പത്തു ലക്ഷത്തിലേറെ മുസ്‌ലിംകളെ തടങ്കല്‍പാളയങ്ങളില്‍ തള്ളിയിട്ടും മതിയാകാതെ കമ്യൂണിസ്റ്റ് ചൈന. ഉയിഗുര്‍ മുസ്ലിംകള്‍ക്കായി ചൈന തടങ്കല്‍പാളയങ്ങളുടെ നിര്‍മാണം തുടരുകയാണെന്ന് ആസ്‌ത്രേലിയന്‍ സ്ട്രാടെജിക് പോളിസി ഇന്‍സ്റ്റിറ്റിയൂട്ട് പുറത്തുവിട്ട പുതിയ പഠനം വ്യക്തമാക്കുന്നു. മതാസക്തി കുറക്കാനുള്ള ക്യാമ്പുകളാണെന്ന ന്യായം പറഞ്ഞാണ് ഈ വംശഹത്യ തുടരുന്നത്. അന്താരാഷ്ട്ര തലത്തില്‍ ഇതിനെതിരെ പ്രതിഷേധം വ്യാപകമായപ്പോള്‍ എല്ലാവരെയും മോചിപ്പിച്ചു എന്നായിരുന്നു ചൈനയുടെ വാദം. എന്നാല്‍ ഇപ്പോഴും തടങ്കല്‍ പാളയങ്ങള്‍ ഉണ്ടാക്കുന്നത് തുടരുന്നുവെന്നാണ് പഠനം പറയുന്നത്.

സാറ്റലൈറ്റ് ചിത്രങ്ങള്‍, ദൃക്‌സാക്ഷികളുടെ മൊഴി, മാധ്യമ റിപ്പോര്‍ട്ടുകള്‍ എന്നിവയാണ് പഠനത്തിന് ഉപയോഗിച്ചിരിക്കുന്നത്. തീവ്രവാദത്തെയും മതാസക്തിയെയും ചെറുക്കാനുള്ള പരിശീലന കേന്ദ്രം എന്നാണ് തടങ്കല്‍പാളയങ്ങളെ ചൈന വിശേഷിപ്പിക്കുന്നത്. ഇവിടെ എല്ലാവരും പരിശീലനം പൂര്‍ത്തിയാക്കിയെന്ന ചൈനയുടെ വാദം തെറ്റാണെന്നും ശക്തമായ സുരക്ഷയുള്ള തടങ്കല്‍ പാളയങ്ങള്‍ ഉണ്ടാക്കുന്നത് ചൈന തുടരുകയാണ് എന്നതുമാണ് പുതിയ പഠനത്തിന്റെ കാതല്‍. ഇതുവരെ വിചാരിച്ചതിനേക്കാള്‍ എത്രയോ വലുതാണ് ചൈന നിര്‍മിച്ച തടങ്കല്‍ പാളയങ്ങള്‍ എന്നാണ് വാര്‍ത്ത. എ.എസ്.പി.ഐയുടെ റിപ്പോര്‍ട്ട് പ്രകാരം 380ലധികം തടങ്കല്‍ പാളയങ്ങള്‍ ഉണ്ട്. 10 ലക്ഷത്തിലധികം ഉയിഗൂര്‍ മുസ്‌ലികളാണ് തടങ്കല്‍ പാളയത്തിലുള്ളതെന്നാണ് യു.എന്നിന്റെ റിപ്പോര്‍ട്ട്.