ന്യൂഡല്‍ഹി: ഇലക്ട്രോണിക് വോട്ടിങ് മെഷീനില്‍ ക്രമക്കേട് നടന്നുവെന്ന ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ യോഗം വിളിച്ചേക്കും. നേരത്തെയുണ്ടായിരുന്ന ബാലറ്റ് പേപ്പര്‍ സംവിധാനത്തിലേക്ക് മാറണമെന്ന സമ്മര്‍ദ്ദം ശക്തമാകുന്ന പശ്ചാത്തലത്തിലാണ് കമ്മീഷന്റെ നീക്കം. ബാലറ്റ് പേപ്പറിലേക്ക് മാറുന്നതിനോട് തെരഞ്ഞെടുപ്പ് കമ്മീഷന് അനുകൂല സമീപനമല്ല ഉള്ളത്. ഇലക്ട്രോണിക് വോട്ടിങ് മെഷീനുകള്‍ ഹാക്ക് ചെയ്യാനാവില്ലെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് കമ്മീഷന്‍. അതേസമയം കമ്മീഷന്റെ നിലപാടിനെതിരെ കോണ്‍ഗ്രസ്, എ.എ.പി, ബി.എസ്.പി തുടങ്ങിയ കക്ഷികള്‍ ശക്തമായി രംഗത്തെത്തിയിട്ടുണ്ട്.

ബാലറ്റ് പേപ്പര്‍ സംവിധാനത്തിലേക്കു മാറുന്നതിന് നിയമ ഭേദഗതി ആവശ്യമില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗം വ്യക്തമാക്കി. ഇലക്ട്രോണിക് വോട്ടിങ് മെഷീനുകള്‍ ജനവിധിക്ക് ഉപയോഗിക്കുന്നതിനായി 1988ലാണ് നിയമഭേദഗതി കൊണ്ടുവന്നത്. 1951ലെ ജനപ്രാതിനിധ്യ നിയമത്തില്‍ 61 എ നമ്പറില്‍ പുതിയ വകുപ്പ് എഴുതിച്ചേര്‍ത്താണ് വോട്ടിങ് മെഷീന്‍ ഉപയോഗിക്കുന്നതിന് വഴിയൊരുക്കിയത്. എന്നാല്‍ ബാലറ്റ് ബോക്‌സോ(വോട്ടിങ് മെഷീന്‍) ബാലറ്റ് പേപ്പറോ ഉപയോഗിച്ച് തെരഞ്ഞെടുപ്പ് നടത്താമെന്നും ഇക്കാര്യം തീരുമാനിക്കാനുള്ള പൂര്‍ണ അധികാരം തെരഞ്ഞെടുപ്പ് കമ്മീഷനാണെന്നും ഈ വകുപ്പില്‍ പറയുന്നുണ്ട്. അതുകൊണ്ടുതന്നെ ബാലറ്റ് പേപ്പര്‍ ഉപയോഗിക്കുന്നതിന് നിയമ ഭേദഗതി ആവശ്യമില്ലെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം മാത്രം മതിയെന്നും കമ്മീഷന്‍ അംഗം വിശദീകരിച്ചു.
2009ലെ പൊതുതെരഞ്ഞെടുപ്പിലാണ് രാജ്യത്ത് ആദ്യമായി ഇല്‌ക്ട്രോണിക് വോട്ടിങ് മെഷീന്‍ ഉപയോഗിച്ചത്. എന്നാല്‍ അടുത്തിടെ ഉത്തര്‍പ്രദേശ് ഉള്‍പ്പെടെ അഞ്ചു സംസ്ഥാന നിയമസഭകളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ വോട്ടിങ് മെഷീനില്‍ കൃത്രിമം നടന്നിട്ടുണ്ടെന്ന ആരോപണവുമായി ബി.എസ്.പി രംഗത്തെത്തിയതോടെ പുതിയ വിവാദങ്ങള്‍ക്ക് വഴിയൊരുങ്ങുകയായിരുന്നു. കോണ്‍ഗ്രസും എ.എ.പിയും ആരോപണം ഏറ്റു പിടിച്ചതോടെ ദേശീയ തലത്തില്‍തന്നെ ഇത് വലിയ ചര്‍ച്ചയായി.
തെരഞ്ഞെടുപ്പ് കമ്മീഷന്‍ ജനാധിപത്യ സംവിധാനത്തിന്റെ നിരീക്ഷകന്‍ മാത്രമാണെന്നും നിയന്ത്രണാധികാരമുള്ള ഏജന്‍സിയല്ലെന്നും കോണ്‍ഗ്രസ് തുറന്നടിച്ചു. ബാലറ്റ് പേപ്പറിലേക്ക് മാറാന്‍ വിമുഖത കാണിക്കുന്ന പശ്ചാത്തലത്തിലായിരുന്നു കമ്മീഷനെതിരെയുള്ള കോണ്‍ഗ്രസിന്റെ കടന്നാക്രമണം. വോട്ടിങ് മെഷീനില്‍നിന്ന് ബാലറ്റ് പേപ്പറിലേക്ക് മാറുന്നതിനുള്ള സാധ്യത കമ്മീഷന്‍ പരിശോധിക്കണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. മൂന്നു മണിക്കൂര്‍ സമയം നല്‍കിയാല്‍ വോട്ടിങ് മെഷീനില്‍ നടന്ന കൃത്രിമം തെളിയിക്കാന്‍ തയ്യാറാണെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്്‌രിവാളും വെല്ലുവിളിച്ചിരുന്നു. വോട്ടിങ് മെഷീനുകളുടെ സുതാര്യതയില്‍ സംശയം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഡല്‍ഹി മുനിസിപ്പല്‍ തെരഞ്ഞെടുപ്പ് നീട്ടിവെക്കണമെന്ന ആവശ്യവും കെജ്‌രിവാള്‍ ഉന്നയിച്ചിട്ടുണ്ട്.
അതേസമയം ബാലറ്റ് പേപ്പര്‍ ആവശ്യം തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇതുവരേയും അംഗീകരിച്ചിട്ടില്ല. വോട്ടിങ് മെഷീനുകള്‍ ഉപയോഗിച്ച് ഒന്നിലധികം തെരഞ്ഞെടുപ്പുകള്‍ വിജയകരമായി നടത്തിക്കഴിഞ്ഞുവെന്നാണ് കമ്മീഷന്റെ അവകാശവാദം. കൂടുതല്‍ സൗകര്യപ്രദവും സുരക്ഷിതവും ജനങ്ങള്‍ക്ക് വോട്ടു ചെയ്യാന്‍ എളുപ്പമുള്ളതുമാണ് വോട്ടിങ് മെഷീനുകള്‍. തെരഞ്ഞെടുപ്പ് ഇത്ര വേഗത്തിലും സുരക്ഷിതവുമായത് വോട്ടിങ് മെഷീനുകള്‍ വന്ന ശേഷമാണെന്നും കമ്മീഷന്‍ അംഗം വാദിച്ചു.