തിരുവനന്തപുരം:ബാര്‍ കോഴക്കേസില്‍ വീണ്ടും മലക്കംമറിഞ്ഞ് എല്‍ഡിഎഫ് കണ്‍വീനര്‍ എ.വിജയരാഘവന്‍. കെ.എം മാണിയല്ല ഉമ്മന്‍ ചാണ്ടിയാണ് യഥാര്‍ത്ഥ പ്രതിയെന്നാണ് വിജരാഘവന്റെ പുതിയ കണ്ടെത്തല്‍. കെ.എം മാണിയെ പ്രതിയാക്കിയത് ഉമ്മന്‍ ചാണ്ടിയാണ്. കെ.എം മാണിയുടെ കുടുംബത്തോട് ഉമ്മന്‍ ചാണ്ടി മാപ്പ് പറയണമെന്നും വിജയരാഘവന്‍ പറഞ്ഞു.

ജോസ് കെ മാണി പക്ഷത്തിന്റെ എല്‍ഡിഎഫ് പ്രവേശനം സംബന്ധിച്ച ചര്‍ച്ചകള്‍ തുടങ്ങിയതോടെയാണ് സിപിഎം നേതൃത്വം പ്രതിക്കൂട്ടിലായത്. ബാര്‍ കോഴക്കേസില്‍ കെ.എം മാണി കുറ്റക്കാരനല്ലെന്ന് അറിയാമായിരുന്നു എന്നാണ് വിജയരാഘവന്‍ കഴിഞ്ഞ ദിവസം പറഞ്ഞത്. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാറിന്റെ കാലത്ത് തങ്ങള്‍ നടത്തിയതെല്ലാം വെറും നാടകമായിരുന്നു എന്ന തുറന്നുപറച്ചില്‍ വിവാദമായതോടെയാണ് വിജയരാഘവന്‍ പുതിയ വിശദീകരണവുമായി രംഗത്ത് വന്നിരിക്കുന്നത്.

അതേസമയം കെ.എം മാണി കുറ്റക്കാരനല്ലെന്ന വിജയരാഘവന്റെ പ്രസ്താവന കെ.എം മാണിക്കുള്ള മരണാനന്തര ബഹുമതിയാണെന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞു. കെ.എം മാണി ജീവിച്ചിരുന്നപ്പോള്‍ ഈ വെളിപ്പെടുത്തില്‍ നടത്തിയിരുന്നെങ്കില്‍ അത്രയും ആശ്വാസമാകുമായിരുന്നു. കുറ്റക്കാരനല്ലെന്ന് അറിഞ്ഞുകൊണ്ടാണ് കെ.എം മാണിക്കെതിരെ പ്രാകൃതമായ സമരമുറകള്‍ അഴിച്ചുവിട്ടത്. സിപിഎം നടത്തിയ ഈ വെളിപ്പെടുത്തല്‍ യുഡിഎഫ് ഏറ്റെടുക്കണം. യുഡിഎഫ് മന്ത്രിസഭയ്ക്കും യുഡിഎഫിന്റെ ധനമന്ത്രിക്കും എതിരേയാണ് ഇടതുപക്ഷം അടിസ്ഥാനരഹിതമായ ആരോപണം ഉന്നയിച്ചതെന്നും ഉമ്മന്‍ ചാണ്ടി ചൂണ്ടിക്കാട്ടി.