാത്രമാണ് ലഭിച്ചത്.

മുന്‍സിപ്പല്‍ സിപിഎമ്മിലെ മുഴുവന്‍ നേതാക്കന്‍മാരും കൗണ്‍സിലര്‍മാരും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് വേണ്ടി സജീവമായി പ്രചാരണത്തിനിറങ്ങിയിട്ടും എല്‍ഡിഎഫ് മൂന്നാം സ്ഥാനത്തേക്ക് പോയി. ബിജെപി സ്ഥാനാര്‍ത്ഥിക്ക് 16 വോട്ടാണ് നേടാനായത്. ഇന്നലെ രാവിലെ ഏഴ് മണി മുതല്‍ വൈകീട്ട് ആറ് മണിവരെ മാര്‍ ബസേലിയോസ് കോളേജില്‍ ആയിരുന്നു വോട്ടെടുപ്പ് നടന്നത്.

ഇന്നലെ റീപോളിങ് നടന്ന മലപ്പുറം തിരൂരങ്ങാടി മുന്‍സിപ്പാലിറ്റിയിലെ കിസാന്‍ കേന്ദ്രം വാര്‍ഡില്‍ മുസ് ലിം ലീഗിന്റെ ജഅഫര്‍ കുന്നത്തേരി വിജയിച്ചു. യുഡിഎഫ് 378, എല്‍ഡിഎഫ് സ്വതന്ത്രന്‍ 279, ബിജെപി 9 എന്നിങ്ങനെയാണ് വോട്ടുകള്‍. ഇവിടെ 80.2 ശതമാനം വോട്ടുകളാണ് പോള്‍ ചെയ്തത്. യന്ത്രത്തകരാര്‍ മൂലം വോട്ടെണ്ണല്‍ തടസ്സപ്പെട്ടതിനെ തുടര്‍ന്നാണ് റീപോളിങ് നടത്താന്‍ കമ്മീഷന്‍ തീരുമാനിച്ചത്.