ന്യൂഡല്‍ഹി: മുസ്‌ലിങ്ങള്‍ക്കെതിരെ പല തരത്തിലുള്ള ജിഹാദ് ആരോപണങ്ങള്‍ സംഘപരിവാര്‍ കേന്ദ്രങ്ങള്‍ നടത്താറുണ്ട്. അതില്‍ ഏറ്റവും കുപ്രസിദ്ധമായത് ലൗജിഹാദ് ആയിരുന്നു. ഇതരസമുദായത്തില്‍ നിന്ന് പെണ്‍കുട്ടികളെ പ്രണയിച്ച് മതം മാറ്റുന്നു എന്നായിരുന്നു സംഘപരിവാര്‍ ആരോപണം. എന്നാല്‍ അന്വേഷണ ഏജന്‍സികള്‍ അത് വെറും കെട്ടുകഥയായിരുന്നു എന്ന് കണ്ടെത്തിയതോടെ അത് ചീറ്റിപ്പോയി.

ഇപ്പോള്‍ പുതിയ ഒരു ജിഹാദ് ആരോപണവുമായി രംഗത്ത് വന്നിരിക്കുകയാണ് സുദര്‍ശന്‍ ടിവി എഡിറ്റര്‍ ഇന്‍ ചീഫായ സുരേഷ് ചവങ്കെ. ഉന്നത മത്സരപരീക്ഷകള്‍ ജയിക്കാന്‍ മുസ്‌ലിംകള്‍ യുപിഎസ്‌സി ജിഹാദ് നടത്തുന്നു എന്നാണ് ഇയാളുടെ ആരോപണം. കേട്ടാല്‍ ചിരിവരുമെങ്കിലും ഈ വിഷയത്തില്‍ ടെലിവിഷന്‍ ചര്‍ച്ച വരെ സംഘടിപ്പിച്ചു കഴിഞ്ഞു. തന്റെ ട്വിറ്റര്‍ ഹാന്‍ഡിലില്‍ ഇത് സംബന്ധിച്ച് ഒരു ട്രെയിലറും അദ്ദേഹം പോസ്റ്റ് ചെയ്തിട്ടുണ്ട്. ട്രെയിലറില്‍ ഉന്നയിക്കുന്ന പ്രധാനപ്പെട്ട ചോദ്യങ്ങള്‍ ഇതൊക്കെയാണ്.

‘ഉന്നത​ സർക്കാർ ജോലികളിൽ മുസ്​ലിംകളുടെ എണ്ണം കൂടുന്നു. ഇത്ര പെട്ടന്ന്‌
മുസ്​ലിംകൾ എങ്ങനെ ഐഎഎസ്-ഐപിഎസ്‌ പോലുള്ള ഉയർന്ന പരീക്ഷകളിൽ ജയിക്കുന്നു. ഇത്രയും കഠിന പരീക്ഷകളിൽ ഉന്നത മാർക്ക്​ നേടി ഇത്രയും കൂടുതൽ മുസ്​ലിംകൾ ജയിക്കാനുള്ള രഹസ്യം എന്താണ്​. ജാമിയയിലെ ജിഹാദികൾ നമ്മുടെ ജില്ല അധികാരികളും വിവിധ മന്ത്രാലയങ്ങളിൽ ഉന്നത ഉദ്യോഗസ്​ഥരും ആയാലുള്ള അവസ്​ഥ എന്താകും. രാജ്യത്തെ ഭരണസംവിധാനങ്ങൾ മുസ്​ലിംകൾ പിടിച്ചെടുക്കുന്നതിനു പിന്നിലെ രഹസ്യം വെളിപ്പെടുന്നു’-ഇത്​ സംബന്ധിച്ച്​ കഴിഞ്ഞ ദിവസം സുരേഷ് ചവങ്കെ സുദർശൻ ടിവിയിൽ ചർച്ചാപരിപാടിയും നടത്തി. യുപിഎസ്​സി ജിഹാദ് എന്ന ഹാഷ്​ടാഗിലായിരുന്നു ഇയാൾ പരിപാടിയുടെ പ്രചരണം നടത്തിയത്​.

സാമുദായിക സംഘര്‍ഷങ്ങള്‍ സൃഷ്ടിക്കുന്ന തരത്തില്‍ മുസ്ലിം വിരുദ്ധ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതില്‍ കുപ്രസിദ്ധനാണ് സുരേഷ് ചാവങ്കെ. മോദിയുടെയും അമിത് ഷായുടേയും അടുപ്പക്കാരനായ ഇയാളുടെ ട്വിറ്റര്‍ എക്കൗണ്ടിലെ കവര്‍ഫോട്ടോ മോദിക്കും അമിത് ഷാക്കും ഒപ്പമുള്ള ഫോട്ടോയാണ്. ഇത്തരം നിരുത്തരവാദപരമായ മാധ്യമപ്രവര്‍ത്തനത്തെ അപലപിച്ച് ഐപിഎസ് അസോസിയേഷന്‍ രംഗത്തെത്തിയിട്ടുണ്ട്.