ന്യൂഡല്‍ഹി: ശ്രീനഗര്‍ ലോകസഭാ മണ്ഡലത്തിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പ് ദിവസം കശ്മീരി യുവാവിനെ ജീപ്പില്‍ കെട്ടിയിട്ട് മനുഷ്യ കവചമാക്കിയ മേജറിനെ പ്രശംസിച്ച് വീരേന്ദര്‍ സെവാഗ്.

സുരക്ഷാ സേനക്ക് നേരെ കല്ലെറിഞ്ഞ പ്രതിഷേധക്കാരെ പ്രതിരോധിക്കാനായിരുന്നു മേജര്‍ ലീത്തുല്‍ ഗോഗോയാണ് ഫാറൂഖ് അഹ്മദ് ധര്‍ എന്ന കശ്മീരി യുവാവിനെ ജീപ്പിന് മുന്നില്‍ കെട്ടിയത്. ‘മെഡല്‍ നേട്ടത്തിന് അഭിനന്ദനങ്ങള്‍, മേജര്‍ നിതിന്‍ ഗോഗായ്. സൈനികരെയും മറ്റും സുരക്ഷിതരാക്കാന്‍ മികച്ച പ്രവര്‍ത്തനമാണ് കാഴ്ച വെച്ചത്-സെവാഗ് ട്വിറ്ററില്‍ കുറിച്ചു.

സംഭവം വിവാദമായതോടെ സൈനിക വിഭാഗം പ്രത്യേക അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. വിവാദ പ്രവൃത്തി സംബന്ധിച്ച സൈനികക്കോടതി അന്വേഷണം നടക്കുന്നതിനിടെ ഭീകര വിരുദ്ധ പോരാട്ടങ്ങള്‍ക്ക് നല്‍കിയ സംഭാവനകള്‍ കണക്കിലെടുത്ത് മേജര്‍ പുരസ്‌കാരത്തിന് അര്‍ഹനായി. പുരസ്‌കാര വാര്‍ത്തക്ക് പിന്നാലെയാണ് ഇപ്പോള്‍ മുന്‍ ഇന്ത്യന്‍ താരത്തിന്റെ അഭിപ്രായ പ്രകടനം.