ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ടെസ്റ്റ് മത്സരത്തില്‍ ഇന്ത്യ ശക്തമായ നിലയില്‍. നിലവില്‍ ഒന്നാം ഇന്നിങ്‌സില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ 370 റണ്‍സ് നേടിയിട്ടുണ്ട്. ഓപ്പണര്‍ മായാങ്ക് അഗര്‍വാളിനു പിന്നാലെ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിയും സെഞ്ചുറി സ്വന്തമാക്കി. ടെസ്റ്റ് കരിയറിലെ 26ാമത്തെ സെഞ്ചുറിയാണ് കോഹ്‌ലി ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ടെസ്റ്റില്‍ നേടിയത്. ഇതോടെ രാജ്യാന്തര ക്രിക്കറ്റില്‍ കോഹ്‌ലി നേടുന്ന സെഞ്ചുറികളുടെ എണ്ണം 69 ആയി.

ആദ്യ ദിനം കളി അവസാനിപ്പിക്കുമ്പോള്‍ ഇന്ത്യ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 273 റണ്‍സെന്ന നിലയിലായിരുന്നു. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ് തുടങ്ങിയ ഇന്ത്യക്ക് തുടക്കത്തില്‍ തന്നെ രോഹിത് ശര്‍മ്മയെ നഷ്ടമായി. രണ്ടാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന മായങ്ക് – പൂജാര സഖ്യമാണ് ഇന്ത്യന്‍ ഇന്നിങ്‌സിന് അടിത്തറ പാകിയത്. സെഞ്ചുറിയുമായി മുന്നേറിയ കൂട്ടുകെട്ട് തകര്‍ത്തതും റബാഡയായിരുന്നു. മൂന്നു മത്സരങ്ങള്‍ അടങ്ങുന്ന ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യയാണ് മുന്നില്‍. വിശാഖപട്ടണത്ത് നടന്ന ആദ്യ ടെസ്റ്റില്‍ ഇന്ത്യ 203 റണ്‍സിന്റെ വമ്പന്‍ ജയമാണ് ഇന്ത്യ സ്വന്തമാക്കിയത്.