ലോകരാജ്യങ്ങളുടെ കടുത്ത എതിര്‍പ്പ് വകവെക്കാതെ ഇസ്രാഈലിലെ തങ്ങളുടെ എംബസി ഫലസ്തീന്‍ പ്രദേശമായ കിഴക്കന്‍ ജറൂസലമിലേക്ക് മാറ്റുന്നതിനുള്ള പ്രവര്‍ത്തനങ്ങളുമായി അമേരിക്ക. എംബസി പ്രവര്‍ത്തനമാരംഭിക്കുന്നതു സംബന്ധിച്ചുള്ള റോഡ് സൂചികകള്‍ ജറൂസലമിന്റെ വിവിധ ഭാഗങ്ങളില്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങി. അടുത്ത ആഴ്ചയാണ് യു.എസ് എംബസിയുടെ പുതിയ ദൗത്യം ജറൂസലമില്‍ ആരംഭിക്കുന്നത്.

തെക്കന്‍ ജറൂസലേമില്‍ ഉദ്ഘാടനത്തിനൊരുങ്ങുന്ന യു.എസ് കോണ്‍സുലേറ്റ് കെട്ടിടത്തിന് സമീപത്താണ് ബോര്‍ഡുകള്‍ സ്ഥാപിച്ചു തുടങ്ങിയത്.ഇംഗ്ലീഷ്, ഹീബ്രു, അറബിക് ഭാഷകളിലാണ് ബോര്‍ഡുകള്‍ സ്ഥാപിച്ചിരിക്കുന്നത്. മെയ് 14 നാണ് യു.എസ് കോണ്‍സുലേറ്റ് തെല്‍ അവിവില്‍ നിന്നും ജറൂസലേമിലേക്ക് ഔദ്യോഗികമായി മാറുന്നത്.

കഴിഞ്ഞ ഡിസംബറിലാണ് യു.എസ് പ്രസിഡന്റ് ഡോണല്‍ഡ് ട്രംപ് തര്‍ക്കം നിലനില്‍ക്കുന്ന ജറുസലേമിനെ ഇസ്രാഈല്‍ തലസ്ഥാനമായി അംഗീകരിച്ചതും യു.എസ് എംബസി ജറുസലമിലേക്ക് മാറ്റുകയാണെന്ന് അറിയിച്ചതും. യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ജറൂസലം പ്രഖ്യാപനം രാജ്യന്തര പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. ട്രംപിന്റെ നടപടിയോട് അതൃപ്തി കാരണം അമേരിക്കന്‍ സ്ഥാനപതിയെ ഫലസ്തീന്‍ തിരിച്ചുവിളിക്കുകയുമുണ്ടായി.

അതേസമയം ട്രംപിന്റെ പ്രഖ്യാപനത്തെ യു.എന്‍ പൊതുസഭ വോട്ടിനിട്ടു തള്ളിയിരുന്നു. യു.എസിനെതിരേ വോട്ടുചെയ്താല്‍ രാജ്യങ്ങള്‍ക്കു നല്‍കുന്ന സഹായധനം റദ്ദാക്കുമെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഭീഷണി വകവെക്കാതെയാണ് പൊതുസഭ പ്രമേയം പാസാക്കിയത്. ട്രംപിന്റെ പ്രഖ്യാപനത്തെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ ഇതുവരെ നിരവധി ഫലസ്തീന്‍ പൗരന്‍മാരാണു കൊല്ലപ്പെട്ടത്.