ലക്‌നോ: യോഗി ആദിത്യനാഥ് സര്‍ക്കാറിന് കീഴിലുള്ള ഉത്തര്‍ പ്രദേശില്‍ ക്രമസമാധാന നില താളം തെറ്റുന്നു. യു.പിയില്‍ തലസ്ഥാനമായ ലക്‌നോവിനു സമീപം മദിയാവോനില്‍ ഷെയര്‍ ടാക്‌സിയില്‍ സഞ്ചരിച്ച 19കാരിയായ യുവതിയെ ബലാത്സംഗം തടയാന്‍ ശ്രമിക്കുന്നതിനിടെ അക്രമികള്‍ വാഹനത്തില്‍ നിന്നും എറിഞ്ഞു കൊന്നു.
വെള്ളിയാഴ്ച രാത്രി ഒമ്പത് മണിയോടെ അമരപള്ളിയിലുള്ള തന്റെ വസതിയിലേക്കു പോകാനായി ദുബ്ബഗയില്‍ നിന്നും ഷെയര്‍ ടാക്‌സിയില്‍ കയറിയ ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിനിയായ കാജല്‍ എന്ന പൂജയാണ് ഇത്തരത്തില്‍ ദാരുണമായി കൊല്ലപ്പെട്ടത്. കടത്തില്‍ മുങ്ങിയ കുടുംബത്തെ സഹായിക്കുന്നതിനായി രാജാജി പുരത്തെ ഒരു ഷോപ്പില്‍ ക്ലാസിന് ശേഷം സെയില്‍സ് ഗേളായി ജോലിചെയ്തു വരികയായിരുന്ന പൂജ ജോലിക്കു ശേഷം വീട്ടിലേക്കു പുറപ്പെട്ടതായിരുന്നു. വീടിന് സമീപം പൂജയെ കൂട്ടാനായി സാധാരണ അമ്മയായ സോനി ഗുപ്ത എത്താറുണ്ട്. എന്നാല്‍ വെള്ളിയാഴ്ച വസതിക്കു സമീപമെത്തിയിട്ടും ടാക്‌സി നിര്‍ത്താതെ പോവുകയായിരുന്നു.
ടാക്‌സിയില്‍ നിന്നും മകളുടെ കരച്ചില്‍ കേട്ടതോടെ പ്രദേശവാസികളെ സോനി ഗുപ്ത വിവരമറിയിക്കുകയായിരുന്നു. ടാക്‌സിക്കു പിന്നാലെ പ്രദേശവാസികള്‍ ഒരു വാനില്‍ പിന്തുടര്‍ന്നെങ്കിലും മൂന്ന് കിലോമീറ്റര്‍ അകലെ പൂജയെ അക്രമികള്‍ റോഡില്‍ എറിഞ്ഞ് രക്ഷപ്പെടുകയായിരുന്നു.
ഗുരുതര പരിക്കുകളോടെ കിങ് ജോര്‍ജ്ജ് മെഡിക്കല്‍ യൂണിവേഴ്‌സിറ്റി ആസ്പത്രിയില്‍ പ്രവേശിപ്പിച്ച പൂജ ശനിയാഴ്ച പുലര്‍ച്ചെ മരിക്കുകയായിരുന്നു. അക്രമികള്‍ സഞ്ചരിച്ച വാഹനം ഓടിച്ചിരുന്ന ഡ്രൈവറെ തിരിച്ചറിഞ്ഞതായി പൊലീസ് അറിയിച്ചു.