സിനിമാതാരം കമല്‍ഹാസന് പിന്തുണയുമായി കോണ്‍ഗ്രസ് നേതാവ് വി.എം സുധീരന്‍. രാജ്യത്ത് ഹിന്ദുത്വ തീവ്രവാദമുണ്ടെന്ന് പറഞ്ഞതിന് ബി.ജെ.പി നേതാക്കളില്‍ നിന്ന് കമല്‍ഹാസന് വധഭീഷണി നേരിടേണ്ടി വന്നിരുന്നു. കമല്‍ഹാസനെതിരെ വധഭീഷണി മുഴക്കിയ ഹിന്ദുമഹാസഭ നേതാവിനെ പ്രോസിക്യൂട്ട് ചെയ്യണമെന്ന് സുധീരന്‍ പറഞ്ഞു. ഈ വര്‍ഗീയ ഭ്രാന്തനെതിരെ കയ്യോടെ കേസെടുത്തു അറസ്റ്റ് ചെയ്തു നിയമനടപടികളുമായി മുന്നോട്ടുപോകാന്‍ ഭരണാധികാരികള്‍ തയ്യാറാകണമെന്ന് സുധീരന്‍ ആവശ്യപ്പെട്ടു. ഫേസ്ബുക്ക് പോസ്റ്റിലാണ് സുധീരന്റെ ആവശ്യം. കമല്‍ഹാസന്റെ ഉറച്ച നിലപാടിന് സുധീരന്‍ അഭിനന്ദനങ്ങളും നല്‍കിയിട്ടുണ്ട്.

സുധീരന്റെ ഫേസ്ബുക്ക് പോസ്റ്റ്:

‘രാജ്യത്ത് ഹിന്ദു തീവ്രവാദമുണ്ടെന്ന് പറഞ്ഞ നടന്‍ കമല്‍ ഹാസനെ വെടി വെച്ച് കൊല്ലുകയോ തൂക്കിക്കൊല്ലുകയോ ചെയ്യണമെന്ന് പറഞ്ഞ ഹിന്ദുമഹാസഭ നേതാവിനെ പ്രോസിക്യൂട്ട് ചെയ്യണം. ഈ വര്‍ഗീയ ഭ്രാന്തനെതിരെ കയ്യോടെ കേസെടുത്തു അറസ്റ്റ് ചെയ്തു നിയമനടപടികളുമായി മുന്നോട്ടുപോകാന്‍ ഭരണാധികാരികള്‍ തയ്യാറാകണം.
ഇത്തരക്കാരെ വച്ചുപൊറുപ്പിക്കാനാവില്ല. നിലക്ക് നിര്‍ത്തിയേ മതിയാകൂ.

ഇതിനേക്കാള്‍ വലിയ മതഭ്രാന്തന്മാര്‍ അധികാരത്തിലിരിക്കുമ്പോള്‍ നീതി നടപ്പാകുമോ എന്ന് ആശങ്കയുണ്ട്. ഭീഷണികള്‍ ഉറച്ച നിലപാടിനുള്ള സമ്മാനമാണെന്ന് പറഞ്ഞ കമല്‍ ഹാസന്റെ ധീര നിലപാടിന് അഭിവാദ്യങ്ങള്‍.’