X

വിഴിഞ്ഞം സമരത്തിന് അറുതി വരുത്തണം-എഡിറ്റോറിയല്‍

വിഴിഞ്ഞം സമരം ശക്തവും അക്രമാസക്തവുമാവുന്ന കാഴ്ചയാണ് കാണാനാകുന്നത്. കഴിഞ്ഞദിവസം നടന്ന സംഘര്‍ഷത്തിന്റെ പേരില്‍ ബിഷപ്പ് ഉള്‍പെടെയുള്ള വൈദികര്‍ക്കെതിരെ കേസെടുത്തത് രംഗം കൂടുതല്‍ വഷളാക്കിയിരിക്കുകയാണ്. ലത്തീന്‍ അതിരൂപത ആര്‍ച്ച് ബിഷപ് ഡോ. തോമസ് ജെ നെറ്റോ ഒന്നാം പ്രതിയും സഹായ മെത്രാന്‍ ഡോ. ആര്‍ ക്രിസ്തുദാസ് രണ്ടാം പ്രതിയുമായാണ് കേസെടുത്തത്. തീരദേശവാസികളെ ചര്‍ച്ചക്ക് വിളിച്ച് പ്രശ്‌നം തീര്‍ക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കേണ്ടത്. മുഖ്യമന്ത്രി അവരോട് സംസാരിക്കില്ലെന്ന് പറയുന്നത് ധാര്‍ഷ്ട്യമാണ്. തീരദേശവാസികള്‍ സമരം നടത്തിയതിന്റെ പേരില്‍ ഗൂഢാലോചന കേസ് ചുമത്തി ആര്‍ച്ച് ബിഷപിനെ ഒന്നാം പ്രതിയും സഹായ മെത്രാനെ രണ്ടാം പ്രതിയുമാക്കുന്നത് കേട്ടുകേള്‍വിയില്ലാത്ത കാര്യമാണ്.

ഒത്തുതീര്‍പ്പിന് ചെന്ന പള്ളിക്കമ്മിറ്റി ഭാരവാഹികളെ പിടിച്ച് അകത്തിട്ടത് സമരത്തെ പ്രകോപിപ്പിക്കാന്‍ വേണ്ടി മനപ്പൂര്‍വം ചെയ്തതാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. സാധാരണ സമരത്തെ കൈകാര്യം ചെയ്യുന്നത് പോലെ തീരദേശവാസികളുടെ സമരത്തെ നോക്കിക്കാണാനാവില്ല. എല്ലാ വിഷയങ്ങളോടും വൈകാരികമായി പ്രതികരിക്കുന്നവരാണവര്‍. അവരെ പ്രകോപിപ്പിക്കാത്ത, ചര്‍ച്ചക്ക് വിളിച്ച് പ്രശ്‌നം തീര്‍ക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കേണ്ടത്. സമരം അക്രമത്തിലേക്ക് കൊണ്ടുപോകുന്നത് സര്‍ക്കാരാണെന്ന് വ്യക്തമാണ്. പൊലീസ് സ്റ്റേഷന്‍ ആക്രമിക്കുകയും പൊലീസുകാരെ പരിക്കേല്‍പ്പിക്കുകയും ഉള്‍പ്പെടെ നടന്ന അക്രമം സംസ്ഥാന സര്‍ക്കാരിന്റെ അറിവോടെയും പിന്തുണയോടെയുമാണെന്ന് ന്യായമായും സംശയിക്കേണ്ടിയിരിക്കുന്നു. മൂവായിരത്തോളം ആളുകളാണ് സംഘത്തില്‍ ഉണ്ടായിരുന്നതെന്നാണ് സര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞിരിക്കുന്നത്. ഇത്രയും ആളുകള്‍ സംഘടിച്ച് അക്രമം ഉണ്ടാക്കുമെന്ന കാര്യം സംസ്ഥാനത്തെ രഹസ്യാന്വേഷണ വിഭാഗത്തിന് മുന്‍കൂട്ടി മനസ്സിലാക്കാന്‍ കഴിഞ്ഞില്ല എന്നത് വിശ്വസിക്കാന്‍ പ്രയാസമാണ്. സമരത്തിനെതിരെ ഹൈക്കോടതി വിധി ഉണ്ടായിട്ടും അതൊന്നും നടപ്പിലാക്കാന്‍ ഭരണകൂടം യാതൊരു താത്പര്യവും കാട്ടിയില്ല എന്നത് ഗൗരവമേറിയ വിഷയമാണ്. ഭരണ കക്ഷികളായ സി.പി.എമ്മും-ബി.ജെ.പിയും സമരത്തിനെതിരെ ഒന്നിച്ചുനില്‍ക്കുകയാണ്. സമരം പൊളിക്കാനാണ് ഇവരുടെ ശ്രമം. ജനരോഷം സമരക്കാര്‍ക്കെതിരെ തിരിക്കാനാണ് ഇരു പാര്‍ട്ടികളും ശ്രമിക്കുന്നത്. സമരത്തെ ദുര്‍ബലാമാക്കാന്‍ അദാനി- സര്‍ക്കാര്‍ കൂട്ടുകെട്ട് പ്രവര്‍ത്തിക്കുന്നതായി സമരസമിതി കണ്‍വീനര്‍ ഫാ. യൂജിന്‍ പെരേര ആരോപിച്ചതും കണക്കിലെടുക്കേണ്ടതുണ്ട്.

അതേസമയം, സമരത്തിന്റെ പേരില്‍ നടക്കുന്ന അക്രമസംഭവങ്ങളെ ഒരു നിലക്കും പ്രോത്സാഹിപ്പിക്കാനാവില്ല. സമരം ചെയ്യാന്‍ ഏതൊരു പൗരനും സംഘടനക്കും അവകാശമുണ്ട്. പക്ഷേ അത്തരം സമരങ്ങള്‍ വര്‍ഗീയ കലാപം ഉള്‍പ്പെടെയുള്ള പ്രക്ഷോഭത്തിലേക്ക് വഴിമാറുമ്പോള്‍, സമരത്തിന്റെ പ്രസക്തിതന്നെ നഷ്ടമാവുകയാണ്. പൊലീസ് സ്റ്റേഷനു നേരെ മാത്രമല്ല, മറ്റ് സമുദായത്തില്‍പെട്ട ആളുകളും അവരുടെ വീടുകളും അക്രമത്തിനിരയായി എന്നത് ഗൗരവമര്‍ഹിക്കുന്ന വിഷയമാണ്.

തുറമുഖ നിര്‍മാണം കൊണ്ടും പുലിമുട്ട് നിര്‍മാണംകൊണ്ടും പ്രകൃതി വൈരൂപ്യമോ മത്സ്യശോഷണമോ മത്സ്യ ഹാര്‍ബര്‍ ഉപയോഗത്തിന് തടസ്സമോ വരില്ല എന്നാണ് മത്സ്യ തൊഴിലാളികളുടെ ആശങ്കയിലുള്ള സര്‍ക്കാറിന്റെ ഉറപ്പ്. എന്നാല്‍, പുലിമുട്ടിന്റെ മൂന്നിലൊരു ഭാഗം തീര്‍ന്നപ്പോഴേക്കും ആര്‍ച്ച് ബിഷപ്പും മത്സ്യത്തൊഴിലാളികളും ചൂണ്ടിക്കാണിച്ചതുപോലെ അതിരൂക്ഷ പാരിസ്ഥിതികാഘാതങ്ങള്‍ സമുദ്രത്തിലും തീരത്തും ഉണ്ടായി. വിഴിഞ്ഞം ഫിഷിങ് ഹാര്‍ബര്‍ ഉപയോഗശൂന്യമായി. മത്സ്യത്തൊഴിലാളികള്‍ക്ക് അവരുടെ പരമ്പരാഗത മത്സ്യബന്ധനത്തിന് വള്ളം ഇറക്കുന്നതിനോ വല കെട്ടുന്നതിനോ മീന്‍ ഉണക്കുന്നതിനോ കഴിയാത്ത സാഹചര്യവും വന്നു. മത്സ്യ ലഭ്യത വളരെ കുറഞ്ഞതിനാല്‍ വിഴിഞ്ഞം, വലിയ തുറ, ചെറിയ തുറ, ബീമാ പള്ളി, കോവളം, ശംഖുമുഖം തുടങ്ങിയ പ്രദേശങ്ങളിലെ മത്സ്യത്തൊഴിലാളികള്‍ കടക്കെണിയിലായി. മത്സ്യബന്ധനത്തില്‍ വന്‍ ഇടിവാണ് സംഭവിച്ചിരിക്കുന്നത്. ചെറുമീനുകള്‍ ഇല്ലാതാവുകയും ചാള, അയല, ചെമ്മീന്‍, ചെമ്പാന്‍ തുടങ്ങിയവരുടെ ലഭ്യത കുറയുകയും ചെയ്തു. ഇതിനു കാരണം വിഴിഞ്ഞം തീരത്തോടു ചേര്‍ന്ന പാറ അടുക്കുകളുടെ നശീകരണവും കപ്പല്‍ചാല്‍ 20 മീറ്റര്‍ വരെ താഴ്ത്തി എടുക്കാന്‍ ഡ്രഡ്ജിങ് നടത്തിയതുമാണെന്നാണ് മത്സ്യതൊഴിലാളികള്‍ ആരോപിക്കുന്നത്. സമരക്കാരുടെ ആശങ്ക പരിഹരിക്കേണ്ടതുണ്ട്. മര്‍ക്കടമുഷ്ടി ഉപേക്ഷിക്കാന്‍ സര്‍ക്കാര്‍ തയാറാവണം. ചര്‍ച്ചയിലൂടെ പരിഹരിക്കാനാവാത്തതായിട്ടൊന്നുമില്ല. സമരക്കാരെ ഇനിയും പ്രകോപിപ്പിച്ചാല്‍ അത് നാടിനുതന്നെ ആപത്തായിരിക്കുമെന്നെങ്കിലും ഭരണകര്‍ത്താക്കള്‍ ഓര്‍ക്കണം.

web desk 3: