Connect with us

FOREIGN

അമേരിക്കയില്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍ ഒമ്പത് മരണം

അമേരിക്കയിലെ കെന്റകിയില്‍ അമേരിക്കന്‍ പട്ടാളത്തിന്റെ ഹെലികോപ്റ്ററുകള്‍ കൂട്ടിയിടിച്ച് ഒമ്പത് മരണം.

Published

on

അമേരിക്കയിലെ കെന്റകിയില്‍ അമേരിക്കന്‍ പട്ടാളത്തിന്റെ ഹെലികോപ്റ്ററുകള്‍ കൂട്ടിയിടിച്ച് ഒമ്പത് മരണം. ഒമ്പത് സൈനികരാണ് മരിച്ചതെന്ന് സൈനിക ഉദ്യോഗസ്ഥര്‍ അറിയിച്ചു. സൈനിക താവളത്തിന് സമീപം നടന്ന പരിശീലന പറക്കലിനിടെയാണ് അപകടം.

അപകട കാരണം എന്താണെന്ന് വ്യക്തമല്ല. സംഭവത്തില്‍ അന്വേഷണം നടക്കുകയാണ്. പരിശീലന ദൗത്യത്തിനിടെ 2 എച്ച്എച്ച്60 ബ്ലാക്ക്‌ഹോക്ക് ഹെലികോപ്റ്ററുകള്‍ തകര്‍ന്നതായി അമേരിക്കന്‍ ആര്‍മി വക്താവ് പറഞ്ഞു.

FOREIGN

‘സിജി”ക്ക് പുതിയ നിർവാഹക സമിതി നിലവിൽ വന്നു

2024 ഓഗസ്റ്റ് 24 ന് ഓൺലൈനിൽ വിവിധ അന്താരാഷ്ട്ര ചാപ്റ്ററുകളിൽ നിന്നുള്ള അംഗങ്ങൾ പങ്കെടുത്ത വാർഷിക പൊതുയോഗത്തിലാണ് തിരഞ്ഞെടുപ്പ് നടന്നത്.

Published

on

ദമ്മാം: വിദ്യാഭ്യാസ സാമൂഹിക ശാക്തീകരണ രംഗത്ത് പ്രവർത്തിക്കുന്ന സെൻ്റർ ഫോർ ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ഇന്ത്യ (സിജി) ഇൻ്റർനാഷണൽ കമ്മിറ്റിയുടെ, 2024-2026 കാലയളവിലേക്കുള്ള പുതിയ നിർവാഹക സമിതി നിലവിൽ വന്നു. 2024 ഓഗസ്റ്റ് 24 ന് ഓൺലൈനിൽ വിവിധ അന്താരാഷ്ട്ര ചാപ്റ്ററുകളിൽ നിന്നുള്ള അംഗങ്ങൾ പങ്കെടുത്ത വാർഷിക പൊതുയോഗത്തിലാണ് തിരഞ്ഞെടുപ്പ് നടന്നത്.

അബ്ദുൽ മജീദ് എം എം, ദമാം ചെയർമാനായും റുക്‌നുദ്ദീൻ അബ്ദുല്ല, ദോഹ ചീഫ് കോർഡിനേറ്ററായും വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. നൗഷാദ് വി മൂസ (യാമ്പു) വൈസ് ചെയർമാനും അബൂബക്കർ കെ.ടി. (ജിദ്ദ) ട്രഷററുമാണ്. അബ്ദുൽറഊഫ് പി വി (എച്ച്ആർ), ഹാഷിം പി അബൂബക്കർ, ദുബൈ (സിഎൽപി), ഫൈസൽ നിയാസ് ഹുദവി, ദോഹ (സേജ്), അഫ്താബ് സി മുഹമ്മദ്, ദമാം (ആക്‌റ്റിവിറ്റി) മുജീബുള്ള കെഎം, ദുബൈ (കരിയർ ആൻഡ് ഡാറ്റ്) മുഹമ്മദ് ഹനീഫ് ടി, അബൂദബി (ഐടി), അനീസ ബൈജു ജിദ്ദ, ഫർഹ അബ്ദുൽറഹ്മാൻ കുവൈറ്റ് (വിമൺ കളക്റ്റീവ്), അക്മല ബൈജു, ജിദ്ദ, വസീം ഇർഷാദ്, ബെൽജിയം (ഗ്ലോബൽ പാത്ത്‌വേ). എന്നിവരാണ് കോർഡിനേറ്റർമാർ. ഷംസുദ്ദീൻ കെ പി, അമീർ തയ്യിൽ, അമീർ അലി പി എം, കെ.എം. മുസ്തഫ, മുഹമ്മദ് ഫിറോസ് സി എം എന്നിവർ സീനിയർ വിഷിനറിമാരായി പ്രവർത്തിക്കും.

മുൻ അധ്യക്ഷൻ കെ.എം.മുസ്തഫ തിരഞ്ഞെടുപ്പ് നടപടികൾ നിയന്ത്രിച്ചു.സിജി ഇന്ത്യ പ്രസിഡൻ്റ് ഡോ. എബി മൊയ്തീൻ കുട്ടി വാർഷിക ജനറൽ ബോഡി സംഗമം ഉദ്ഘാടനം ചെയ്തു. സമൂഹത്തിലെ പാർശ്വവൽക്കരിക്കപ്പെട്ട വിഭാഗങ്ങളെ ശാക്തീകരിക്കുന്നതിൽ വിദ്യാഭ്യാസത്തിൻ്റെ പ്രാധാന്യവും കൃത്യമായ മാർഗനിർദേശത്തിന്റെ ആവശ്യകതയും അദ്ദേഹം എടുത്തുപറഞ്ഞു. സിജി ഇൻ്റർനാഷണൽ ചെയർമാൻ അബ്ദുൽമജീദ് എം എം അധ്യക്ഷനായി. ചീഫ് കോർഡിനേറ്റർ റുക്നുദീൻ അബ്ദുല്ല വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു.

സിജി ഇന്ത്യ ജനറൽ സെക്രട്ടറി ഡോ. ഇസഡ് എ അഷ്റഫ് സംഘടനയുടെ പുരോഗതിയെക്കുറിച്ച് വിശദീകരിച്ചു. വിവിധ ചാപ്റ്റർ പ്രതിനിധികളും അവരുടെ പ്രവർത്തനങ്ങളെക്കുറിച്ചുള്ള അപ്ഡേറ്റുകൾ അവതരിപ്പിച്ചു. കെ.പി. ഷംസുദ്ദീൻ ഡോ. അംസ പറമ്പിൽ, മുഹമ്മദ് ഫിറോസ് സി.എം, റഷീദ് ഉമർ, റഷീദ് അലി എന്നിവർ സംസാരിച്ചു.നൗഷാദ് വി മൂസയുടെ ഖിറാഅത്തോടെ ആരംഭിച്ച യോഗം കെ ടി അബൂബക്കറിൻ്റെ ഉപസംഹാരത്തോടെയും പ്രാർത്ഥനയോടും കൂടി സമാപിച്ചു.

Continue Reading

FOREIGN

ഖത്തറിലെ കാരുണ്യപ്പെയ്ത്ത്

Published

on

സഫാരി സൈനുല്‍ ആബിദീന്‍

ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള മലയാളി സമൂഹങ്ങള്‍ക്കൊന്നാകെ തന്നെ അഭിമാനകരമാവുന്ന വിധത്തില്‍ കെഎംസിസി കൂട്ടായ്മകള്‍ ചെയ്തുവരുന്ന സാമൂഹ്യ സേവന കാരുണ്യപ്രവര്‍ത്തനങ്ങള്‍ ലോക ശ്രദ്ധ പിടിച്ചു പറ്റിയതാണ്. സഹജീവി സ്‌നേഹത്തിന്റെയും സഹിഷ്ണ്തയുടെയും ഏറ്റവും ആര്‍ദ്രമായ അനുകരണീയ മാതൃകകളെയാണ് കെംഎംസിസി തീര്‍ക്കുന്നത്. ഇപ്പോള്‍ എന്റെ പ്രധാന കര്‍മ്മഭൂമിയായ ഖത്തറിലും സഹജീവി സ്‌നേഹത്തിന്റെ ഒരു പുതിയ ചരിത്രം തീര്‍ത്തിരിക്കുകയാണ് ഖത്തര്‍ കെഎംസിസി നേതൃത്വം.

ഖത്തറിലെ പാലക്കാട് മേപ്പറമ്പ് സ്വദേശികളായ ദമ്പതികളുടെ എസ്.എം.എ ടൈപ്പ് വണ്‍ രോഗം ബാധിച്ച ഒമ്പത് മാസം മാത്രം പ്രായമുള്ള മല്‍ക്കാ റൂഹി എന്ന പിഞ്ചു ബാലികയുടെ ചികില്‍സക്കായി കഴിഞ്ഞ ഏപ്രിലില്‍ മാസം മുതല്‍ ഖത്തര്‍ ചാരിറ്റിയുടെ നേതൃത്വത്തില്‍ ആരംഭിച്ച ധനസമാഹരമാണ് അല്ലാഹുവിന്റെ അനുഗ്രഹത്താല്‍ ലക്ഷ്യത്തിലെത്തിയത്.

ചികിത്സാ ധനസമാഹരണ ക്യാംപെയിന്റെ ഭാഗമായി കെ.എം.സി.സി. ഖത്തര്‍ സമാഹരിച്ചത് 677,850 ഖത്തര്‍ റിയാലാണ്. (ഒരു കോടി അമ്പത്തഞ്ച് ലക്ഷം രൂപ). മല്‍ക്കാ റൂഹിയെന്ന ചോരപ്പൈതലിന്റെ ജീവന്‍ രക്ഷിക്കാന്‍ നാം മുന്നിട്ടിറങ്ങുകയാണെന്ന് ഖത്തര്‍ കെംഎംസിസി നേതൃത്വം പ്രഖ്യാപിച്ചതു മുതല്‍ കര്‍മ്മനിരതനായ ഓരോ കെഎംസിസി പ്രവര്‍ത്തകനും. ഓരോ അംഗവും ഈ മഹത്തായ ഉദ്യമത്തിന്റെ ഭാഗമായെന്ന് ഉറപ്പു വരുത്തിയും സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന ബിരിയാണി ചലഞ്ചടക്കമുള്ള മറ്റു സംരംഭങ്ങളിലൂടെയുമാണ് ഈ ലക്ഷ്യത്തിലെത്താന്‍ സാധിച്ചതെന്ന് മനസ്സിലാക്കുന്നു.

അന്നം തരുന്ന നാടിന്റെ തുടിപ്പുകളോട് ചേര്‍ന്ന് നില്‍ക്കാനും അവിടുത്തെ സന്തോഷ സന്താപങ്ങളില്‍ ഒപ്പം നില്‍ക്കാനുമുള്ള മലയാളി മനസ്സിന്റെ നേര്‍സാക്ഷ്യമാണ് ഖത്തര്‍ കെഎംസിസി കാണിച്ചത്. ഖത്തര്‍ ചാരിറ്റിയുമായി സഹകരിച്ച് ഈ ഉദ്യമത്തിന് നേതൃത്വം നല്‍കരിയ കെ എം സി സി ഖത്തര്‍ പ്രസിഡന്റ് ഡോ. അബ്ദുല്‍ സമദിനും ജനറല്‍ സെക്രട്ടറി സലീം നാലകത്തിനും മറ്റു ഭാരവാഹികളായ കെ. മുഹമ്മദ് ഈസ, അബ്ദു റഹീം പാക്കഞ്ഞി, സിദ്ധീഖ് വാഴക്കാട്, അലി മൊറയൂര്‍, താഹിര്‍ താഹക്കുട്ടി, വി.ടി.എം സാദിഖ്, സല്‍മാന്‍ എളയടം, ഷംസുദ്ദീന്‍ വാണിമേല്‍, കെഎംസിസി എന്ന മഹാ പ്രസ്ഥാനത്തിന്റെ സംസ്ഥാന, ജില്ലാ, മണ്ഡലം തല നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും അഭ്യുദയകാംക്ഷികള്‍ക്കും എന്റെ ഹൃദയാഭിവാദ്യങ്ങള്‍ അര്‍പ്പിക്കുന്നു….

മല്‍ക്കാ റൂഹി യെന്ന മോള്‍ക്ക് എത്രയും വേഗം സര്‍വ്വശക്തന്‍ ശമനം നല്‍കട്ടെയെന്നും പ്രാര്‍ത്ഥിക്കുന്നു…

Continue Reading

FOREIGN

വയനാട്ടിലേത് ദാരുണമായ ദുരന്തം; അനുശോചനം അറിയിച്ച് റഷ്യയും ചൈനയും; എല്ലാവിധ പിന്തുണയും നല്‍കുമെന്നും രാജ്യങ്ങള്‍

കേരളത്തിലെ ഉരുള്‍പൊട്ടല്‍ ദാരുണമാണെന്നും അനുശോചനം അറിയിക്കുന്നെന്നുമായിരുന്നു റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍ പ്രസിഡന്റ് ദ്രൗപതി മുര്‍മുവിനും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും അയച്ച അനുശോചന സന്ദേശത്തില്‍ പറഞ്ഞത്.

Published

on

 വയനാട്ടില്‍ കനത്ത നാശം വിതച്ച ഉരുള്‍പൊട്ടലില്‍ അനുശോചനം രേഖപ്പെടുത്തി റഷ്യയും ചൈനയും തുര്‍ക്കിയും അമേരിക്കയും.
കേരളത്തിലെ ഉരുള്‍പൊട്ടല്‍ ദാരുണമാണെന്നും അനുശോചനം അറിയിക്കുന്നെന്നുമായിരുന്നു റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍ പ്രസിഡന്റ് ദ്രൗപതി മുര്‍മുവിനും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും അയച്ച അനുശോചന സന്ദേശത്തില്‍ പറഞ്ഞത്.
‘കേരളത്തിലുണ്ടായ ഉരുള്‍പൊട്ടല്‍ ദാരുണമാണ്. ദുരന്തത്തില്‍ ആത്മാര്‍ത്ഥമായ അനുശോചനം അറിയിക്കുന്നു. മരിച്ചവരുടെ ബന്ധുക്കളോടും പ്രിയപ്പെട്ടവരോടുമുള്ള എല്ലാവിധ പിന്തുണയും അറിയിക്കുന്നു. പരിക്കേറ്റ എല്ലാവര്‍ക്കും വേഗത്തില്‍ സുഖം പ്രാപിക്കട്ടെ,’ റഷ്യന്‍ പ്രസിഡന്റ് പുടിന്‍ സന്ദേശത്തില്‍ പറഞ്ഞു.
സംഭവത്തില്‍ ചൈനയും അഗാധമായ അനുശോചനം അറിയിച്ചു. ‘ഇന്ത്യയിലെ സംസ്ഥാനമായ കേരളത്തില്‍ വലിയ ഉരുള്‍പൊട്ടല്‍ നടന്നതായുള്ള വാര്‍ത്തകള്‍ ഞങ്ങള്‍ അറിഞ്ഞു. ദുരന്തത്തിലുണ്ടായ മരണത്തില്‍ ഞങ്ങള്‍ അഗാധമായ അനുശോചനം രേഖപ്പെടുത്തുന്നു. മരണപ്പെട്ടവരുടെ കുടുംബങ്ങള്‍ക്കും പരിക്കേറ്റവരോടുമുള്ള ദു:ഖവും പിന്തുണയും അറിയിക്കുകയാണ്. പരിക്കേറ്റവര്‍ വേഗത്തില്‍ സുഖം പ്രാപിക്കട്ടെ,’ ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് ലിന്‍ ജിയാന്‍ പറഞ്ഞു.
കൂടാതെ, തുര്‍ക്കി വിദേശകാര്യ മന്ത്രാലയവും വയനാട്ടിലെ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ അനുശോചനം രേഖപ്പെടുത്തിയിട്ടുണ്ട്. കേരളത്തിലെ ദുരന്തബാധിതരായ ജനങ്ങള്‍ക്ക് പിന്തുണ നല്‍കുകയാണ്. ‘മണ്ണിടിച്ചിലില്‍ 250 ലധികം പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടതില്‍ ദുഃഖമുണ്ട്,’ തുര്‍ക്കി വിദേശകാര്യമന്ത്രാലയം അറിയിച്ചു.
മാലിദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസുവും ദുരന്തത്തില്‍ അനുശോചനം രേഖപ്പെടുത്തിയിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദിയെ അഭിസംബോധന ചെയ്തുകൊണ്ടുള്ള അനുശോചന സന്ദേശത്തില്‍, ഈ ദുരന്തം മൂലം വ്യാപകമായ നഷ്ടമാണ് ഉണ്ടായതെന്ന് മനസിലാക്കുന്നെന്നും നിരവധി പേര്‍ക്ക് ജീവനും ഉപജീവനമാര്‍ഗ്ഗവും നഷ്ടപ്പെട്ടതായി അറിഞ്ഞെന്നും സങ്കല്‍പ്പിക്കാന്‍ പോലുമാകാത്ത ദുരന്തമാണ് നടന്നതെന്ന് മനസിലാക്കുന്നെന്നും അദ്ദേഹം പറഞ്ഞു.
നൂറിലധികം പേരുടെ ജീവന്‍ അപഹരിക്കുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത കേരളത്തിലെ വയനാട് ജില്ലയിലുണ്ടായ ഉരുള്‍പൊട്ടിലില്‍ അഗാധമായ ദു:ഖമുണ്ടെന്നും മാലിദ്വീപ് പ്രസിഡന്റ് പറഞ്ഞു. മുണ്ടക്കൈ ദുരന്തത്തില്‍ അമേരിക്കയും അനുശോചനം രേഖപ്പെടുത്തിയിട്ടുണ്ട്. ‘കേരളത്തിലെ വയനാട് ജില്ലയില്‍ അടുത്തിടെയുണ്ടായ ഉരുള്‍പൊട്ടലില്‍ അഗാധമായ ദു:ഖം രേഖപ്പെടുത്തുന്നു,’ എന്നായിരുന്നു യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് എക്‌സില്‍ എഴുതിയത്. വയനാട്ടിലെ ഉരുള്‍പൊട്ടലില്‍ ഉറ്റവരെ നഷ്ടപ്പെട്ട കുടുംബങ്ങള്‍ക്ക് ഇന്ത്യയിലെ ഇറാന്‍ എംബസിയും അനുശോചനം അറിയിച്ചു. യു.എന്നും വിഷയത്തില്‍ ദു:ഖം രേഖപ്പെടുത്തിയിട്ടുണ്ട്.

Continue Reading

Trending