വാക്‌സീന്‍ സ്വീകരിച്ച ശേഷമുള്ള ജീവിതം വ്യത്യസ്തമായിരിക്കുമെന്ന സൂചനകളാണ് ഇപ്പോള്‍ ലഭിക്കുന്നത്. വാക്‌സീന്‍ ലഭിച്ചു കഴിഞ്ഞിട്ടുവേണം ഒന്നു പുറത്തിറങ്ങി വിലസാന്‍ എന്നു കരുതിയിരിക്കുകയാണ് എല്ലാവരും. എന്നാല്‍, കോവിഡ്പൂര്‍വ ലോകത്തേക്കുള്ള പോക്ക് അത്ര സിംപിളായിരിക്കില്ല. വാക്‌സീന്‍ സ്വീകരിച്ച ശേഷവും പുറത്തിറങ്ങണമെങ്കില്‍ വാക്‌സീന്‍ പാസ്‌പോര്‍ട്ട് ആപ്ലിക്കേഷനുകള്‍ കൈയ്യില്‍ വയ്‌ക്കേണ്ടിവരുമെന്നുമാണ് ഇപ്പോള്‍ മനസ്സിലാകുന്നത്. നിരവധി കമ്പനികളും ടെക്‌നോളജി ഗ്രൂപ്പുകളും ഇപ്പോള്‍ത്തന്നെ അതിനുള്ള സ്മാര്‍ട് ഫോണ്‍ ആപ്പുകളോ, തങ്ങള്‍ വാക്‌സീന്‍ എടുത്തു എന്നു തെളിയിക്കാനുള്ള രേഖകള്‍ സൂക്ഷിക്കാനുള്ള സിസ്റ്റങ്ങളോ വികസിപ്പിച്ചെടുക്കുന്ന തിരക്കിലാണ്.

തങ്ങള്‍ സ്വീകരിച്ച കോവിഡ്19 ടെസ്റ്റുകളെക്കുറിച്ചും വാക്‌സീനുകളെക്കുറിച്ചുമുള്ള വിവരങ്ങള്‍ വ്യക്തികള്‍ക്ക് ഡജിറ്റലായി സൂക്ഷിക്കാനും അധികാരികള്‍ ചോദിക്കുമ്പോള്‍ നല്‍കാനുമുള്ള രീതിയിലായിരിക്കും അവ വികസിപ്പിക്കപ്പെടുക. കായിക വിനോദങ്ങള്‍ നടക്കുന്ന സ്‌റ്റേഡിയങ്ങളിലേക്കും, സിനിമ തിയേറ്ററുകളിലേക്കും, സംഗീത കച്ചേരികള്‍ നടക്കുന്ന സ്ഥലങ്ങളിലേക്കും, ഓഫിസുകളിലേക്കും, മറ്റു രാജ്യങ്ങളിലേക്കും, ചിലപ്പോള്‍ പൊതു സ്ഥലങ്ങളിലേക്കും മറ്റും കടക്കണമെങ്കില്‍ പോലും ഇവ നിര്‍ബന്ധമാക്കിയേക്കാം.

ജനീവ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന കോമണ്‍ ട്രസ്റ്റ് നെറ്റ്‌വര്‍ക്ക് എന്ന കമ്പനി ദി വേള്‍ഡ് ഇക്കമോമിക് ഫോറവുമായി സഹകരിച്ച്, ലുഫ്താന്‍സാ, ജെറ്റ്ബ്ലൂ, സ്വിസ് എയര്‍ലൈന്‍സ്, യുണൈറ്റഡ് എയര്‍ലൈന്‍സ്, വെര്‍ജിന്‍ അറ്റ്‌ലാന്റിക് തുടങ്ങി വിവിധ വിമാനക്കമ്പനികളുമായും, ലോകമെമ്പാടുമുള്ള ആരോഗ്യ സിസ്റ്റങ്ങളും അമേരിക്കന്‍ സര്‍ക്കാരുമായി ചേര്‍ന്നും ഇതിനുള്ള മുന്നൊരുക്കം നടത്തുന്ന കമ്പനികളിലൊന്നാണ്. അവര്‍ സൃഷ്ടിച്ചിരിക്കുന്ന കോമണ്‍പാസ് ആപ് (https://commonpass.org/) പരിശോധിച്ചാല്‍ പല കാര്യങ്ങളും മനസ്സിലാകും. ഇതിലേക്ക് ഉപയോക്താക്കള്‍ക്ക് തങ്ങളുടെ കോവിഡ്19 ടെസ്റ്റ് റിസള്‍ട്ടുകളും ഏതെങ്കിലും ആശുപത്രിയില്‍ നിന്നോ ആരോഗ്യരംഗത്തെ പ്രൊഫഷണലില്‍ നിന്നോ വാക്‌സീനേഷന്‍ സ്വീകരിച്ചതിന്റെ വിവരങ്ങള്‍ തുടങ്ങിയവ അപ്‌ലോഡ് ചെയ്യണം. ഇത് ഒരു ക്യൂആര്‍ കോഡിന്റെ രൂപത്തില്‍ എടുത്തു കാണിക്കാന്‍ സാധിക്കും. അതുവഴി ഉപയോക്താവിനെപ്പറ്റിയുള്ള സൂക്ഷ്മ വിവരങ്ങള്‍ നല്‍കാതിരിക്കാന്‍ സാധിക്കുമെന്നാണ് വയ്പ്പ്.