പമ്പ: സംഘര്‍ഷ ഭീതിയും നിയന്ത്രണങ്ങളും ഒഴിഞ്ഞതോടെ ശബരിമലയില്‍ നേരിയ തോതില്‍ ഭക്തജനത്തിരക്ക് വര്‍ധിച്ചു. കഴിഞ്ഞ ദിവസങ്ങളില്‍ ശരാശരി മുപ്പതിനായിരം പേരാണ് എത്തിയതെങ്കില്‍ ഇന്നലെ ഉച്ച കൊണ്ട് തന്നെ അത് മറികടന്നു. അന്യ സംസ്ഥാനത്ത് നിന്നുള്ള ഭക്തന്മാരാണ് കൂടുതലായി എത്തിയതെങ്കില്‍ ഇന്നലെ മലയാളികളും ഏറിയ തോതില്‍ എത്തിത്തുടങ്ങി. മണ്ഡലകാലത്തിന്റെ ആറാം ദിനമായ വ്യാഴാഴ്ച തിരക്കൊഴിഞ്ഞായിരുന്നു സന്നിധാനം. എന്നാല്‍ വൈകിട്ടോടെ തന്നെ എരുമേലിയിലും പമ്പയിലും തിരക്കില്‍ നേരിയ വര്‍ധന കണ്ട് തുടങ്ങിയിരുന്നു. നിയന്ത്രണങ്ങള്‍ കുറച്ചതോടെ പ്രതിഷേധങ്ങളും കുറയുമെന്നാണ് പ്രതീക്ഷിക്കുന്നത്.

അതേസമയം തീര്‍ത്ഥാടകരുടെ എണ്ണം വര്‍ദ്ധിച്ചതോടെ ബേസ് ക്യാമ്പായ നിലയ്ക്കലില്‍ വാഹന പാര്‍ക്കിങിന് ബുദ്ധിമുട്ടുന്നതായി റിപ്പോര്‍ട്ട്. റബ്ബര്‍ മരങ്ങള്‍ മുറിച്ചു മാറ്റി പാര്‍ക്കിംഗ് സ്ഥലം കണ്ടെത്താനുള്ള പദ്ധതി ഇഴഞ്ഞ് നീങ്ങുകയാണ്. മകര വിളക്കിന് മുന്‍പ് കൂടുതല്‍ സ്ഥലം ലഭ്യമാക്കുമെന്നാണ് നിലയ്ക്കല്‍ എക്‌സിക്യൂട്ടീവ് എഞ്ചിനീയറുടെ ഇക്കാര്യത്തിലെ വിശദീകരണം.

കഴിഞ്ഞ രണ്ട് ദിവസമായി നിലയ്ക്കലിലെത്തുന്ന സ്വകാര്യ വാഹനങ്ങളിലെ ഡ്രൈവര്‍മാര്‍ ബുദ്ധിമുട്ടുകയാണ് . സംഘര്‍ഷമൊക്കെ മാറി കൂടുതല്‍ തീര്‍ത്ഥാടകര്‍ എത്തിയപ്പോള്‍ ആവശ്യത്തിന് പാര്‍ക്കിഗ് സ്ഥലമില്ല. ഇത്തവണ പമ്പയിലേക്ക് സ്വകാര്യ വാഹനങ്ങളെ കടത്തി വിടാത്തതിനാല്‍ നിലയ്ക്കലാണ് ഏവരുടേയും ആശ്രയം.

15000 വാഹനങ്ങള്‍ ഒരേ സമയം പാര്‍ക്ക് ചെയ്യനുള്ള സൗകര്യമാണ് ഇവിടെയുള്ളത്. എന്നാല്‍ പൊലിസിന്റെ കണക്കനുസരിച്ച് കഴിഞ്ഞ മൂന്ന് ദിവസം നിലയ്ക്കലെത്തിയത് 21000 വാഹനങ്ങളാണ്. ബേസ് ക്യാമ്പ് ആക്കി മാറ്റിയതോടെ 2400 റബ്ബര്‍ മരങ്ങള്‍ മുറിച്ച് മാറ്റി പാര്‍ക്കിംഗിന് സ്ഥലം കണ്ടെത്താന്‍ ശ്രമം നടത്തുന്നുണ്ടെങ്കിലും നടപ്പായില്ല. മുറിച്ച മരങ്ങളുടെ ശിഖരങ്ങള്‍ അവിടത്തന്നെ കൂട്ടിയിട്ടിരിക്കുന്നു. ഈ സ്ഥലങ്ങളൊന്നും നിരപ്പാക്കിയിട്ടുമില്ല.

രാത്രിയും പകലുമായുള്ള നിയന്ത്രണങ്ങള്‍ മാറ്റി നിലയ്ക്കല്‍ പമ്പ എന്നിവിടങ്ങളില്‍ നിന്ന് തീര്‍ത്ഥാടകരെ കയറ്റി വിടുന്നുണ്ട്. നടപ്പന്തലിലും ഉറങ്ങാനാവാത്തതും വാവര് സ്വാമി നടക്ക് മുന്നില്‍ വിരിവയ്ക്കാനാവാത്തതുമാണ് ഏക നിയന്ത്രണം. നാമജപ കൂട്ടായ്മകളുണ്ടങ്കിലും സംഘര്‍ഷങ്ങള്‍ക്ക് വഴിവയ്ക്കാത്തതിനാല്‍ സന്നിധാനം ശാന്തവുമാണ്. ശബരിമലയിലെത്തുന്ന പലരും ആശങ്കകളൊഴിഞ്ഞാണ് മടങ്ങുന്നത്.

ഇതേ സമയം മണ്ഡലമകരവിളക്ക് തീര്‍ഥാടനകാലത്ത് ദേവസ്വം ബോര്‍ഡിന്റെ ആദ്യ ആറു ദിവസത്തെ വരുമാനത്തില്‍ 14.34 കോടി രൂപയുടെ ഇടിവുണ്ടായതായി കണക്കുകള്‍ പുറത്ത് വന്നിട്ടുണ്ട്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് വരുമാനം മൂന്നിലൊന്നിനും താഴെയായി. വ്യാഴാഴ്ച വരെയുള്ള ആകെ വരുമാനം 8.48 കോടി രൂപ മാത്രമാണ്. കഴിഞ്ഞവര്‍ഷം ഇതേ ദിവസം വരെ 22.82 കോടി രൂപയായിരുന്നു വരുമാനം. ശബരിമലയിലെ നിയന്ത്രണങ്ങള്‍ ദേവസ്വം ബോര്‍ഡിനെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്കാണ് കൊണ്ടുപോകുന്നതെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത് .