ന്യൂഡല്‍ഹി: പാലക്കാട് കഞ്ചിക്കോട്ടെ കോച്ച് ഫാക്ടറി എത്രയും വേഗം യാഥാര്‍ത്ഥ്യമാക്കിയില്ലെങ്കില്‍ സമരം ശക്തമാക്കുമെന്ന് എ.കെ ആന്റണി. കേന്ദ്ര സര്‍ക്കാര്‍ കേരളത്തിന് നല്‍കിയ വാഗ്ദാനം പാലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കോച്ച് ഫാക്ടറിയുടെ പ്രവര്‍ത്തനം തുടങ്ങണമെന്ന് ആവശ്യപ്പെട്ട് ഡല്‍ഹിയില്‍ റെയില്‍ ഭവന് മുന്നില്‍ യു.ഡി.എഫ് എം.പിമാര്‍ നടത്തിയ ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഇന്നത്തെ സമരത്തോട് കൂടി ഒന്നും അവസാനിക്കാന്‍ പോകുന്നില്ല. ഇതൊരും തുടക്കം മാത്രമാണ്. യു.പി.എ സര്‍ക്കാറിന്റെ കാലത്ത് അനുവദിച്ച കോച്ച് ഫാക്ടറിക്കായി നടപടികള്‍ പൂര്‍ത്തിയാക്കിയതാണ്. എന്നാല്‍, അടുത്ത പൊതുതെരഞ്ഞെടുപ്പ് വന്നതോടെ ബി.ജെ.പി സര്‍ക്കാര്‍ അധികാരത്തിലെത്തിയപ്പോള്‍ നടപടികള്‍ മന്ദഗതിയിലായെന്ന് ആന്റണി കുറ്റപ്പെടുത്തി.

കേരളത്തിന്റെ ചിരകാല അഭിലാഷമാണ് കോച്ച് ഫാക്ടറി. അത് എന്തുവില കൊടുത്തും നേടിയെടുക്കും. വേണ്ടിവന്നാല്‍ സംയുക്ത പ്രക്ഷോഭം നടത്തുമെന്നും ആന്റണി പറഞ്ഞു. കോച്ച് ഫാക്ടറി അട്ടിമറിക്കാനാണ് കേന്ദ്രത്തിന്റെ ശ്രമം. റായ്ബറേലിയിലെ കോച്ച് ഫാക്ടറിക്ക് മുന്‍ഗണന നല്‍കാന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി കത്ത് നല്‍കിയെങ്കില്‍ അത് ഹാജരാക്കണമെന്നും ആന്റണി ആവശ്യപ്പെട്ടു.