ന്യൂഡല്‍ഹി: എഐസിസി ദേശീയ ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ വാരാണാസിയില്‍ മത്സരിക്കില്ലെന്ന് റിപ്പോര്‍ട്ട്. ഏറെ ദിവസങ്ങള്‍ നീണ്ടുനിന്ന അഭ്യൂഹങ്ങള്‍ക്കൊടുവിലാണ് കോണ്‍ഗ്രസ് തീരുമാനം പുറത്തുവന്നത്. അതേസമയം, മോദിക്കെതിരെ കഴിഞ്ഞ തവണ മത്സരിച്ച അജയ് റായ് തന്നെ മത്സരിക്കുമെന്നാണ് വിവരം.

2014-ല്‍ മോദിക്കെതിരെ മത്സരിച്ച നേതാവാണ് അജയ് റായ്. എന്നാല്‍ അന്ന് മൂന്നാം സ്ഥാനത്തിയിരുന്നു റായ്. 75,614 വോട്ടാണ് അജയ് റായ് കഴിഞ്ഞ തവണ തേടിയത്. ആകെ പോള്‍ ചെയ്ത വോട്ടിന്റെ ഏഴര ശതമാനം വോട്ട് മാത്രമായിരുന്നു അത്.

വയനാട്ടില്‍ രാഹുല്‍ഗാന്ധിയുടെ പ്രചരണാര്‍ത്ഥം എത്തിയപ്പോഴായിരുന്നു പ്രിയങ്കഗാന്ധി നിലപാട് വ്യക്തമാക്കിയത്. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി ആവശ്യപ്പെടുകയാണെങ്കില്‍ വാരാണാസിയില്‍ മോദിക്കെതിരെ മത്സരിക്കാന്‍ തയ്യാറാണെന്ന് പ്രിയങ്ക ഗാന്ധി പറഞ്ഞിരുന്നു. അതിനിടെ പ്രിയങ്ക സ്ഥാനാര്‍ത്ഥിയാവുമെന്നും എസ്.പിയും ബി.എസ്.പിയും പിന്തുണച്ച് സംയുക്ത സ്ഥാനാര്‍ത്ഥിയായി നില്‍ക്കുമെന്നും അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാല്‍ ദിവസങ്ങള്‍ നീണ്ടുനിന്ന അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ പ്രിയങ്ക മത്സരിക്കില്ലെന്ന് വ്യക്തമായിരിക്കുകയാണ്.