Connect with us

Video Stories

മതേതര ഇന്ത്യയിലെ ഖാഇദേമില്ലത്ത് മാര്‍ഗം

Published

on

ടി.എ അഹമ്മദ് കബീര്‍
ഖാഇദേമില്ലത്തിന്റെ ഓര്‍മ്മകള്‍ ഒരിക്കല്‍കൂടി കടന്നുവന്ന സന്ദര്‍ഭം എത്ര പ്രതീകാത്മകമായിരിക്കുന്നു. ഇന്നത്തെ ദേശീയ രാഷ്ട്രീയ സാഹചര്യം ആ വലിയ മനുഷ്യന്റെ സ്വപ്‌നങ്ങളുടെ ആഴം അനാവൃതമാക്കുന്നത് പ്രവചന തുല്യതയോടെയാണ്. അതിനാല്‍ ഈ തെരഞ്ഞെടുപ്പ് വേളയില്‍ നാം അഭിമാന പുരസ്സരം പ്രതിജ്ഞ പുതുക്കാനും ആവേശത്തോടെ പ്രവര്‍ത്തന നിരതരാകാനും തീരുമാനിക്കേണ്ടിയിരിക്കുന്നു.
1972 ഏപ്രില്‍ 5 ബുധനാഴ്ച പുലര്‍ച്ചെ മദ്രാസിലെ സ്റ്റാന്‍ലി മെഡിക്കല്‍ കോളജ് ആസ്പത്രിയില്‍ ആ സംഭവബഹുലമായ ജീവിതത്തിനു തിരശീല താഴ്ന്നതിന്‌ നാല്‍പ്പത്തഞ്ച്‌
വര്‍ഷം പൂര്‍ത്തിയാകുകയാണിന്ന്. എന്നും നമ്മുടെ രാഷ്ട്രീയ ചിന്തകളില്‍ നവ്യാനുഭവത്തിന്റെ ഹൃദ്യത സംഭാവന ചെയ്തിരുന്ന ആ മഹാപുരുഷന്റെ രാഷ്ട്രീയ നിലപാടുകള്‍ ദേശീയ രാഷ്ട്രീയത്തിന്റെ ഭാവപ്പകര്‍ച്ചയില്‍ അന്തംവിട്ട് നില്‍ക്കുന്ന പുതിയ കാലത്തിന് മുന്നില്‍ ഒരുണര്‍ത്തുപാട്ടിന്റെ ജോലികൂടി നിര്‍വഹിക്കുന്നുവെന്നത് ആരെയും അതിശയിപ്പിക്കും.
ഖാഇദെ മില്ലത്തിന്റെ കര്‍മ്മ മണ്ഡലങ്ങളിലൊന്നായിരുന്ന മലപ്പുറം ഒരിക്കല്‍ കൂടി മാതൃക സൃഷ്ടിക്കും. ലോക്‌സഭയിലേക്ക് നടക്കുന്ന ഉപ തെരഞ്ഞെടുപ്പ് ഫലം ഒരു ജനത സ്വാനുഭവങ്ങളിലൂടെ കൈവരിച്ച രഷ്ട്രീയ പ്രബുദ്ധതയുടെ പുതിയ സമവാക്യം രചിക്കലായി മാറും. ഐക്യത്തിന്റെ മാസ്മരികതയെ കുറിച്ച് പൈതൃകമായി ലഭിച്ച ബൗദ്ധിക പരിസരം ഖാഇദേമില്ലത്ത് പഠിപ്പിച്ച രീതിയില്‍ നെഞ്ചേറ്റിയ അവര്‍ ഐക്യത്തിന്റെ വിപുലമായ സാധ്യതകള്‍ സ്വപ്‌നം കാണാന്‍ വിസമ്മതിച്ചതിന് തെളിവുകളുമില്ല.
അഭിമാനകരമായ ജീവിതം ഉറപ്പുവരുത്താന്‍ രാഷ്ട്രീയമായി ഐക്യപ്പെടുക എന്ന ഖാഇദേമില്ലത്തിന്റെ ആഹ്വാനം ശ്രേയസും പ്രേയസും അവകാശമെന്ന നിലക്ക് കരുതി മുന്നേറണമെന്ന ആശയത്തിന്റെ ഉള്ളടക്കം കൊണ്ട് ശ്രദ്ധേയമായിരുന്നു. അങ്ങനെ ജീവിത വീക്ഷണത്തില്‍ അനന്തരം എടുത്ത സ്വാഭിമാനവും ആത്മവിശ്വാസവും നേരിയ പ്രോല്‍സാഹനത്തിന്റെ തണലില്‍ പോലും ആഘോഷമായി അനുഭവിക്കുന്ന ശീലം വ്രതശുദ്ധിയോടെ ഏറ്റെടുത്തവരാണവര്‍ എന്ന് ചരിത്രം സാക്ഷ്യം വഹിക്കുന്നുമുണ്ട്. അത്തരം സന്ദര്‍ഭങ്ങളില്‍ അവര്‍ കാണിച്ച സ്ഥിരചിത്തതയും സമചിത്തതയും പുലര്‍കാല വേളയിലെ പ്രഭാവമായി സംരക്ഷിക്കപ്പെടുന്നത് ഒറ്റപ്പെട്ട സംഭവങ്ങളായിരുന്നില്ല. നവ ആവിഷ്‌ക്കാരങ്ങളിലൂടെയും പുനരാവിഷ്‌ക്കാരങ്ങളിലൂടെയും അവസരം തേടുന്നവര്‍ മാത്രമല്ല അവസരം സൃഷ്ടിക്കുന്നവര്‍ കൂടിയാണെന്ന് പറഞ്ഞ് വെക്കാന്‍ ഒരുതരം വാശി തന്നെ അവര്‍ കാണിച്ചിരുന്നു.
പിഴവുകള്‍ എന്ന് തങ്ങള്‍ കരുതുന്നതിനെതിരെ ഉറച്ച നിലപാടുകളെടുത്ത് വിസ്മയം പണിത ഈ ജനത കാലം കരുതിവെച്ച താക്കീതുകളും ആഹ്വാനങ്ങളും അവഗണിക്കുന്നതില്‍ എപ്പോഴും ക്ഷുഭിതരായിരുന്നു എന്നത് രാഷ്ട്രീയ രംഗത്ത് ഗുണപരമായ ചലനങ്ങള്‍ പരതുന്നവര്‍ക്ക് പകരുന്ന സൂചനകള്‍ ധാരാളം. രാഷ്ട്രീയ പ്രബുദ്ധത വിതക്കുന്ന പുത്തനുണര്‍വ്വ് എത്ര രചനാത്മകമാണെന്ന് വിശദീകരിക്കുന്ന ദിശാബോധമാണത് വിരിയിച്ചത്. നിഷേധാത്മകമോ അന്ധമോ അല്ല തങ്ങളുടെ നിലപാടുകള്‍ക്ക് ആധാരിതമായ ഘടകങ്ങള്‍ എന്ന സന്ദേശം ഇവിടെ പ്രകാശിതമാകുന്നുണ്ട്. ഖാഇദേമില്ലത്തിന്റെ ആശയങ്ങളുടെ സംവേദന ക്ഷമത കാലിക പ്രസക്തിയോടെ ഇന്നും നിലനില്‍ക്കുന്നു എന്ന് ഇത് വ്യക്തമാക്കുന്നു. നമ്മുടെ സാമാജിക പൊതു മണ്ഡലത്തില്‍ സൃഷ്ടിക്കുന്ന നവജാഗരണത്തിന്റെ ഈ കുത്തൊഴുക്ക് ജനായത്തത്തിന്റെ മണ്ണ് അര്‍ത്ഥപൂര്‍ണ്ണമായി പാകപ്പെടുത്തുമെന്ന് പറയാന്‍ വലിയൊരു വിശകലനത്തിന്റെ ആവശ്യകത ഉയര്‍ത്തുന്നില്ല.
തങ്ങളുടെ സൃഷ്ടിപരത വിളയിപ്പിക്കാന്‍ ലഭിച്ച ഒരവസരം പോലും അവര്‍ കണ്ടില്ലെന്ന് നടിച്ചില്ല. രാഷ്ട്ര നിര്‍മ്മാണത്തിന്റെ പൊതുവഴികള്‍ ഉപയോഗപ്പെടുത്തിയും പുതുവഴികള്‍ തുറന്നും അവര്‍ വിസ്മയം തീര്‍ത്തു. തങ്ങള്‍ ഉന്നം വെക്കുന്നതെന്തെന്നും ഊന്നല്‍ കൊടുക്കുന്നത് എന്തിനെന്നും വളച്ചുകെട്ടില്ലാതെ സ്വന്തം പ്രവര്‍ത്തനങ്ങളിലൂടെ അവര്‍ കൃത്യമായി വരച്ച് കാണിക്കാന്‍ പ്രാപ്തി നേടിയത് ഖാഇദേമില്ലത്തിന്റെ കളരിയില്‍ നിന്നായിരുന്നുവല്ലോ?. പ്രാഥമിക വിദ്യാഭ്യാസ മേഖലയില്‍ സി.എച്ച് മുഹമ്മദ് കോയ തുറന്ന വാതിലുകള്‍ ആ ജനതയെ മാറ്റി മറിച്ചു. ഉന്നത വിദ്യാഭ്യാസ രംഗത്ത് നിര്‍മ്മാണത്തിനും പുനര്‍ നിര്‍മ്മാണത്തിനും അവര്‍ അതിരറ്റ ആഹ്ലാദത്തോടെ അടിത്തറ ഒരുക്കുന്നതിന്റെ ആരവം ഉയര്‍ന്ന് കഴിഞ്ഞു.
പെണ്‍കുട്ടികളുടെ ഇടയില്‍ ബിരുദ, ബിരുദാനന്തര ബിരുദ ധാരികളുടെ എണ്ണം പെരുകുന്നതും ആണ്‍ കുട്ടികള്‍ വിവിധ സര്‍വകലാശാലകളില്‍ ഇടം കണ്ടെത്തുന്നതും നിസ്സാര കാര്യമല്ല. ജനകീയാസൂത്രണ മികവിലും പ്രാദേശിക ഭരണകൂടങ്ങളുടെ കാര്യക്ഷമതയിലും ഈ മാറ്റം പ്രകടം. പഞ്ചായത്തീ രാജ്, നഗരപാലികാ നിയമങ്ങള്‍ ജനപക്ഷ സമീപനത്തിന്റെ അടിസ്ഥാനത്തില്‍ വിജയകരമായി നടപ്പാക്കുന്നതില്‍ അവര്‍ കാണിച്ച വൈഭവം രാജ്യമാകെ ചര്‍ച്ചയായി. ജില്ലാ പഞ്ചായത്ത് ആവിഷ്‌ക്കരിച്ച വിജയഭേരി പരിപാടി ഈ ജനതയുടെ ഇച്ഛാശക്തിയുടെ കാഹളം ആയിരുന്നു. സാക്ഷരതയിലും കംപ്യൂട്ടര്‍ സാക്ഷരതയിലും അവര്‍ മുന്നില്‍ വരുന്നത് ഈ ഉണര്‍വിന്റെ പാര്‍ശ്വഫലങ്ങള്‍ മാത്രം. ദേശീയ വിദ്യാഭ്യാസ നയം ഫലപ്രദമായി നടപ്പാക്കുന്നതിലും ജില്ല മുന്നില്‍ വന്നു. സ്ത്രീകള്‍ നേടിയ വളര്‍ച്ച അക്കാര്യം തെളിയിക്കുന്നു.
തത്ത തന്നെ അതിന്റെ കൂട് സ്വന്തം ചിറക് കൊണ്ട് അടിച്ച് തുറക്കണം എന്ന് എം.ആര്‍.ബി പറഞ്ഞത് പോലെ ഈ ജനത അവസരം കണ്ടെത്തുന്നതില്‍ അഭിരുചി ഭേദങ്ങളും ആഖ്യാനഭേദങ്ങളും മാറ്റിമറിച്ച് ചലനനിര്‍ഭരവും വൈവിധ്യ ഭരിതവുമായ ഒരു നവലോക നിര്‍മ്മിതിയുടെ ചെപ്പ് ചുമക്കാന്‍ ത്യാഗപൂര്‍ണ്ണമായ ഒരു മഹായജ്ഞത്തിന്റെ വക്താക്കളായി മാറിയ വിസ്മയക്കാഴ്ച്ച ആരിലും കൗതുകം ഉണര്‍ത്തുന്നതായിരുന്നു. സ്വത്വം സുസ്ഥാപിക്കുമെന്ന പ്രഖ്യാപനമായിരുന്നു ഖാഇദേമില്ലത്തിന്റെ പ്രമേയത്തിന്റെ ഉള്ളടക്കമെന്ന തിരിച്ചറിവായിരുന്നു ഈ തിരിച്ചുവരവിന് പ്രേരകമായി മാറിയത്. മാറി നില്‍ക്കുകയില്ലെന്നും മാറ്റി നിര്‍ത്താന്‍ സമ്മതിക്കില്ലെന്നും അവര്‍ ഈ നിലപാടിലൂടെ തീര്‍ത്ത് പറയുകയായിരുന്നു. അതാണ് യുവശക്തിയെ ഈ സമരത്തിന്റെ ഭാഗമാക്കിയ പ്രധാന ഘടകം.
ആ നിശ്ചയദാര്‍ഢ്യവും പൊരുത്തപ്പെടലും രാഷ്ട്രീയ സമവാക്യങ്ങള്‍ പുതുക്കി പണിയാന്‍ സഹായിച്ചു. കേരളത്തിന്റെ ദിശ മാറിയത് അങ്ങനെയാണ്. ജനായത്തത്തിന്റെ വളര്‍ച്ചക്ക് പരിപാടിയില്‍ അധിഷ്ഠിതമായ രാഷ്ട്രീയ ധ്രുവീകരണം അനിവാര്യമായിരുന്നു. തീവ്ര വലത് പക്ഷ ചായ്‌വുകള്‍ ജനങ്ങള്‍ നിരാകരിക്കുന്ന സ്ഥിതി സംസ്ഥാനത്തിന് സ്വീകാര്യമാക്കണമായിരുന്നു. ആ ദൗത്യം നാം വിജയകരമായി പൂര്‍ത്തിയാക്കി. ഖാഇദേമില്ലത്തിന്റെ കാലത്ത് തന്നെ തമിഴ് നാട്ടിലും കേരളത്തിലും ഈ മാറ്റം വന്നിരുന്നു. ഇതുവരെ കാര്യമായ പരിക്കുകള്‍ പറ്റാതെ കേരളം ഖാഇദേമില്ലത്തിന്റെ പാത പിന്തുടരുന്നു.
എന്നാല്‍ രാജ്യത്ത് ഈ പ്രവണത വേണ്ട വിധം വിജയം കണ്ടില്ല. ബാബരി സംഭവത്തിന് ശേഷം സാഹചര്യം ആകെ മാറി. ഫലപ്രദമായ ഒരു ബദലിന്റെ അഭാവത്തില്‍ എടുക്കേണ്ട മുന്‍കരുതല്‍ ഉണ്ടായില്ല. സംഗതികള്‍ തകിടം മറിഞ്ഞിരിക്കുന്നു എന്നും ബി.ജെ.പിയെ ഇനി പ്രതിരോധിക്കാനാവില്ലെന്നുമുള്ള പ്രതീതി ജനിപ്പിക്കാന്‍ തല്‍പരകക്ഷികള്‍ ബോധപൂര്‍വം ശ്രമിക്കുകയും ചെയ്യുന്നു. നമ്മുടെ ലക്ഷ്യം ഖാഇദേമില്ലത്തിന്റെ കാലത്ത് നിലവില്‍ വന്ന കേരളം രാജ്യം മുഴുവന്‍ ഏറ്റെടുക്കുന്ന അവസ്ഥ കൊണ്ട് വരാനാണെങ്കിലും ഇപ്പോള്‍ ബീഹാര്‍ മാതൃക രാജ്യത്തിന്റെ പരിപാടി ആക്കുക എന്നുള്ളതാണ്. സി.പി.എമ്മിന് ഇതിലൊന്നും ഒരു താല്‍പര്യവുമില്ല. ബീഹാറിലോ യു.പിയിലോ അവര്‍ ബി.ജെ. പി വിരുദ്ധ സംഘടനകള്‍ക്കോ മുന്നണികള്‍ക്കോ പിന്തുണ നല്‍കിയില്ല. അവരിപ്പോഴും പഴയ പല്ലവി ആവര്‍ത്തിക്കുന്നു. അന്ധമായ കോണ്‍ഗ്രസ് വിരോധം മാത്രം കൈമുതലാക്കി അവര്‍ വാചകമടി തുടരുന്നു. നമുക്ക് ഇവരെ നിലക്ക് നിര്‍ത്തണം.
രാജ്യത്ത് ഒരു ബദല്‍ വളര്‍ന്ന് വരണം. കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ അത് സാധ്യപ്രായത്തിലെത്തിക്കണം. മലപ്പുറത്തെ ജനവിധി നിര്‍ണ്ണായകമായിരിക്കും. ലഭ്യമായ സകല ശക്തിയും സമാഹരിച്ച് നാം മലപ്പുറത്തിന്റെ മണ്ണില്‍ ചരിത്രം രചിക്കും. ഇന്നത്തെ സാഹചര്യത്തില്‍ ഇത് കേവലമൊരു തെരഞ്ഞെടുപ്പ് പോരാട്ടമല്ല. മറിച്ച് ജനായത്ത മതനിരപേക്ഷ ശക്തികളുടെ ഒരു ബദല്‍ സൃഷ്ടിക്കാനുള്ള പോരാട്ടമാണിത്. സാമൂഹിക നീതിയും തുല്യാവസരവും എല്ലാ പൗരന്മാര്‍ക്കും ഉറപ്പുവരുത്തുന്ന ഒരു ബദലിനായി നടക്കുന്ന സന്ധിയില്ലാത്ത സമരം.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Celebrity

ഹൃദയത്തോട് ചേര്‍ത്ത് വച്ചിരുന്ന ഒരാള്‍ കൂടി വിട പറയുന്നു’; കെ ജി ജോര്‍ജിന്റെ വിയോഗത്തില്‍ മമ്മൂട്ടി

ടി.കെ. രാജീവ്കുമാര്‍ സംവിധാനം ചെയ്ത് മമ്മൂട്ടി നായകനായ മഹാനഗരം (1992) എന്ന ചിത്രം നിര്‍മ്മിച്ചത് കെ.ജി.ജോര്‍ജായിരുന്നു

Published

on

അന്തരിച്ച സംവിധായകന്‍ കെ ജി ജോര്‍ജിന്റെ വിയോഗത്തില്‍ അനുസ്മരിച്ച് മമ്മൂട്ടി. ഹൃദയത്തോട് ചേര്‍ത്ത് വച്ചിരുന്ന ഒരാള്‍ കൂടി വിട പറയുന്നുവെന്നണ് മമ്മൂട്ടി ഫേസ്ബുക്കില്‍ കുറിച്ചു. ടി.കെ. രാജീവ്കുമാര്‍ സംവിധാനം ചെയ്ത് മമ്മൂട്ടി നായകനായ മഹാനഗരം (1992) എന്ന ചിത്രം നിര്‍മ്മിച്ചത് കെ.ജി.ജോര്‍ജായിരുന്നു.

മമ്മൂട്ടിയുമായുള്ള കെ ജി ജോര്‍ജിന്റെ ദീര്‍ഘകാല ബന്ധത്തിന് തുടക്കമിട്ട ചിത്രം 1980ല്‍ പുറത്തിറങ്ങിയ മേളയാണ്.രഘുവും മമ്മൂട്ടിയും അഭിനയിച്ച ചിത്രത്തില്‍, സര്‍ക്കസിലെ കുറുകിയ ശരീര പ്രകൃതമുള്ള ഒരു കോമാളി, സുന്ദരിയായ ഒരു സ്ത്രീയെ വിവാഹം കഴിക്കുന്നതും പിന്നീട് അവന്റെ ജീവിതം എങ്ങനെ മാറുന്നു എന്നതിനെയും കുറിച്ചാണ്.

ഹൃദയത്തോട് ചേര്‍ത്ത് വച്ചിരുന്ന ഒരാള്‍ കൂടി വിട പറയുന്നു. ആദരാഞ്ജലികള്‍ ജോര്‍ജ് സാര്‍’. മമ്മൂട്ടി കുറിച്ചു.

1998ല്‍ പുറത്തിറങ്ങിയ ‘ഇലവങ്കോടുദേശം’ ആണ് കെ ജി ജോര്‍ജിന്റെ അവസാന ചിത്രം. 2003ല്‍ സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ജൂറി അധ്യക്ഷനായിരുന്നു. 2003ല്‍ സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ജൂറി അധ്യക്ഷനായിരുന്നു. 2016ല്‍ ജെ.സി. ഡാനിയേല്‍ പുരസ്‌കരത്തിന് അര്‍ഹനായി. 2006ല്‍ ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ അധ്യക്ഷനായ അദ്ദേഹം അഞ്ചു വര്‍ഷം പ്രവര്‍ത്തിച്ചു. മാക്ട ചേയര്‍മാനായും കെ.ജി. ജോര്‍ജ് പ്രവര്‍ത്തിച്ചിട്ടുണ്ട്.

Continue Reading

Features

അത്തോളിയിലെ അഗ്നിപുഷ്പം

രാജ്യത്തെ പ്രഥമ കമ്മ്യൂണിസ്റ്റ് സര്‍ക്കാരിന്റെ അന്യായങ്ങളോട് കലഹിച്ച് നിയമനിര്‍മാണ സഭക്കകത്തും പുറത്തും മനുഷ്യാവകാശങ്ങള്‍ക്കു പൊരുതുന്ന പടയാളി.

Published

on

സി.പി സൈതലവി

റേഷന്‍ കാര്‍ഡും സഞ്ചിയുമായി കടയിലേക്കുവന്ന എം.എല്‍.എ യെ കണ്ട് പഴയ ദേശീയ പ്രസ്ഥാനക്കാരനായ ഷോപ്പ് മാനേജര്‍ മൂലക്കണ്ടി ഗോപാലന്‍ ചാടിയെണീറ്റു:സാറെന്തിനാ വന്നത്‌ റേഷന്‍ വാങ്ങാന്‍,വല്ല കുട്ടികളെയും അയച്ചാല്‍ പോരായിരുന്നോ?.
ഇരുപത്തൊമ്പതുകാരനായ എം.എല്‍.എയുടെ തമാശകലര്‍ന്ന മറുപടി: ഇവിടത്തെ കാര്യങ്ങളൊക്കെ എനിക്കുമൊന്നറിയണ്ടേ?.
അന്നശ്ശേരി ന്യായവില ഷോപ്പിലുണ്ടായിരുന്നവർ കൗതുകത്തോടെ ആളെ നോക്കി. പത്രങ്ങളില്‍ പതിവായി പടവും പ്രസംഗവും വരുന്ന, റേഡിയോ വാര്‍ത്തകളില്‍ സ്ഥിരമായി കേള്‍ക്കുന്ന സി.എച്ച് മുഹമ്മദ് കോയ. ഈ മണ്ണിന്റെ മകന്‍. അത്തോളിയുടെ പുത്രന്‍.
രാജ്യത്തെ പ്രഥമ കമ്മ്യൂണിസ്റ്റ് സര്‍ക്കാരിന്റെ അന്യായങ്ങളോട് കലഹിച്ച് നിയമനിര്‍മാണ സഭക്കകത്തും പുറത്തും മനുഷ്യാവകാശങ്ങള്‍ക്കു പൊരുതുന്ന പടയാളി. മുഖ്യമന്ത്രി ഇ.എം.എസ്, പട്ടം താണുപിള്ള, ആര്‍ ശങ്കര്‍, അച്യുതമേനോന്‍, പി.ടി ചാക്കോ തുടങ്ങി സഭക്കുള്ളിലെ വന്‍മരങ്ങളോട് കിടയൊത്ത് നില്‍ക്കാന്‍ കരുത്താര്‍ന്ന യൗവനം.
അതിര്‍ത്തിയിലെ സൈനികന്റെ ജാഗ്രതയോടെ സ്വന്തം ജനതയുടെ അവകാശങ്ങള്‍ക്കു കാവലിരുന്നും സമുദായത്തിനര്‍ഹതപ്പെട്ടത് പിടിച്ചുവാങ്ങിയും മുന്നേറുകയാണ്‌ സി എച്ച്‌.
വാക്കിന്റെ വജ്രസൂചികളാൽ എതിർവാദങ്ങളുടെ മസ്തകം തകർത്ത്‌ നിയമ സഭയിൽ കൊടി പറത്തുമ്പോൾ തന്നെ ‌ പ്രസംഗപ്പെരുമഴയുമായി വേദികളിൽ നിന്നു വേദികളിലേക്കുള്ള രാപ്രയാണങ്ങൾ. ഒപ്പം ചന്ദ്രികയുടെ താളുകളെ കിടയറ്റതാക്കുന്ന അക്ഷരപ്പയറ്റും. അതിനിടെ വീണുകിട്ടുന്ന ദുർലഭമായ ഇടവേളകൾക്കു മധുരം പകരുന്ന നാട്ടിലെ ഇടത്താവളങ്ങളിലൊന്നായ അണ്ടിക്കോട്ടെ പൂതപ്പള്ളി മമ്മദ് കോയയുടെ നാലുകാലോല ഷെഡ്ഡില്‍ ചായ കുടിച്ചുകൊണ്ടിരിക്കെ സി.എച്ച് പറഞ്ഞു ‘റേഷന്‍ വാങ്ങാന്‍ പോകണം. ബാപ്പാക്ക് നല്ല സുഖമില്ല. അതുകൊണ്ട് ഞാന്‍ തന്നെ പോന്നു. ശനിയാഴ്ചയല്ലേ; ഇന്നു വാങ്ങിയില്ലെങ്കില്‍ ഈ ആഴ്ചത്തേത് ഒഴിഞ്ഞുപോകും’.മമ്മദ് കോയക്ക് ഒരു വല്ലായ്ക തോന്നി. ചായക്കടക്കുമുന്നില്‍ ചക്രമുരുട്ടിക്കളിക്കുകയായിരുന്ന കുട്ടിയെ അരികില്‍ വിളിച്ചു പറഞ്ഞു. ‘മോനേ, മൂപ്പരിപ്പോ പണ്ടത്തെ പോലെയല്ലല്ലോ. എം.എല്‍.എയൊക്കെയല്ലേ?. റേഷന്‍ഷാപ്പ് വരെ ഒന്നു കൂടെ ചെല്ല്. അരി തൂക്കി കഴിഞ്ഞാല്‍ സഞ്ചി നീ പിടിച്ചോ; കോയയെക്കൊണ്ട്‌‌ എടുപ്പിക്കേണ്ട”. റോഡുകടന്ന് വയല്‍വരമ്പിലൂടെ സി.എച്ചിനു പുറകെ കുറച്ചു ദൂരം നടന്നപ്പോള്‍ തന്നെ അദ്ദേഹം സഞ്ചി വാങ്ങി തിരിച്ചയച്ചുവെന്ന് അണ്ടിക്കോട്ടെ പ്രാദേശിക മുസ്്‌ലിംലീഗ് നേതാവ് കൂടിയായ എന്‍.ടി ബീരാന്‍ കോയ തന്റെ കുട്ടിക്കാലമോര്‍ക്കുന്നു. ഒരു കുടുംബത്തിന് ആഴ്ചയില്‍ കിട്ടുന്ന മൂന്ന് ലിറ്റര്‍ അരിക്കുവേണ്ടിയാണ്, നാടെങ്ങും കീര്‍ത്തിയുള്ള ഈ എം.എല്‍.എ മടിയൊട്ടും കൂടാതെ റേഷന്‍കട തേടിച്ചെല്ലുന്നത്.

അധികാരവും പദവികളും സമ്മതിദാനാവകാശം പോലും സമ്പന്നര്‍ക്കു മാത്രമായി പതിച്ചുകൊടുത്തിരുന്ന കാലത്ത്, രാഷ്ട്രീയത്തിന്റെ മുഖ്യധാരാ പ്രവേശം സാധാരണക്കാരനു അപ്രാപ്യമായിരുന്ന ഘട്ടത്തില്‍ ആ പൊതുനിയമങ്ങളെയെല്ലാം മുറിച്ചുകടന്ന് കുതിച്ചുയര്‍ന്ന് ഒരു ദരിദ്ര ബാലന്‍ കേരളത്തിന്റെ മുഖ്യഭരണാധികാരിയായി മാറിയ അത്ഭുതത്തിന്റെ അടിവേര് തേടിയാല്‍ കോഴിക്കോട്ടെ അത്തോളിയിലെത്തും. അതിരറ്റ ഇച്ഛാശക്തിയിലൂട്ടിയ പ്രതിഭ കൊണ്ട് പ്രതികൂല സാഹചര്യങ്ങളുടെ കൊടുമുടികള്‍ കീഴടക്കിയ ജേതാവ് പിറന്ന ഭൂമി.
ഒരിക്കല്‍, ഒരിക്കല്‍ മാത്രമെങ്കിലും ആ അഗ്നിപുഷ്പം വിടർന്ന അത്തോളിയുടെ ഉള്‍വഴികളിലൂടെ നടക്കണം. സി.എച്ച് ചുവടുവെച്ചു തുടങ്ങിയ ഗ്രാമത്തിന്റെ ഞരമ്പുകളിലൂടെ.

കാലം കണ്ണാടി നോക്കുന്ന കോരപ്പുഴയുടെ ഓരങ്ങളിലൂടെ.
ആഗ്ര കോട്ടയ്ക്കുള്ളിലെ ഇടനാഴിയില്‍ നില്ക്കുന്ന സഞ്ചാരിയുടെ കാതില്‍ അക്ബര്‍ ചക്രവര്‍ത്തിയുടെ പാദുക ശബ്ദം അടുത്തടുത്ത് വരുന്നതു പോലൊരു അനുഭൂതി, അത്തോളിയിലെ-അന്നശ്ശേരിയിലെ മണ്ണിൽ തൊടുമ്പോൾ ഉള്ളിലുണരുന്നു. ദരിദ്രനായി ജനിച്ച്, സാധാരണക്കാരനായി ജീവിച്ച്, അധികാരത്തിന്റെ ഉന്നതങ്ങളിൽ വിരാജിച്ച്‌ , ഒടുവിൽ അനന്തര തലമുറക്കായി ഒരു ചില്ലിക്കാശുപോലും നീക്കിയിരിപ്പില്ലാതെ വിടചൊല്ലിയ മറ്റൊരു ചക്രവർത്തിയുടെ കാൽപെരുമാറ്റം.
കണ്‍മറഞ്ഞു നാല് പതിറ്റാണ്ടായിട്ടും ഓര്‍മയുടെ മുറ്റത്ത് മാരിവില്ലഴകോടെ മന്ദഹസിച്ചു നില്‍ക്കുന്നു സി.എച്ച് മുഹമ്മദ് കോയാ സാഹിബ് എന്ന സ്നേഹസാമ്രാജ്യത്തിലെ സുൽത്താൻ.

പ്രസിദ്ധ മലയാള കവി യൂസുഫലി കേച്ചേരി സി.എച്ച് പൊയ്‌‌പോയ ദുഃഖത്തിലൊരുനാള്‍ ‘അത്തോളി മണ്ണ്’ല്‍ എഴുതുന്നുണ്ടിത്.
‘പുണ്യം ലഭിച്ചതാണിന്നെനിയ്ക്കത്തോളി മണ്ണിലൊന്നാമതായ് പാദങ്ങളൂന്നുവാന്‍ ധന്യമാണീ ദിനം; കാല്‍കളീ ഭൂമിയില്‍ വിന്യസ്തമാവതിന്‍ മുമ്പെന്‍ കരങ്ങളേ അഞ്ജലിയർപ്പിയ്ക്ക!- വിപ്ലവച്ചൂടാര്‍ന്നൊരംഗാര പുഷ്പം വിടര്‍ന്നതാണീ സ്ഥലം….. ചത്തകുതിരയ്ക്കുയിരേകുമത്ഭുത തത്വവിജ്ഞാനം വിളഞ്ഞതാണീ സ്ഥലം’
ആ പൊള്ളുന്ന യൗവ്വനത്തെ തൊട്ടരികിൽനിന്നു കണ്ട സ്വദേശിതലമുറക്കും വയസ്സേറുകയാണ്. ഓര്‍മകള്‍ പിടി വിട്ടോടുന്നു.

ഡ്രൈവറും അറ്റൻഡറുമായി രണ്ടുപതിറ്റാണ്ട് സി.എച്ചിനൊപ്പമുണ്ടായിരുന്ന മല്ലിശ്ശേരി ഇബ്രാഹിം,എന്‍.ടി ബീരാന്‍ കോയ, കാഞ്ഞിരോളി മുഹമ്മദ് കോയ, സി.എച്ചിന്റെ ഭാര്യാസഹോദരന്‍ മുന്‍ കെ.എം.സി.സി ഭാരവാഹി കമ്മോട്ടില്‍ അബ്ദുല്‍ അസീസ്, കമ്മോട്ടില്‍ അബൂബക്കര്… സി.എച്ചിനെ അനുയാത്ര ചെയ്ത ആ കാലമോര്‍ത്തു: മുപ്പത്തിനാലു വയസ്സിന്റെ നിറയൗവ്വനത്തിനുള്ളില്‍ ചന്ദ്രിക മുഖ്യപത്രാധിപർ, എം.എല്‍.എ, സ്പീക്കര്‍, പാര്‍ലമെന്റ് മെമ്പര്‍ പദവികളുടെ തൊപ്പിയണിഞ്ഞപ്പോഴും വെറുമൊരു അന്നശ്ശേരിക്കാരനായി,വേഷത്തില്‍പോലും ധാരാളിത്തമില്ലാതെ, ഏതോ ചിന്തയില്‍ മുഴുകി റോഡരികിലൂടെ അലസമായി നടന്നു പോകുന്ന സി.എച്ച്. ആരും കൊതിക്കുന്ന മുഖശ്രീ.

കണ്ണടയുവോളം കാത്തുവെച്ച പ്രസിദ്ധമായ ആ പുഞ്ചിരിയും. ഉടുതുണിയുടെ ഒരറ്റം കൈകൊണ്ട് കക്ഷത്തിറുക്കി, കാലന്‍കുട തോളില്‍ കൊളുത്തി, മറുകൈ പൊക്കി മത്സ്യപ്പൊതിയും പിടിച്ച് ആ പോകുന്നത് ഇന്ത്യൻ പാര്‍ലമെന്റ് മെമ്പര്‍. ‘കോയ എവിടന്നാ വരുന്നെ’ന്ന ചോദ്യത്തിന് ചിലപ്പോഴുത്തരം ‘ഡല്‍ഹീന്ന്’.
സ്പീക്കറുടെ ‘ചലിക്കുന്ന കൊട്ടാരത്തില്‍’ കൊടിവെച്ച് പറക്കുമ്പോഴും, ലോകരാഷ്ട്രങ്ങളിലൂടെ സഞ്ചരിക്കുമ്പോഴും മനത്താംകണ്ടി വീട്ടിലെത്താന്‍ പദയാത്ര തന്നെ ശരണം. എലത്തൂരില്‍ ബസ്സിറങ്ങി, പുതിയോട്ടില്‍ കടവില്‍ തോണി കടന്ന്, അണ്ടിക്കോട് വഴി നാല് കിലോമീറ്റര്‍ നടത്തം. പാതിരാ പ്രസംഗങ്ങള്‍ കഴിഞ്ഞാവും മിക്കവാറും മടക്കം. തോണിക്കാരന്‍ റാന്തല്‍ തിരിതാഴ്ത്തി ഉറക്കമായിട്ടുണ്ടാകും. അര്‍ധ രാത്രിയിലെ ഈ ഏകാന്ത യാത്രയും സി.എച്ച് ഏറെ ആസ്വദിച്ചു കാണും. 1965ല്‍ കോഴിക്കോട് നടക്കാവിലേക്ക് താമസം മാറ്റുംവരെ ഈ പതിവിന് മുടക്കം വന്നില്ല. ഈ കാലത്തു തന്നെയാണ് ചാലിയാര്‍ തീരത്തെ സുഹൃത്ത് സി.എച്ചിന് ഒരു യാത്രാവാഹനം സമ്മാനമായി നല്‍കുന്നത്. ഒരു കടത്തുതോണി.

ദ്വീപ് പോലെ കിടന്ന സ്വദേശത്തെ പുറംലോകവുമായി ബന്ധിപ്പിക്കാന്‍ പുറക്കാട്ടിരിയില്‍ പാലം കൊണ്ടുവന്നു സി.എച്ച്. 1961ല്‍ സ്പീക്കറായിരിക്കെയാണ് തറക്കല്ലിടല്‍. തന്റെ പാര്‍ട്ടിക്ക് ആളും അര്‍ത്ഥവും കുറവായ കാലം. കരപ്രമാണിമാരില്‍ ചിലര്‍ക്ക് സി.എച്ചിനെ അത്ര പഥ്യമല്ല. അവര്‍ക്കൊത്ത തറവാട്ട് മഹിമയുടെ എടുപ്പുകളില്ലാത്തതുകൊണ്ട്. അടിത്തട്ടില്‍ നിന്നൊരാള്‍ ഉയര്‍ന്നു വരുന്നതിലുള്ള സഹിക്കായ്ക പലേടത്തും പ്രകടമായി. കുടിയോത്തും മരുന്നുവില്പനയുമായി നടക്കുന്ന ദരിദ്രനായ പയ്യംപുനത്തില്‍ ആലി മുസ്‌ല്യാരുടെ മകന്, ചെറിയാരന്‍കണ്ടിയിലെ കൂരയില്‍ പിറന്നവന്, അവന്റെ തരത്തിനൊത്ത നാവല്ലെന്ന് വരേണ്യരുടെ പുച്ഛം.സ്‌കൂളില്‍ പല സമ്പന്ന കുമാരന്മാരെക്കാളും ശ്രദ്ധനേടി മുഹമ്മദ് കോയ. പുസ്തകം വാങ്ങാന്‍ പണമില്ലെങ്കിലും പഠനത്തിലും പ്രസംഗത്തിലും ബഹുമിടുക്കനായി.

ഉമ്മയുടെയും ബാപ്പയുടെയും കുടുംബത്തിന്റെ മതപണ്ഡിത പാരമ്പര്യം സി.എച്ചിന്റെ അറിവുകള്‍ക്ക് അസ്തിവാരമായി. കൊങ്ങന്നൂര്‍ എലിമെന്ററി സ്‌കൂള്‍ 1932ല്‍ സ്ഥാപിതമായതിന്റെ പിറ്റേവര്‍ഷമാണ്‌ സി എച്ചിനെ ചേർത്തത്‌.പാച്ചര്‍ മാസ്റ്റര്‍ ആദ്യാക്ഷരം കുറിച്ച ഒന്നാം ക്ലാസില്‍ തന്നെ പഠനത്തില്‍ സമര്‍ത്ഥനായി. അടുത്തകൊല്ലം വേളൂര്‍ മാപ്പിള സ്‌കൂളില്‍ ചേര്‍ന്നു. ‘അത്തോളിയിലെ സര്‍ സയ്യിദ്’ എന്ന് സി.എച്ച് വിശേഷിപ്പിച്ച ഈസക്കുട്ടി മാസ്റ്റര്‍ പ്രവേശന രജിസ്റ്ററിൽ ചെറിയാരന്‍ കണ്ടി മുഹമ്മദ് കോയ എന്ന് ഇംഗ്ലീഷില്‍ എഴുതിയിടത്ത് വിധി നിശ്ചയിച്ച അശ്രദ്ധയാല്‍ വീട്ടുപേരില്‍ ‘കെ’യുടെ സ്ഥാനത്ത് ‘എച്ച്’ എന്നു ചേര്‍ത്തുപോയി. സി.കെ മുഹമ്മദ് കോയ ആകേണ്ടിയിരുന്നയാള്‍ ‘സി.എച്ച്’ എന്ന മുഴങ്ങുന്ന ശബ്ദമായി ഒരു ജനതയുടെ അഭിമാന മുദ്രാവാക്യമായി മാറുന്നതിവിടെ.

ആത്മവിദ്യാസംഘത്തിന്റെ പ്രചാരണവുമായി വന്ന വാഗ്ഭടാനന്ദ സ്വാമികള്‍ അണ്ടിക്കോട് അങ്ങാടിയില്‍ പ്രസംഗിക്കുന്നതുകേട്ട് ആവേശഭരിതനായ പ്രൈമറി സ്‌കൂള്‍ വിദ്യാര്‍ത്ഥി മുഹമ്മദ് കോയ ‘എനിക്കും പ്രസംഗിക്കണ’മെന്ന് വിളിച്ചുപറഞ്ഞു. ഇതുകേട്ട് ആളുകള്‍ ചിരിച്ചു. എന്താണ് ആവശ്യമെന്നാരാഞ്ഞ വാഗ്ഭടാനന്ദന്‍ കുട്ടിയെ വേദിയില്‍ വിളിച്ചു വരുത്തി പ്രസംഗിപ്പിച്ചു.

ആ തല്‍ക്ഷണ പ്രസംഗത്തിലെ അറിവിന്റെ വ്യാപ്തിയും ആരോഹണാവരോഹണവും കണ്ട് ജനം കയ്യടിച്ചു. ഇവന്‍ ഭാവിയിലൊരു മഹാവാഗ്മിയായി മാറുമെന്ന് വാഗ്ഭടാനന്ദന്‍ ആശീർവദിച്ചു. ബാല്യത്തിലേയുള്ള അസൂയാര്‍ഹമായ ഈ പ്രകടനങ്ങള്‍ കുടിലുകളിലും കൊട്ടാരങ്ങളിലും സി.എച്ചിനെ ചര്‍ച്ചാ വിഷയമാക്കി കഴിഞ്ഞിരുന്നു. നാടിന്റെ സ്‌നേഹം സി.എച്ചിലേക്ക് ഒഴുകിത്തുടങ്ങി.

പാലം തറക്കല്ലിടാനെത്തുന്ന സ്പീക്കറെ സ്റ്റേറ്റ്‌കാര്‍ സഹിതം അക്കരെ കൊണ്ടുപോകാന്‍ ചങ്ങാടമൊരുക്കിയിരുന്നു. മോട്ടോർ വാഹനങ്ങള്‍ കടന്നുവരാത്ത ജന്മനാട്ടിലൂടെ ദേശീയപതാക വെച്ച ഔദ്യോഗിക കാറില്‍ സി.എച്ച് സഞ്ചരിക്കുന്നതും അസഹിഷ്ണുക്കൾ അതുകാണുന്നതും മനസ്സില്‍ കണക്കുകൂട്ടിയ ഇളം പ്രായക്കാര്‍ ആവേശത്തിലായി. അധികാര നാട്യങ്ങളെ എന്നും തിരസ്കരിച്ച സി.എച്ച് പക്ഷെ, അക്കരെ കാര്‍ നിര്‍ത്തി പുഴകടന്ന് ഒരാള്‍ക്കൂട്ടത്തിന്റെ അകമ്പടിയോടെ നടന്നുപോയി. എവിടെയായിരുന്നാലും ആശ്രയം അര്‍ഹിക്കുന്നവനിലേക്ക് അദ്ദേഹത്തിന്റെ കണ്ണെത്തും.

അണ്ടിക്കോട് വി.കെ റോഡിലുള്ള റാത്തീബ് പള്ളി (ഇപ്പോള്‍ മസ്ജിദു തഖ്‌വ)യില്‍ റമസാനില്‍ തറാവീഹിനു ശേഷം ഉറുദി പറയാന്‍ മുസ്്‌ല്യാരുകുട്ടികള്‍ വരും. പ്രബോധനത്തിനൊപ്പം പ്രസംഗ പരിശീലനവും ചെറിയൊരു പോക്കറ്റ് മണിയും ഇത്തരം ഉറുദികളുടെ ഘടകങ്ങളാണ്. വേണ്ടത്ര പ്രസംഗം വശമില്ലാത്ത ഒരുകുട്ടി ഉറുദി പറയാനെത്തി. പാര്‍ലമെന്റില്ലാത്ത സമയമായതിനാല്‍ സി.എച്ചും പള്ളിയിലുണ്ട്. അന്ന്‌ ‘ഉറുദി’ സി.എച്ച് പറഞ്ഞു. പിരിഞ്ഞുകിട്ടിയ തുക കുട്ടിക്കു കൈമാറുകയും ചെയ്തു. ഇതോടെ ഉറുദിക്ക്‌ സി എച്ച്‌ മതിയെന്നായി.എം പി യുടെ ഉറുദിക്ക്‌ ശ്രോതാക്കളേറി.സി എച്ചിനതൊരു പതിവുമായി. മന്ത്രിയാകുമ്പോഴും അല്ലാത്തപ്പോഴും ഏത് പാതിരാവില്‍ വന്നുകിടന്നാലും ആളുകള്‍ വിളിച്ചാല്‍ ഉടനെഴുന്നേല്‍ക്കും. പരിഹാരവും നല്‍കും.

1980ലെ നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് പ്രചാരണം കഴിഞ്ഞ് വീട്ടില്‍ ഉറങ്ങാന്‍ കിടന്നത് പുലര്‍ച്ചെ രണ്ടുമണിക്ക്. നാല് മണിക്കു കുടകില്‍ നിന്നൊരു സംഘം ആവലാതിയുമായെത്തി. അവിടെ മലയാളികളെ കുടിയിറക്കുകയാണ്‌. അറസ്റ്റ് ഭയന്ന് പുരുഷന്മാര്‍ ഒളിവിൽ. വീടുകള്‍ക്കു നേരെ ആക്രമണം നടക്കുന്നു. ആ നിമിഷം തന്നെ ഉണര്‍ന്നിരുന്ന്‌ സി.എച്ച് ആവശ്യമായത് ചെയ്തു.

മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയും സ്പീക്കറും ആഭ്യന്തര, വിദ്യാഭ്യാസ, ധനകാര്യമുൾപ്പെടെ സകല വകുപ്പുകള്‍ കൈകാര്യം ചെയ്ത മന്ത്രിയും എം.എല്‍.എയും എം.പിയുമെല്ലാമായിരുന്നപ്പോഴും അടിച്ചമര്‍ത്തപ്പെടുന്നവനും അവഗണിക്കപ്പെടുന്നവനും നില്‍ക്കകള്ളിയുണ്ടാക്കുകയായിരുന്നു. സി എച്ച്‌ എന്നുമെപ്പോഴും പറഞ്ഞത്‌ “നിങ്ങളാരുടേയും അടിമകളാകരുത്‌; ആരുടേയും വിറകുവെട്ടികളും വെള്ളംകോരികളുമാകരുത്‌,സ്വന്തം കാലിൽ നിൽക്കാനുള്ള കരുത്ത്‌ നേടണം” എന്നായിരുന്നു.തന്നെ തേടിവന്ന നിരാലംബരുടെ കൈകളൊന്നും മരണംവരേയും വെറുതെ മടക്കിയില്ല. ഒരു വിലാപവും കേള്‍ക്കാതെ പോയില്ല.’എന്റെ സമുദായം’ എന്ന് അഭിമാനത്തോടെ ഉറക്കെയുറക്കെ പറഞ്ഞു.

അവസാനമായി 1983 സെപ്തംബര്‍ 25ന് ജന്മനാട്ടില്‍ ഔദ്യോഗിക പരിപാടികള്‍ക്കെത്തി ഉമ്മയോടൊപ്പം ഏറെനേരമിരുന്നു. പിറ്റേന്ന് ഹൈദരാബാദിലേക്ക് പോയത് അഹമ്മദ് സാഹിബിന് പകരമായി വ്യവസായ മന്ത്രിമാരുടെ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ മാത്രമല്ല; പ്രധാന ലക്ഷ്യം മറ്റൊന്നായിരുന്നു. മുസ്്‌ലിംകള്‍ക്കെതിരെ അവിടെ നടക്കുന്ന കലാപത്തിന് അറുതി വരുത്താന്‍ മുഖ്യമന്ത്രി എന്‍.ടി രാമറാവുവിനെ നേരില്‍കണ്ട് സംസാരിക്കാന്‍, കേരള ഉപമുഖ്യമന്ത്രിയുടെ, ഇന്ത്യന്‍ മുസല്‍മാന്‍മാരുടെ നേതാവിന്റെ യാത്ര. സെപ്തംബര്‍ 27ന് ആ കൂടിക്കാഴ്ച നടന്നു. “എന്റെ സമുദായം ഇവിടെ വേട്ടയാടപ്പെടുകയാണ്. ഭരണകൂടമുണരണം. അവര്‍ക്കു രക്ഷ നല്‍കണം’ സി എച്ച്‌ ആവശ്യപ്പെട്ടു.

കുടുംബനാഥന്‍മാര്‍ നഷ്ടപ്പെട്ട്,കുടിലുകള്‍ വെണ്ണീറായി, ഉപജീവനമാർഗ്ഗങ്ങൾ കൈവിട്ട്‌ എങ്ങോട്ട് പോകുമെന്നറിയാതെ പെരുവഴിയില്‍ വിങ്ങിപ്പൊട്ടി നിന്ന സാധുമനുഷ്യരെ മാറോടണച്ചു ചേര്‍ത്ത്, ഞാനുണ്ട് കൂടെ എന്നാശ്വസിപ്പിച്ചാണ് ആ രാത്രി ഹൃദയവേദനയോടെ ഉറങ്ങാന്‍ കിടന്നത്. പിറ്റേന്ന്‌ ഒരിക്കലുമുണരാത്ത നിത്യനിദ്രയിലേക്കാഴ്‌ന്നു പോയതും.

Continue Reading

Celebrity

പ്രശസ്ത സംവിധായകന്‍ കെ.ജി. ജോര്‍ജ് അന്തരിച്ചു

യവനിക, പഞ്ചവടിപ്പാലം, ഇരകള്‍, ആദാമിന്റെ വാരിയെല്ല് തുടങ്ങിയ ചിത്രങ്ങളിലൂടെ തൊട്ടതെല്ലാം പൊന്നാക്കിയാണു മലയാള സിനിമയില്‍ അദ്ദേഹം ചുവടുറപ്പിച്ചത്.

Published

on

പ്രശസ്ത സംവിധായകന്‍ കെ.ജി. ജോര്‍ജ് (78) അന്തരിച്ചു. എറണാകുളം കാക്കനാട്ടെ വയോജന കേന്ദ്രത്തിലായിരുന്നു അന്ത്യം. പക്ഷാഘാതത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.വാര്‍ധക്യസഹജമായ അസുഖങ്ങളും അലട്ടിയിരുന്നു. യവനിക, പഞ്ചവടിപ്പാലം, ഇരകള്‍, ആദാമിന്റെ വാരിയെല്ല് തുടങ്ങിയ ചിത്രങ്ങളിലൂടെ തൊട്ടതെല്ലാം പൊന്നാക്കിയാണു മലയാള സിനിമയില്‍ അദ്ദേഹം ചുവടുറപ്പിച്ചത്. സ്വപ്നാടനം എന്ന ആദ്യ ചിത്രത്തിനു തന്നെ ദേശീയ പുരസ്‌കാരം തേടിയെത്തി. 40 വര്‍ഷത്തിനിടെ 19 സിനിമകളാണ് സംവിധാനം ചെയ്തത്.

ഗായകനും നടനുമായ പാപ്പുക്കുട്ടി ഭാഗവതരുടെ മകളും ഗായികയുമായ സല്‍മയാണ് ഭാര്യ. 1977 ഫെബ്രവരി ഏഴിനായിരുന്നു വിവാഹം. ശരദിന്ദു മലര്‍ദീപ നാളം നീട്ടി (ഉള്‍ക്കടല്‍ )എന്ന ഹിറ്റ് ഗാനം ആലപിച്ചത് സല്‍മയാണ്. നടന്‍ മോഹന്‍ ജോസ് ഭാര്യാ സഹോദരനാണ്. അരുണ്‍, താര എന്നീ രണ്ടു മക്കള്‍.

സാമുവല്‍ – അന്നാമ്മ ദമ്പതികളുടെ മൂത്ത മകനായി 1945 മെയ് മെയ് 24ന്. തിരുവല്ലയിലായിരുന്നു കെ.ജി.ജോര്‍ജിന്റെ ജനനം. കുളക്കാട്ടില്‍ ഗീവര്‍ഗീസ് ജോര്‍ജ് എന്നാണ് മുഴുവന്‍ പേര്. തിരുവല്ല എസ്ഡി സ്‌കൂളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം.

ചങ്ങനാശേരി എന്‍എസ്എസ് കോളജില്‍ നിന്നും പൊളിറ്റിക്കല്‍ സയന്‍സില്‍ ബിരുദം നേടിയ ശേഷം പുണെ ഫിലിം ഇന്‍സ്റ്റിട്ട്യൂട്ടില്‍ നിന്നും സിനിമാ സംവിധാനം കോഴ്‌സ് പൂര്‍ത്തിയാക്കി. പ്രശസ്ത സംവിധായകന്‍ രാമു കാര്യാട്ടിന്റെ സഹായിയായിട്ടാണ് സിനിമാരംഗത്തേയ്ക്കു ചുവടുവച്ചത്.

നെല്ല് എന്ന ചിത്രത്തിന് തിരക്കഥയൊരുക്കി. ആദ്യ ചിത്രമായ ‘സ്വപ്നാടനം’ 1976ല്‍ ആണ് പുറത്തിറങ്ങിയത്. മികച്ച മലയാള ചിത്രത്തിനുള്ള സംസ്ഥാന പുരസ്‌കാരവും മികച്ച പ്രാദേശിക ഭാഷാ ചിത്രത്തിനുള്ള ദേശീയ പുരസ്‌കാരവും ‘സ്വപ്നാടനം’ നേടി.

മികച്ച തിരക്കഥയ്ക്ക് പമ്മന്‍, കെ.ജി. ജോര്‍ജ് എന്നിവര്‍ക്കും പുരസ്‌കാരം ലഭിച്ചു. ഉള്‍ക്കടല്‍, മേള, യവനിക, ലേഖയുടെ മരണം ഒരു ഫ്‌ലാഷ്ബാക്ക്, ആദാമിന്റെ വാരിയെല്ല്, പഞ്ചവടിപ്പാലം, ഇരകള്‍, മറ്റൊരാള്‍ തുടങ്ങിയവയാണ് ജോര്‍ജിന്റെ മറ്റു പ്രധാന ചിത്രങ്ങള്‍. ഇവയില്‍ മിക്കവയും ദേശീയ, സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ നേടി. 1998ല്‍ പുറത്തിറങ്ങിയ ‘ഇലവങ്കോടുദേശം’ ആണ് അവസാന ചിത്രം.

ടി.കെ. രാജീവ്കുമാര്‍ സംവിധാനം ചെയ്ത് മമ്മൂട്ടി നായകനായ മഹാനഗരം (1992) എന്ന ചിത്രം നിര്‍മ്മിച്ചത് കെ.ജി.ജോര്‍ജാണ്. 2003ല്‍ സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ജൂറി അധ്യക്ഷനായിരുന്നു.

200ല്‍ ദേശീയ ഫിലിം അവാര്‍ഡ് ജൂറി അംഗമായി തിരഞ്ഞെടുക്കപ്പെട്ടു. 2016ല്‍ ജെ.സി. ഡാനിയേല്‍ പുരസ്‌കരത്തിന് അര്‍ഹനായി. 2006ല്‍ ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ (കെഎസ്എഎഫ്ഡിസി) അധ്യക്ഷനായി. അഞ്ചു വര്‍ഷം പ്രവര്‍ത്തിച്ചു. മാക്ട ചെയര്‍മാനായും പ്രവര്‍ത്തിച്ചു

Continue Reading

Trending