അഹമ്മദാബാദ്: ഉത്തര്‍പ്രദേശില്‍ ചാണകംമൂടി ചികിത്സയെ തുടര്‍ന്ന് അവശനിലയിലായ യുവതി മരിച്ചു. 35കാരിയായ ദേവേന്ദ്രിയാണ് മരണമടഞ്ഞത്. പാമ്പു കടിയേറ്റതിനെത്തുടര്‍ന്ന് യുവതി ചാണകം കൊണ്ട് മൂടിയുള്ള ചികിത്സയിലായിരുന്നു.

ശ്വാസം മുട്ടിയാണ് യുവതി മരിച്ചതെന്ന് പൊലീസ് പറഞ്ഞു. യോഗി ആദിത്യനാഥ് മുഖ്യമന്ത്രിയായ യു.പിയെ ബുലാന്ദ്ഷഹറിലാണ് വിചിത്രമായ ചികിത്സ നടന്നത്. പാമ്പു കടിയേറ്റ യുവതിയെ ഭര്‍ത്താവ് ശരീരം മുഴുവന്‍ ചാണകം മൂടി ചികിത്സിക്കുകയായിരുന്നു.

ഭക്ഷണം പാകം ചെയ്യുന്നതിന് വിറകുകള്‍ ശേഖരിക്കുന്നതിനിടെയാണ് യുവതിക്കു പാമ്പു കടിയേറ്റത്. സംഭവം അറിഞ്ഞ ഭര്‍ത്താവ് വിഷം പുറത്തെടുക്കുന്നതിന് പാമ്പാട്ടിയെ സമീപിച്ചു. ഇയാളുടെ നിര്‍ദേശപ്രകാരമാണ് ഭാര്യയുടെ ശരീരമാസകലം ചാണകം കൊണ്ടു മൂടിയത്. നിമിഷങ്ങള്‍ക്കകം ഇവര്‍ മരിച്ചു.