പാലക്കാട്: വാളയാര്‍ കേസ് അട്ടിമറിച്ച പൊലീസുകാര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് പെണ്‍കുട്ടികളുടെ അമ്മ സമരം കടുപ്പിക്കുന്നു. തെരഞ്ഞെടുപ്പ് വിജ്ഞാപനത്തിന് മുമ്പ് ഡിവൈഎസ്പി സോജനും എസ്. ഐ ചാക്കോയ്ക്കുമെതിരെ നടപടി വേണമെന്ന് പെണ്‍കുട്ടികളുടെ അമ്മ പറഞ്ഞു.

നടപടി ആവശ്യപ്പെട്ട് അപേക്ഷ നല്‍കിയിട്ടുണ്ട്. കുറച്ചു ദിവസം കൂടി നോക്കും. നടപടിയെടുത്തില്ലെങ്കില്‍ നേരിട്ട് ജനങ്ങളിലേയ്ക്ക് ഇറങ്ങാനാണ് തീരുമാനം. സ്ത്രീകള്‍ക്ക് പ്രധാനം തലയിലെ മുടിയാണ്. അത് എടുത്തുകൊണ്ട് ജനങ്ങള്‍ക്കിടയിലേക്ക് ഇറങ്ങും. തന്റെ സങ്കടം ജനങ്ങള്‍ ഏറ്റെടുക്കും.

കേസ് അട്ടിമറിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശനമായ നടപടി സ്വീകരിക്കണം. തന്റെ മക്കളെ കുറിച്ച് മോശമായി സംസാരിച്ച സോജനെ സര്‍വീസില്‍ നിന്ന് പുറത്താക്കണം. കേരള യാത്ര നടത്തി സര്‍ക്കാരിനെ പ്രതിഷേധം അറിയിക്കുമെന്നും പെണ്‍കുട്ടികളുടെ അമ്മ വ്യക്തമാക്കി.