ഇന്‍ഡോര്‍: നടി വിദ്യാ ബാലന്‍ മന്ത്രിയുടെ അത്താഴവിരുന്നിനുള്ള ക്ഷണം നിരസിച്ചതിനെ തുടര്‍ന്ന് ഷൂട്ടിങ് തടഞ്ഞതായി ആരോപണം. ‘ഷേര്‍ണി’ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങാണു മധ്യപ്രദേശില്‍ നടക്കുന്നത്. വനമേഖലയിലെ ചിത്രീകരണത്തിനായി കഴിഞ്ഞ കുറച്ച് ആഴ്ചകളായി വിദ്യാ ബാലന്‍ മധ്യപ്രദേശിലുണ്ട്.

ഇതിനിടയിലാണ് മധ്യപ്രദേശ് പ്രവാസികാര്യമന്ത്രി വിജയ് ഷാ, വിദ്യാ ബാലനെ അത്താഴ വിരുന്നിനു ക്ഷണിച്ചത്. വിദ്യ ക്ഷണം നിരസിച്ചു. തൊട്ടടുത്ത ദിവസം തന്നെ വനമേഖലയിലേക്കു ഷൂട്ടിങ്ങിനായി പോയ പ്രൊഡക്ഷന്‍ സംഘത്തിന്റെ വാഹനങ്ങള്‍ വനംവകുപ്പ് തടഞ്ഞു.

രണ്ടു വാഹനങ്ങള്‍ മാത്രമേ അനുവദിക്കാനാവുകയുള്ളുവെന്ന് ഡിഎഫ്ഒ അറിയിച്ചതോടെ ഷൂട്ടിങ് മുടങ്ങി. എന്നാല്‍ ആരോപണം മന്ത്രി നിഷേധിച്ചു. താനാണ് ക്ഷണം നിരസിച്ചതെന്നും മന്ത്രി പറഞ്ഞു. മഹാരാഷ്ട്രയില്‍ ചെല്ലുമ്പോള്‍ കാണാമെന്ന് അറിയിച്ചിരുന്നുവെന്നും മന്ത്രി പറഞ്ഞു. എന്നാല്‍ ഷൂട്ടിങ് തടഞ്ഞതുമായി ബന്ധപ്പെട്ട് ഇതിനോടകം തന്നെ സമൂഹമാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയാണ് അരങ്ങേറുന്നത്.