Football

യുവേഫ ചാമ്പ്യന്‍സ് ലീഗ്: മാഡ്രിഡ് ഡര്‍ബിയില്‍ റയലിന് വിജയം

By webdesk13

March 05, 2025

ചാമ്പ്യന്‍സ് ലീഗ് പ്രീക്വാര്‍ട്ടറില്‍ വമ്പന്‍മാര്‍ക്ക് വിജയം. റയല്‍ മാഡ്രിഡ് തങ്ങളുടെ നരഗവൈരികളായ അത്ലറ്റികോ മാഡ്രിഡിനെ തകര്‍ത്തപ്പോള്‍ ആഴ്സനല്‍ പി.എസ്.വിയെ ഗോള്‍മഴയില്‍ മുക്കി. ആസ്റ്റണ്‍ വില്ല ക്ലബ് ബ്രൂഗെയെ വീഴ്ത്തിയപ്പോള്‍ ബൊറൂഷ്യ ഡോര്‍ട്ട്മുട്ട് ലില്ലെ മത്സരം സമനിലയില്‍ കലാശിച്ചു.

സ്വന്തം തട്ടകമായ സാന്റിയാഗോ ബെര്‍ണബ്യൂവില്‍ അരങ്ങേറിയ പോരാട്ടത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കായിരുന്നു റയലിന്റെ വിജയം. കളിയുടെ നാലാം മിനിറ്റില്‍ തന്നെ മനോഹരമായൊരു ഗോളിലൂടെ റോഡ്രിഗോ ഗോസ് ലോസ് ബ്ലാങ്കോസിനെ മുന്നിലെത്തിച്ചു. എന്നാല്‍ 32ാം മിനിറ്റില്‍ ഹൂലിയന്‍ അല്‍വാരസ് തിരിച്ചടിച്ചു. ഇടതുവിങ്ങില്‍ അല്‍വാരസ് നടത്തിയൊരു മുന്നേറ്റം കോര്‍ട്ടുവയുടെ കോട്ട പൊളിച്ചു. 55ാം മിനിറ്റില്‍ ബ്രഹീം ഡിയാസിലൂടെ റയല്‍ ഒരിക്കല്‍ കൂടി വലകുലുക്കി. പിന്നെ സിമിയോണിയുടെ സംഘത്തിന് മറുപടിയൊന്നുമുണ്ടായിരുന്നില്ല.

മറ്റൊരു മത്സരത്തില്‍ ഡച്ച് ക്ലബ്ബായ പി.എസ്.വിയെ ആഴ്സണല്‍ ഗോള്‍മഴയില്‍ മുക്കി. ഒന്നിനെതിരെ ഏഴ് ഗോളുകള്‍ക്കായിരുന്നു ഗണ്ണേഴ്സിന്റെ വിജയം. മാര്‍ട്ടിന്‍ ഒഡെഗാര്‍ഡ് ഇരട്ട ഗോള്‍ കണ്ടെത്തിയപ്പോള്‍ ജൂറിയെന്‍ ടിംബര്‍, ഏഥന്‍ നാന്വേരി, മിക്കേല്‍ മെറീനോ, ലിയനാഡോ ട്രൊസാര്‍ഡ്, കലഫിയോരി എന്നിവര്‍ ഓരോ തവണ ലക്ഷ്യം കണ്ടു.

ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് ആസ്റ്റണ്‍ വില്ല ബെല്‍ജിയന്‍ ക്ലബ്ബ് ക്ലബ്ബ് ബ്രൂഗെയെ തകര്‍ത്തത്. ലിയോണ്‍ ബെയ്ലി, ബ്രണ്ടന്‍ മെക്കേലെ, മാര്‍ക്കോ അസെന്‍സിയോ എന്നിവരാണ് വില്ലക്കായി വലകുലുക്കിയത്. മറ്റൊരു മത്സരത്തില്‍ ജര്‍മന്‍ കരുത്തരായ ബൊറൂഷ്യ ഡോര്‍ട്ട്മുണ്ടിനെ ഫ്രഞ്ച് ക്ലബ്ബായ ലില്ലെ സമനിലയില്‍ തളച്ചു. മത്സരത്തില്‍ ഇരുടീമുകളും ഓരോ ഗോള്‍വീതമടിച്ച് പിരിഞ്ഞു.