തൃശൂര്‍: വടക്കാഞ്ചേരി ലൈംഗിക പീഡനക്കേസിലെ ഇരയുടെ പേര് വെളിപ്പെടുത്തിയ മുന്‍ സ്പീക്കറും സി.പി.ഐ.എം തൃശൂര്‍ ജില്ലാ സെക്രട്ടറിയുമായ കെ രാധാകൃഷ്ണനെതിരെ തൃശൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ ഹിമേന്ദ്രനാഥ് അന്വേഷണത്തിന് ഉത്തരവിട്ടു. വിവിധ രാഷ്ട്രീയ പ്രവര്‍ത്തകര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം. തൃശൂര്‍ സ്‌പെഷ്യല്‍ ബ്രാഞ്ച് ഡി.വൈ.എസ്.പി ബാബുരാജിനാണ് അന്വേഷണ ചുമതല. വടക്കാഞ്ചേരി കൂട്ടബലാത്സംഗം: ദേശീയ വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു

അതേസമയം ഇരയുടെ പേര് വെളിപ്പെടുത്തിയതിന് സി.പി.എം തൃശൂര്‍ ജില്ലാ സെക്രട്ടറി കെ. രാധാകൃഷ്ണനെതിരെ ദേശീയ വനിതാ കമ്മീഷന്‍ നടപടിയെടുത്തേക്കുമെന്നും സൂചനയുണ്ട്. ഇക്കാര്യത്തില്‍ വനിതാ കമ്മീഷന്‍ കെ. രാധാകൃഷ്ണനോട് വിശദീകരണം ആവശ്യപ്പെട്ട് ദേശീയ വനിതാ കമ്മീഷന്‍ സമന്‍സ് അയച്ചിട്ടുണ്ട്. സുപ്രീംകോടതി നിര്‍ദേശപ്രകാരം ബലാത്സംഗ കേസുകളില്‍ ഇരയുടെ പേര് വെളിപ്പെടുത്തിയ കെ രാധാകൃഷ്ണന്റെ നടപടി ചട്ടലംഘനമാണ്.

തൃശ്ശൂര്‍ സ്വദേശിയായ യുവതിയുടെ കഴിഞ്ഞ ദിവസത്തെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ ദേശീയ വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട മാധ്യമ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് വനിതാ കമ്മീഷന്‍ കേസെടുത്തത്
സുപ്രീം കോടതിയുടെ ചട്ടം ലംഘിച്ച കെ രാധാകൃഷ്ണനെതിരെ അന്വേഷണം ആവശ്യപ്പെട്ട് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ ഡിജിപി ലോക്‌നാഥ് ബഹ്‌റക്ക് പരാതി നല്‍കിയിരുന്നു. ഒപ്പം തൃശൂരിലെ കോണ്‍ഗ്രസ് നേതാക്കളും സംഭവത്തില്‍ പൊലീസിനെ സമീപിച്ചിരുന്നു.

വടക്കാഞ്ചേരിയിലെ പീഡനസംഭവത്തില്‍ ഇരയായ യുവതിയുടെ പരാതിയില്‍ സംസ്ഥാന പൊലീസ് വേണ്ടത്ര ഗൗരവം കാണിച്ചില്ലെന്നും വനിതാകമ്മീഷന്‍ വിലയിരുത്തിയിരുന്നു. ഇരയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ കാര്യക്ഷമമായ അന്വേഷണം നടത്താന്‍ ആവശ്യപ്പെട്ട് ദേശീയ വനിതാകമ്മീഷന്‍ അധ്യക്ഷ ലളിതാ കുമാരമംഗലം മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചിട്ടുണ്ട്.

വിവാദ കേസില്‍ ആരോപണ വിധേയനായ സി.പി.എം വടക്കാഞ്ചേരി നഗരസഭാ കൗണ്‍സിലര്‍ പി.എന്‍ ജയന്തനെതിരായ നടപടിയേക്കുറിച്ച് വിശദീകരിക്കാന്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിലാണ് കെ. രാധാകൃഷ്ണന്‍ യുവതിയുടെ പേര് വെളിപ്പെടുത്തിയത്. ആരോപണവിധേയനായ ജയന്തന്റെ പേര് പറയാമെങ്കില്‍ പരാതിക്കാരിയുടെ പേരും പറയാമെന്നു പറഞ്ഞാണ് രാധാകൃഷ്ണന്‍ പരാതിക്കാരിയുടെ പേര് വെളിപ്പെടുത്തിയത്.
പേര് വെളിപ്പെടുത്തരുതെന്ന് മാധ്യമപ്രവര്‍ത്തകര്‍ ഓര്‍മ്മിപ്പിച്ചിട്ടും ആ വാക്കുകളെ തള്ളിക്കളഞ്ഞ് കൊണ്ടായിരുന്നു മുന്‍ സ്പീക്കര്‍ കൂടിയായ രാധാകൃഷ്ണന്‍ യുവതിയുടേയും ഭര്‍ത്താവിന്റെയും പേര് വെളിപ്പെടുത്തിയത്.