ലണ്ടന്‍: ഇംഗ്ലണ്ടിലെ ഓവല്‍ സ്‌റ്റേഡിയത്തില്‍ നടന്ന ഇന്ത്യ-ദക്ഷിണാഫ്രിക്ക ചാമ്പ്യന്‍സ് ട്രോഫി മത്സരം കാണാനെത്തിയ വിവാദ വ്യവസായി വിജയ് മല്യക്ക് ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകരുടെ പരിഹാസം.

ഓവല്‍ ഗ്രൗണ്ടിലെത്തിയ മല്യയെ കണ്ടതോടെ ആരാധകര്‍ കള്ളന്‍ കള്ളന്‍ എന്നും ദാ കള്ളന്‍ പോകുന്നുവെന്നും ആക്ഷേപിച്ചു. തുടര്‍ന്ന് പിന്നാലെ കൂടിയവര്‍ ദൃശ്യങ്ങള്‍ ഫോണില്‍ പകര്‍ത്തുകയും കൂകി വിളിക്കുകയുമായിരുന്നു.

മല്യ സ്റ്റേഡിയത്തിലേക്ക് കടക്കുമ്പോള്‍ കള്ളന്‍, കള്ളന്‍ എന്നു വിളിച്ച് ആരാധകര്‍ പരിഹസിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.

അപമാനം സഹിക്കാന്‍ ആവാതെ ആരാധകര്‍ക്കിടയില്‍ നിന്നും മല്യ തിരക്കിട്ട് നടന്നു നീങ്ങുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. ചിലര്‍ മല്യക്കടുത്തെത്തി സെല്‍ഫി എടുക്കുകയും ചെയ്തു.
കഴിഞ്ഞ ദിവസം നടന്ന ഇന്ത്യ-പാകിസ്താന്‍ മത്സരം കാണാന്‍ മല്ല്യയെത്തിയത് വാര്‍ത്തയായിരുന്നു. മത്സരശേഷം ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി നടത്തിയ ചാരിറ്റി വിരുന്നിലും മല്യ പങ്കെടുത്തിരുന്നു.

സംഭവം വിവാദമായതോടെ, ക്ഷണമില്ലാതെയാണ് മല്യ ചടങ്ങിലെത്തിയതെന്ന് ബിസിസിഐ വിശദീകരിച്ചിരുന്നു. അതേസമയം, ഇന്ത്യയുടെ എല്ലാ മത്സരങ്ങളും കാണാന്‍ താന്‍ എത്തുമെന്ന് മല്ല്യ ട്വിറ്ററിലൂടെ അറിയിച്ചു. ഇതിനിടെയാണ് ആരാധകരുടെ പരിഹാസം.

ഇന്ത്യയുടെ പിടികിട്ടാപ്പുള്ളി

വിവിധ ബാങ്കുകളില്‍ നിന്ന് 9000 കോടിയോളം രൂപ വായ്പയെടുത്ത് മുങ്ങിയ കിങ്ഫിഷര്‍ എയര്‍ലൈന്‍സ് ഉടമ വിജയ് മല്യ ഇന്ത്യയുടെ പിടികിട്ടാപ്പുള്ളിയാണ്. ഇംഗ്ലണ്ടില്‍ അഭയം തേടിയ മല്യയെ വിട്ടുകിട്ടാനുള്ള ശ്രമങ്ങള്‍ തുടരുകയാണിപ്പോള്‍.

watch video: