Culture

പരീക്ഷയില്‍ വന്‍ക്രമക്കേട് നടന്നിട്ടുണ്ടെന്ന് പി.എസ്.സി ; എസ്.എഫ്.ഐ നേതാക്കളെ റാങ്ക് പട്ടികയില്‍ നിന്ന് പുറത്താക്കി

By Test User

August 05, 2019

യൂണിവേഴ്‌സിറ്റി കോളേജിലെ വിദ്യാര്‍ത്ഥി അഖിലിനെ കുത്തിപരിക്കേല്‍പ്പിച്ച കേസിലെ പ്രതികളായ എസ്എഫ്‌ഐ നേതാക്കളെ പിഎസ്‌സി റാങ്ക് പട്ടികയില്‍ നിന്നും പുറത്താക്കി. യൂണിവേഴ്‌സിറ്റി കോളേജിലെ എസ്എഫ്‌ഐ നേതാക്കളും അഖില്‍ വധശ്രമക്കേസ് പ്രതികളുമായ ശിവരഞ്ജിത്ത്, നസീം, പ്രണവ് എന്നിവരെയാണ് പിഎസ്‌സിയുടെ കോണ്‍സ്റ്റബിള്‍ റാങ്ക് പട്ടികയില്‍ നിന്നും നീക്കീയത്. ഇവര്‍ മൂന്ന് പേരും സാങ്കേതികമായി പരീക്ഷ തട്ടിപ്പ് നടത്തിയെന്ന് പിഎസ്‌സി സ്ഥിരീകരിക്കുന്നു. ആജീവനാന്ത കാലത്തേക്ക് മൂന്ന് പേരെയും പിഎസ്‌സി പരീക്ഷ എഴുതുന്നതില്‍ നിന്നും വിലക്കിയിട്ടുണ്ട്.

പരീക്ഷസമയത്ത് ഇവര്‍ മൂന്ന് പേരും മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചിരുന്നതായാണ് സൂചന. പരീക്ഷയുടെ ഉത്തരങ്ങള്‍ ഇവര്‍ക്ക് എസ്എംഎസായി ലഭിച്ചുവെന്നാണ് നിഗമനം.

പിഎസ്‌സി ചോദ്യപേപ്പര്‍ ചോര്‍ത്തിയാണ് ഇവര്‍ തട്ടിപ്പ് നടത്തിയത് എന്ന സംശയമാണ് ഇപ്പോള്‍ ഉയരുന്നത്. യൂണിവേഴ്‌സിറ്റി കോളേജിലെത്തിയ ശേഷം അധ്യാപകരുടെ സഹായത്തോടെ ചോദ്യപേപ്പര്‍ ചോര്‍ത്തിയിരിക്കാനുള്ള സാധ്യതയാണ് പിഎസ്‌സി വിജിലന്‍സ് തള്ളിക്കളയുന്നില്ല. ചോദ്യപേപ്പര്‍ വാട്‌സാപ്പ് വഴി മൂവര്‍ക്കും ലഭിച്ചിരിക്കാം എന്ന നിഗമനത്തിലാണ് വിജിലന്‍സ് സംഘം ഇപ്പോള്‍.

പരീക്ഷക്കിടെ മൂന്ന് പേരുടെ മൊബൈല്‍ ഫോണുകളിലേക്കും നിരവധി തവണ എസ്എംഎസുകള്‍ വന്നുവെന്നും ഇതേക്കുറിച്ച് കേസെടുത്ത് വിശദമായി അന്വേഷിക്കാനും പിഎസ്‌സി ശുപാര്‍ശ ചെയ്യുന്നു. പരീക്ഷാ നടത്തിപ്പില്‍ വന്‍ക്രമക്കേട് നടന്നിട്ടുണ്ടെന്ന് വ്യക്തമാവുന്ന വിവരങ്ങളാണ് പിഎസ്‌സി വിജിലന്‍സ് വിഭാഗത്തിന്റെ റിപ്പോര്‍ട്ടിലൂടെ പുറത്തു വരുന്നത്.