ന്യൂഡല്‍ഹി: ബോളിവുഡ് ഗാനത്തിനൊപ്പം ചുവടുവയ്ക്കുകയും നര്‍ത്തകികള്‍ക്ക് നേരെ നോട്ടുകള്‍ വാരിയെറിയുകയും ചെയ്ത പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍. ഡ്യൂട്ടിയ്ക്കിടെയായിരുന്നു പൊലീസുകാരുടെ നൃത്തചുവട്. ഈ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെയാണ് ഇവര്‍ക്കെതിരെ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ നടപടി സ്വീകരിച്ചത്. ഉത്തര്‍പ്രദേശിലെ ഉനായിലാണ് സംഭവം. പ്രാദേശിക മേളയില്‍ നടന്ന ഷോയ്ക്കിടെയായിരുന്നു പൊലീസുകാരുടെ നൃത്തം. എല്ലാ വര്‍ഷവും ഇതേ സ്ഥലത്ത് മേള നടക്കാറുണ്ട്. മേളയുടെ സുഗമമായ നടത്തിപ്പിനായി നിയോഗിച്ചതായിരുന്നു ഈ പൊലീസ് ഉദ്യോഗസ്ഥരെ. 2015ല്‍ വഡോദരയില്‍ വിവാഹ പാര്‍ട്ടിയ്ക്കിടെ നൃത്തക്കാര്‍ക്ക് നേരെ പണം എറിഞ്ഞ സംഭവവും വിവാദമായിരുന്നു.