ഡല്‍ഹി: ഹത്രാസ് വിഷയത്തില്‍ പ്രതിച്ഛായ മെച്ചപ്പെടുത്താന്‍ പി.ആര്‍.ഏജന്‍സിയുടെ സഹായം തേടി യോഗി ആദിത്യനാഥ് സര്‍ക്കാര്‍. പെണ്‍കുട്ടി ബലാത്സംഗം ചെയ്യപ്പെട്ടിട്ടില്ലെന്ന് വിദേശ മാധ്യമങ്ങളെ അറിയിച്ചത് മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പി.ആര്‍.ഏജന്‍സിയാണ്.

മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കണ്‍സെപ്റ്റ് പി.ആര്‍.എന്ന കമ്പനിയെയാണ് വിദേശമാധ്യമങ്ങളുമായി ആശയവിനിമയം നടത്താനായി സര്‍ക്കാര്‍ നിയോഗിച്ചിരിക്കുന്നത്. ഇവരുടെ വാര്‍ത്താക്കുറിപ്പ് ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന വിദേശ മാധ്യമങ്ങളുടെ ബ്യൂറോകള്‍ക്ക് കഴിഞ്ഞദിവസം ലഭിച്ചു. പെണ്‍കുട്ടി ബലാത്സംഗത്തിന് ഇരയായിട്ടില്ലെന്നും ഫോറന്‍സിക്, മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍ ഇത് സാധൂകരിക്കുന്നുവെന്നുമാണ് വാര്‍ത്താക്കുറിപ്പില്‍ പി.ആര്‍.ഏജന്‍സി വ്യക്തമാക്കിയിരിക്കുന്നത്. എന്നാല്‍ രാജ്യമെങ്ങും ഹത്രാസ് സംഭവത്തില്‍ പ്രതിഷേധം ആളിപ്പടരുകയാണ്.

അതേസമയം, കൂട്ടബലാത്സംഗത്തിനൊടുവില്‍ ക്രൂരമായി കൊലചെയ്യപ്പെട്ട പെണ്‍കുട്ടിയുടെ കുടുംബത്തെ കാണാന്‍ കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ഇന്ന് വീണ്ടും ഹാത്രരസിലേക്ക് പുറപ്പെട്ടു. യുപി സര്‍ക്കാര്‍ പെണ്‍കുട്ടിയുടെ മൃതദേഹത്തോടും കുടുംബത്തോടും കടുത്ത അനീതിയാണ് കാണിക്കുന്നതെന്നും അവര്‍ക്ക് നീതിവേണമെന്ന് ആവശ്യപ്പെട്ടാണ് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് എംപിമാര്‍ ഹാത്രസിലേക്ക് പോകുന്നതെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കി.

പ്രിയങ്ക ഗാന്ധിയ്‌ക്കൊപ്പം ഡല്‍ഹിയില്‍ നിന്നും രാഹുല്‍ ഗാന്ധി ഹാത്രസിലേക്ക് പുറപ്പെട്ടു. പ്രിയങ്ക ്രൈഡവറായ കാറിലാണ് രാഹുല്‍ പുറപ്പെട്ടത്. മറ്റു കോണ്‍ഗ്രസ് എംപിമാര്‍ ഇവരെ അനുഗമിക്കുന്നുണ്ട്. ഇന്ന് ഉച്ചയ്ക്ക് പുറപ്പെട്ട കോണ്‍ഗ്രസ് നേതാക്കള്‍ പെണ്‍കുട്ടിയുടെ വീട്ടില്‍ എപ്പോള്‍ എത്തുമെന്ന് വ്യക്തമല്ല.