പി. അബ്ദുല്‍ ലത്തീഫ്

വടകര: ഏറെ അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ കരുത്തനായ സ്ഥാനാര്‍ത്ഥിയെ തന്നെ കിട്ടിയതിന്റെ ആവേശത്തിലാണ് വടകര പാര്‍ലമെന്റ് മണ്ഡലത്തിലെ യു.ഡി.എഫ് പ്രവര്‍ത്തകര്‍. സ്ഥാനാര്‍ത്ഥി പ്രഖ്യാപനം വൈകിയതിന്റെ എല്ലാ നിരാശകളെയും തുടച്ചുമാറ്റുന്ന തീരുമാനം ആവേശത്തിമിര്‍പ്പോടെയാണ് യു.ഡി.എഫ് പ്രവര്‍ത്തകര്‍ എതിരേറ്റത്. വടകര പാര്‍ലമെന്റ് മണ്ഡലത്തിലെ നഗരങ്ങളിലും ഗ്രാമങ്ങളിലും പാര്‍ട്ടി പതാകകളുമായി യു.ഡി.എഫ് പ്രവര്‍ത്തകര്‍ റോഡിലിറങ്ങി. വൈകീട്ട് വടകരയില്‍ നടന്ന പ്രകടനത്തില്‍ നൂറു കണക്കിന് പ്രവര്‍ത്തകര്‍ ആണ് അണിനിരന്നത്.


എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിക്കെതിരെ ശക്തനായ സ്ഥാനാര്‍ത്ഥി തന്നെ വേണമെന്നത് മുസ്‌ലിംലീഗ്-കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വികാരമായിരുന്നു. ജില്ലയിലെ മുസ്‌ലിംലീഗ് നേതൃത്വം വടകര നിലനിര്‍ത്താന്‍ പറ്റിയ കരുത്തനായിരിക്കണം സ്ഥാനാര്‍ത്ഥിയെന്ന് ശക്തമായ നിലപാട് സ്വീകരിക്കുകയും ചെയ്തു. സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലെ പാളിച്ചകള്‍ വിജയ സാധ്യതയെ ബാധിച്ചേക്കാമെന്ന സാഹചര്യത്തില്‍ ഏറെ അവധാനതയോടെയെടുത്ത തീരുമാനത്തിന് വലിയ അംഗീകാരമാണ് ലഭിക്കുന്നത്. ഒരു വേള തമ്പടിച്ച നിരാശയുടെ കാര്‍മേഘങ്ങളെല്ലാം പക്വമായ തീരുമാനത്തെ തുടര്‍ന്ന് ആവേശത്തിന് വഴിമാറിയിരിക്കുകയാണ്. എന്തു വിലകൊടുത്തും കെ മുരളീധരന്‍ വടകര മണ്ഡലത്തില്‍ നിന്ന് തെരഞ്ഞെടുക്കപ്പെടണെന്ന വാശിയോടെ ചിട്ടയോടെയുള്ള പ്രവര്‍ത്തനങ്ങള്‍ക്കാണ് യു.ഡി.എഫ് ഒരുങ്ങുന്നത്.

അതേസമയം കെ മുരളീധരന്റെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം വന്നത് എതിര്‍ ക്യാമ്പായ എല്‍.ഡി.എഫിന് ക്ഷീണമായി. ഇത്തവണ മണ്ഡലം നേടിയെടുക്കണമെന്ന വാശിയിലാണ് എല്‍.ഡി.എഫ് ഇതുവരെ പ്രചാരണം നടത്തിയത്. എന്നാല്‍ വാഗ്‌വിലാസം കൊണ്ട് ജനങ്ങളെ ഇറക്കി മറിക്കുന്ന കെ മുരളീധരന്‍ എത്തിയതോടെ എല്‍.ഡി.എഫ് ക്യാമ്പ് അങ്കലാപ്പിലായിട്ടുണ്ട്.

സി.പി.ഐ.എമ്മിന്റെ കൊലപാതക രാഷ്ട്രീയം തന്നെയാണ് യു.ഡി.എഫ് പ്രധാന വിഷയമായി തെരഞ്ഞെടുപ്പില്‍ വടകരയില്‍ ഉയര്‍ത്തി കാണിക്കുക. സംസ്ഥാന സര്‍ക്കാറിന്റെ ഭരണ പരാജയവും ചര്‍ച്ചയാവും. പക്ഷെ ഇക്കാര്യങ്ങള്‍ ചര്‍ച്ചയാകാതിരിക്കാനും വിഷയം വഴി തിരിച്ചു വിടാനുമുളള ശ്രമങ്ങളാണ് എല്‍.ഡി.എഫിന്റെ ഭാഗത്തു നിന്നുണ്ടാവുന്നത്. പക്ഷെ വടകരയിലെ തെരഞ്ഞെടുപ്പ് വിഷയം കൊലപാതക രാഷ്ട്രീയം തന്നെയാകുമെന്നാണ് പൊതുവിലയിരുത്തല്‍. എം.എസ്.എഫ് നേതാവ് അരിയില്‍ അബ്ദുല്‍ ഷുക്കൂറിനെ കൊലപ്പെടുത്തിയ കേസില്‍ പ്രതി ചേര്‍ക്കപ്പെട്ടയാളാണ് എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി. കണ്ണൂര്‍ ജില്ലയിലുണ്ടായ പല അക്രമ സംഭവങ്ങളുടെ മാസ്റ്റര്‍ ബ്രെയിന്‍ ആണ് ഇദ്ദേഹമെന്ന് മറ്റു പാര്‍ട്ടികള്‍ നിരന്തരം കുറ്റപ്പെടുത്താറുണ്ട്.

യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബിനെ വധം, ടി. പി ചന്ദ്രശേഖരന്‍ വധം, തലശ്ശേരിയില്‍ ഫസല്‍ വധം, കാസര്‍കോട്ടെ ശരത്‌ലാല്‍, കൃപേഷ് വധം തുടങ്ങിയ സംഭവങ്ങള്‍ തെരഞ്ഞെടുപ്പില്‍ നിറഞ്ഞു നില്‍ക്കും. ടി.പി ചന്ദ്രശേഖരന്‍ വധം വടകരയില്‍ ഏറെ പ്രധാന്യമുള്ള വിഷയമാണ്. സി.പി.എം നേതൃത്വത്തിന്റെ ഇടപെടലോടെ നടന്ന കൊലപാതകം പലതവണ തെരഞ്ഞെടുപ്പില്‍ ചര്‍ച്ചയായിരുന്നു. ടി.പിയുടെ ആര്‍.എം.പി.ഐ യു.ഡി.എഫിന് പിന്തുണ പ്രഖ്യാപിച്ചതും രക്തപുരണ്ട കൈകള്‍ പിടിച്ചു നിര്‍ത്തണം എന്ന ആഗ്രത്തിലാണ്. ടി.പി വധം ഇത്തവണയും തെരഞ്ഞെടുപ്പില്‍ നിറഞ്ഞു നില്‍ക്കുമെന്ന സൂചനകളാണ് ആദ്യഘട്ടത്തില്‍ ലഭിക്കുന്നത്.

സി.പി.എം പരിഭ്രാന്തിയില്‍

കോഴിക്കോട്: കെ. മുരളീധരന്‍ വടകരയില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി എത്തുന്നതോടെ സി.പി.എം കടുത്ത പരിഭ്രാന്തിയില്‍. അക്രമരാഷ്ട്രീയത്തിന്റെ അരങ്ങില്‍ പയറ്റി തെളിഞ്ഞ പി. ജയരാജനെ സ്ഥാനാര്‍ത്ഥിയാക്കുക വഴി സി.പി.എം നേരത്തെ മുതല്‍ പ്രതിരോധത്തിലാണ്. സി.പി.എമ്മിന്റെ കൊലപാതക രാഷ്ട്രീയത്തിന്റെ ഇരയായി 51 വെട്ടേറ്റ് രക്തസാക്ഷിയായ ടി.പി ചന്ദ്രശേഖരന്റെ മണ്ണില്‍ ജനസമ്മിതി തേടാനുള്ള പി. ജയരാജന്റെ തീരുമാനത്തിന് കടുത്ത രീതിയില്‍ തന്നെ മറുപടി നല്‍കാന്‍ ജനങ്ങള്‍ തീരുമാനിച്ചിരിക്കുകയാണ്.

ആര്‍.എം.പി മത്സരത്തിന് ഒരുങ്ങാതെ യു.ഡി.എഫിന് നിരുപാധിക പിന്തുണ നല്‍കിയപ്പോള്‍ തന്നെ സി.പി.എം വിയര്‍ത്തിരുന്നു. ഇപ്പോള്‍ കെ. മുരളീധരന്‍ എന്ന കരുത്തനായ സ്ഥാനാര്‍ത്ഥി യു.ഡി.എഫിന്റെ അമരക്കാരനായി എത്തുമ്പോള്‍ സി.പി.എമ്മിന്റെ മുഖം കൂടുതല്‍ വിളറുകയാണ്. വടകരയില്‍ തങ്ങളുടെ അപ്രമാദിത്വം ഇത്തവണ സ്ഥാപിക്കാന്‍ കഴിയുമെന്നായിരുന്നു സി.പി.എമ്മിന്റെ കണക്കുകൂട്ടല്‍. അതിനുള്ള എല്ലാ ശ്രമങ്ങളും ആരംഭിച്ചിരുന്നു. ജയരാജന്‍ നേരത്തെ തന്നെ സ്ഥലത്തെത്തി. എന്നാല്‍ യു.ഡി.എഫ് മുരളീധരനെ സ്ഥാനാര്‍ത്ഥിയായതോടെ കാര്യങ്ങള്‍ എളുപ്പമല്ലെന്ന് സി.പി.എം തിരിച്ചറിയുകയാണ്.

ഇതോടെ മുരളീധരന്‍ ഒത്തുതീര്‍പ്പ് സ്ഥാനാര്‍ത്ഥിയാണെന്നും മറ്റുമുളള പ്രചാരണങ്ങള്‍ അഴിച്ചുവിടുകയാണ് സി.പി.എം. കോ-ലീ.ബി സഖ്യം എന്നെല്ലാമുള്ള കേട്ടുപഴകിയ പ്രചാരണങ്ങളും നിരത്തുന്നുണ്ട്. ഏതായാലും വടകരയിലെ പോരാട്ടം തീ പാറുമെന്ന് ഉറപ്പായിരിക്കുകയാണ്.