കൊച്ചി: ഗായകന്‍ എം.ജി ശ്രീകുമാര്‍ അനധികൃതമായി കെട്ടിടം നിര്‍മ്മിച്ചെന്ന കേസില്‍ ത്വരിതാന്വേഷണം നടത്താന്‍ മൂവാറ്റുപുഴ വിജിലന്‍സ് കോടതി ഉത്തരവിട്ടു. ബോള്‍ഗാട്ടി പാലസിന് സമീപമാണ് എം.ജി ശ്രീകുമാര്‍ അനധികൃതമായി നിര്‍മ്മിച്ചുവെന്ന പരാതിക്കടിസ്ഥാനമുള്ള കെട്ടിടം. കൊച്ചി കളമശ്ശേരി സ്വദേശി ഗിരീഷ് ബാബു നല്‍കിയ പരാതിയിലാണ് കോടതി ഉത്തരവ്.

കേസില്‍ അന്വേഷണം നടത്തി ഫെബ്രുവരി 19നു മുന്‍പ് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ എറണാകുളം വിജിലന്‍സ് യൂണിറ്റിന് നിര്‍ദേശം നല്‍കി. എറണാകുളം വില്ലേജിലെ മുളവുകാട് വില്ലേജില്‍ 11.50 സെന്റ് സ്ഥലം 2010 ല്‍ എം.ജി ശ്രീകുമാര്‍ വാങ്ങിയിരുന്നു. ഇവിടെ തീരദേശ പരിപാലന ചട്ടം ലംഘിച്ചും കേരള പഞ്ചായത്ത് രാജ് നിര്‍മ്മാണ ചട്ടം ലംഘിച്ചും കെട്ടിട നിര്‍മ്മാണം നടത്തിയെന്നാണ് കേസ്. മുളവുകാട് പഞ്ചായത്ത് അസ്സിസ്റ്റന്റ് എന്‍ജിനീയര്‍ നിയമ വിരുദ്ധമായി കെട്ടിടം നിര്‍മ്മിക്കാന്‍ അനുമതി നല്‍കിയെന്നു പഞ്ചായത്ത് സെക്രട്ടറി ഇതിനെതിരെ നടപടിയെടുത്തില്ലെന്നും പരാതിയില്‍ പറയുന്നുണ്ട്.