കോഴിക്കോട്: വാളയാര്‍ പീഡന കേസില്‍ തുടരന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്. പ്രതികളെ വെറുതെവിട്ട കീഴ് കോടതി വിധി ഹൈക്കോടതി റദ്ദാക്കി. ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചാണ് വിധി റദ്ദാക്കിയത്. പുനര്‍വിചാരണവും തുടരന്വേഷണവും ആവശ്യമുന്നയിച്ച് കുട്ടികളുടെ മാതാവ് കോടതിയെ സമീപിച്ചിരുന്നു. സംസ്ഥാന സര്‍ക്കാരും കോടതിയെ സമീപിച്ചിരുന്നു.

അന്വേഷണത്തിലും വിചാരണയിലും ഗുരുതരമായ വീഴ്ചകളുണ്ടായി എന്ന് നേരത്തെതന്നെ ആരോപണമുയര്‍ന്നിരുന്നു. പ്രതികള്‍ക്കെതിരായ മാതാപിതാക്കളുടെ രഹസ്യമൊഴി കോടതി പരിഗണിച്ചിരുന്നല്ല. സാക്ഷിമൊഴികളും തെളിവുകളും കൃത്യമായി വിചാരണകോടതിയുടെ ശ്രദ്ധയില്‍കൊണ്ടുവരുന്നതില്‍ പ്രോസിക്യൂഷന്റെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായി.

പ്രായപൂര്‍ത്തിയാകാത്ത ഒരുപ്രതിയടക്കം അഞ്ചുപേരാണ് കേസിലെ പ്രതികള്‍. വലിയമധു, കുട്ടി മധു, ഷിബു, പ്രദീപ്കുമാര്‍ എന്നിവരാണ് പ്രതികള്‍. ഇതില്‍ കേസ് നടക്കുന്നതിനിടെ പ്രദീപ്കുമാര്‍ ആത്മഹത്യ ചെയ്തിരുന്നു