ഡല്‍ഹി: കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ ഇന്ന് അവതരിപ്പിച്ച ബജറ്റില്‍ വെഹിക്കിള്‍ സ്‌ക്രാപ്പിങ്ങ് പോളിസിയും. സ്വകാര്യ വാഹനങ്ങള്‍ക്ക് 20 വര്‍ഷവും വാണിജ്യ വാഹനങ്ങള്‍ക്ക് 15 വര്‍ഷവുമാണ് കാലാവധി. തുടര്‍ന്ന് ഇത്തരം വാഹനങ്ങള്‍ ഓട്ടോമേറ്റഡ് ഫിറ്റ്‌നസ് സെന്ററുകളില്‍ പരിശോധനക്ക് വിധേയമാക്കി പൊളിശാലകള്‍ക്ക് കൈമാറും.

ഇതോടെ വാഹന വിപണിയില്‍ വന്‍ കുതിച്ചു ചാട്ടം ഉണ്ടാകുമെന്നാണ് വ്യവസായലോകം പ്രതീക്ഷിക്കുന്നത്. പഴയവാഹനങ്ങള്‍ കണ്ടം ചെയ്യുന്നതോടെ പുതിയ വാഹനങ്ങള്‍ക്ക് ആവശ്യകത വര്‍ധിക്കുകയും 43,000 കോടി രൂപയുടെ ബിസിനസ് അവസരം ലഭിക്കുകയും ചെയ്യുമെന്നാണ് നിഗമനം.

15 വര്‍ഷം പഴക്കമുള്ള സര്‍ക്കാര്‍ വാഹനങ്ങളും പൊതുമേഖലാ വാഹനങ്ങളുംസ്‌ക്രാപ് വിഭാഗത്തില്‍ ഉള്‍പ്പെടുത്തി നീക്കം ചെയ്യും. 2022 മുതലാണ് നയം നടപ്പിലാക്കുന്നത്.അടുത്തിടെ ബോംബെ ഐ.ഐ.ടിയുടെ പഠനമനുസരിച്ച് അന്തരീക്ഷ മലിനീകരണത്തിന്റെ 70 ശതമാനവും വാഹനങ്ങളില്‍ നിന്നും പുറം തള്ളുന്ന പുകമൂലമാണെന്ന് കണ്ടെത്തിയിരുന്നു.

സ്‌ക്രാപ് പോളിസിയിലൂടെ പുനരുപയോഗം ചെയ്യാന്‍ സാധിക്കുന്ന അസംസ്‌കൃത വസ്തുക്കള്‍ ലഭ്യമാകുമെന്നും കണക്കാക്കുന്നുണ്ട്. ഇതിലൂടെ വാഹനങ്ങളുടെ വില 30 ശതമാനം കുറയ്ക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷ. സ്റ്റീലിനുള്ള എക്‌സൈസ് തീരുവയും 2021 ബജറ്റില്‍ കുറച്ചിട്ടുണ്ട്.