തിരുവനന്തപുരം: മുന്‍.കെ.പി.സി.സി അധ്യക്ഷനും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ വി.എം സുധീരന്റെ വീടിന് സമീപം കൂടോത്രമെന്ന് സംശയിക്കുന്ന വസ്തുക്കള്‍ കണ്ടെടുത്ത സംഭവത്തില്‍ കേസെടുക്കാന്‍ വകുപ്പില്ലെന്ന് പൊലീസ്. കൂടോത്രത്തില്‍ കേസെടുക്കാനുള്ള വകുപ്പ് നിയമത്തില്‍ ഇല്ലെന്ന് പൊലീസ് സുധീരനെ അറിയിച്ചു.

കഴിഞ്ഞ ദിവസമാണ് പരാതിക്ക് അടിസ്ഥാനമായ സംഭവം നടന്നത്. വീടിന് സമീപം വാഴച്ചുവട്ടില്‍ നിന്നും കുപ്പിയില്‍ സംശകരമായ രീതിയില്‍ ചില വസ്തുക്കള്‍ കണ്ടെടുക്കുകയായിരുന്നു. ഇത് സുധീരന്‍ മെഡിക്കല്‍ കോളജ് പൊലീസിനെ ഏല്‍പ്പിക്കുകയായിരുന്നു. സംഭവത്തില്‍ പരാതി നല്‍കില്ലെന്ന് സുധീരന്‍ പറഞ്ഞിരുന്നു. എന്നാല്‍ തങ്ങള്‍ക്ക് പരാതി ലഭിച്ചെന്ന സൂചനയാണ് പൊലീസ് നല്‍കുന്നത്. അതേസമയം, ഈ ദിവസങ്ങളിലായി വീടിനു സമീപത്ത് അജ്ഞാതര്‍ വന്നോ എന്ന് പരിശോധിക്കാനാണ് പൊലീസ് തീരുമാനം. സംഭവത്തില്‍ കേസെടുക്കാനുള്ള വകുപ്പ് നിയമത്തിലില്ലെന്നും പൊലീസ് അറിയിച്ചിട്ടുണ്ട്.

ഇത് ഒമ്പതാം തവണയാണ് ഇത്തരത്തിലുള്ള വസ്തുക്കള്‍ വീടിന് സമീപത്തു നിന്നും കണ്ടെത്തുന്നതെന്ന് എന്നു സുധീരന്‍ വ്യക്തമാക്കിയിരുന്നു. ഇതെല്ലാം ഒരു പാഴ്‌വേലയായിട്ടാണ് ഇപ്പോഴും കാണുന്നത്. തുടര്‍ച്ചയായി വന്നതുകൊണ്ടാണ് ഇത്തവണ ഇത് എല്ലാവരെയും അറിയിക്കണമെന്ന് തോന്നിയതെന്നും സുധീരന്‍ പറഞ്ഞു. ഫേസ്ബുക്കില്‍ ചിത്രമുള്‍പ്പെടെ സുധീരന്‍ പോസ്റ്റ് ചെയ്തിരുന്നു.