ന്യൂഡല്‍ഹി: രാജ്യത്ത് അണ്‍ലോക്ക് 5.0മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി. തിയേറ്ററുകള്‍, മള്‍ട്ടിപ്ലക്‌സുകള്‍ എന്നിവ ഉപാധികളോടെ തുറക്കാം. തിയേറ്ററുകളില്‍ പകുതി സീറ്റുകളില്‍ മാത്രം പ്രവേശനം. നീന്തല്‍ കുളങ്ങള്‍ കായിക താരങ്ങള്‍ക്ക് പരിശീലനത്തിനായി ഉപയോഗിക്കാം. ഈ മാസം 15 മുതല്‍ നിര്‍ദേശങ്ങള്‍ നിലവില്‍ വരും.

സ്‌കൂളുകളും കോളേജുകളും ഘട്ടം ഘട്ടമായി തുറക്കാന്‍ അനുമതിയുണ്ട്. സംസ്ഥാനങ്ങളാണ് ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കേണ്ടത്. സംസ്ഥാന സര്‍ക്കാറുകള്‍ ഇത് സംബന്ധിച്ച് സ്‌കൂള്‍ അധികൃതരുമായി ചര്‍ച്ച നടത്തണം. ഓണ്‍ലൈന്‍ ക്ലാസുകള്‍ തുടരാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അതിന് അനുമതി നല്‍കണം. സ്‌കൂളുകളില്‍ ഹാജരാവാന്‍ താല്‍പര്യമില്ലാത്ത കുട്ടികളുണ്ടെങ്കില്‍ അവര്‍ക്ക് ഓണ്‍ലൈന്‍ ക്ലാസിന് അവസരമൊരുക്കണം. മാതാപിതാക്കളുടെ സമ്മതപത്രം വാങ്ങിയ ശേഷം മാത്രമേ കുട്ടികളെ സ്‌കൂളിലെത്തിക്കാന്‍ പാടുള്ളൂ. വിദ്യാഭ്യാസ വകുപ്പിന്റെ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിച്ചുകൊണ്ട് മാത്രമേ സ്‌കൂളൂകള്‍ പ്രവര്‍ത്തിക്കാവൂ എന്നും കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു.

കൂട്ടായ്മകളില്‍ പരമാവധി 100 പേര്‍ എന്നത് 200 പേര്‍ വരെയാക്കി ഉയര്‍ത്തി. തുറന്ന ഗ്രൗണ്ടുകളില്‍ കൂടുതല്‍ പേര്‍ ഒരുമിച്ചു കൂടാന്‍ അനുവദിക്കുമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു.