സിപിഎം കേരളത്തിലെ ഏറ്റവും വലിയ ഹിന്ദുത്വ പാര്‍ട്ടിയാണെന്ന് വി.ടി ബല്‍റാം എം.എല്‍.എ. കണ്ണൂര്‍ ജില്ലാ കമ്മിറ്റിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുടെ ലിസ്റ്റില്‍ രണ്ടാളുകള്‍ മാത്രമാണ് മുസ്ലിം നാമധാരി ആയിട്ടുള്ളത്, 36 അംഗങ്ങളുള്ള കാസര്‍ക്കോടും ഒരു മുസ്ലിം മാത്രമേ ജില്ലാ കമ്മിറ്റിയില്‍ ഇടം കണ്ടെത്തിയിട്ടുള്ളൂ എന്ന് കേള്‍ക്കുന്നു. സംസ്ഥാനത്ത് ഒരു ജില്ലാ സെക്രട്ടറി പോലും ആ സമുദായത്തില്‍ നിന്നില്ല. മന്ത്രിസഭയിലും പ്രാതിനിധ്യം പരിമിതമാണ് എന്നും ബല്‍റാം ആരോപിക്കുന്നു.

ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മുസ്‌ലിം നേതാക്കളെ പ്രചരണരംഗത്തുനിന്ന് മാറ്റിനിര്‍ത്തുന്നുവെന്നും അത് മൃദുഹിന്ദുത്വ സമീപനത്തിന്റെ ഉദാഹരണമാണെന്നുമുള്ള കള്ള ആരോപണമുന്നയിച്ച് ഇവിടെ വലിയവായില്‍ ഒച്ചവച്ചവരാണ് സി.പി.ഐ.എമ്മിലെ കാരാട്ട് പിണറായി പക്ഷക്കാര്‍ എന്നാല്‍ അവരുടെ തലസ്ഥാനമായ കണ്ണൂരിലെ ജില്ലാ കമ്മിറ്റിയുിടെ അവസ്ഥയിതാണെന്നും വി.ടി ബല്‍റാം. ഫേസ്ബുക്കിലൂടെയാണ് സി.പി.എമ്മിനെതിരെ രൂക്ഷവിമര്‍ശനവുമായി ബല്‍റാം രംഗത്തെത്തിയത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മുസ്ലിം നേതാക്കളെ പ്രചരണരംഗത്തുനിന്ന് മാറ്റിനിര്‍ത്തുന്നുവെന്നും അത് മൃദുഹിന്ദുത്വ സമീപനത്തിന്റെ ഉദാഹരണമാണെന്നുമുള്ള കള്ള ആരോപണമുന്നയിച്ച് ഇവിടെ വലിയവായില്‍ ഒച്ചവച്ചവരാണ് സിപിഎമ്മിലെ കാരാട്ട്പിണറായി പക്ഷക്കാര്‍. എന്നാല്‍ ഇത് അവരുടെ തലസ്ഥാനമായ കണ്ണൂരിലെ സിപിഎമ്മിന്റെ ജില്ലാ കമ്മിറ്റി അംഗങ്ങളുടെ ലിസ്റ്റ്. 49 അംഗങ്ങളുടെ കൂട്ടത്തില്‍ രണ്ടാളുകള്‍ മാത്രമാണ് മുസ്ലിം നാമധാരി ആയിട്ടുള്ളത്. 36 അംഗങ്ങളുള്ള കാസര്‍ക്കോടും ഒരു മുസ്ലിം മാത്രമേ ജില്ലാ കമ്മിറ്റിയില്‍ ഇടം കണ്ടെത്തിയിട്ടുള്ളൂ എന്ന് കേള്‍ക്കുന്നു. സംസ്ഥാനത്ത് ഒരു ജില്ലാ സെക്രട്ടറി പോലും ആ സമുദായത്തില്‍ നിന്നില്ല. മന്ത്രിസഭയിലും പ്രാതിനിധ്യം പരിമിതമാണ്.

സിപിഎമ്മില്‍ മുസ്ലിം നേതാക്കള്‍ക്ക് ജില്ലാ കമ്മിറ്റിയിലേക്ക് പോലും ഉയര്‍ന്നുവരാന്‍ കഴിയാതെ പോകുന്നതെന്തുകൊണ്ടാണ്? കേരളത്തില്‍ ഏതാണ്ട് 27 ശതമാനത്തോളം ജനസംഖ്യയുള്ള ഒരു സമൂഹത്തെ, അതായത് നാലിലൊന്നോളം പ്രാതിനിധ്യം സ്വാഭാവികമായിത്തന്നെ ലഭിക്കേണ്ടിയിരുന്ന ഒരു ജനവിഭാഗത്തെ, സോഷ്യലി എക്‌സ്‌ക്ലൂഡ് ചെയ്യുന്നു അഥവാ അവരുടെ പ്രാതിനിധ്യത്തെ നാമമാത്രമായി ചുരുക്കുന്നു, എന്നത് ഒരു രാഷ്ട്രീയ വിഷയം തന്നെയാണ്. അത് ചെയ്യുന്നത് ഇന്ന് സംസ്ഥാനം ഭരിക്കുന്ന, ന്യൂനപക്ഷ സംരക്ഷകരായി അഭിനയിക്കുന്ന, ‘മതേതര രാഷ്ട്രീയ പാര്‍ട്ടി’ ആണെന്നത് അതിനെ അതിന്റെ പുറത്തുള്ളവരുടെകൂടി കണ്‍സേണ്‍ ആക്കിമാറ്റുന്നുണ്ട്.

ഇത് ചൂണ്ടിക്കാണിക്കുന്നവരോട് ‘എല്ലാത്തിനേയും മതത്തിന്റെ മാത്രം കണ്ണിലൂടെ നോക്കിക്കാണുന്ന ദുഷിച്ച ചിന്താഗതിയാണ് നിങ്ങളുടേത്’,
‘ഞങ്ങളില്‍ ഹിന്ദു, മുസ്ലിം എന്നൊന്നുമില്ല, അസ്സല്‍ കമ്മ്യൂണിസ്റ്റുകാര്‍ മാത്രമേ ഉള്ളൂ’,
‘ഇത് പള്ളിക്കമ്മിറ്റിയല്ല’, ‘നിങ്ങള്‍ക്ക് സ്വന്തമായി ഒരു സമ്മേളനം നടത്താന്‍ കഴിവില്ലാത്തത് കൊണ്ടുള്ള അസൂയയാണ്’ എന്നൊക്കെയുള്ള പതിവ് ഡിഫന്‍സിലും തെറിവിളികളിലും കവിഞ്ഞതൊന്നും ന്യായീകരണത്തൊഴിലാളികളില്‍ നിന്ന് പ്രതീക്ഷിക്കുന്നില്ല.

കേരളത്തിലെ ഏറ്റവും വലിയ ഹിന്ദുത്വ പാര്‍ട്ടിയാണ് സിപിഎം, പ്രത്യേകിച്ചും കണ്ണൂര്‍ മോഡല്‍ സിപിഎം. ശാഖാ പരിശീലനവും യോഗയും ശ്രീകൃഷ്ണജയന്തിയും രക്ഷാബന്ധനുമൊക്കെയാണ് അവരുടെ പ്രധാന പാര്‍ട്ടി പരിപാടി എന്നത് യാദൃച്ഛികമല്ല. ചില വൈകാരിക ക്യാമ്പയിനുകളിലൂടെ ന്യൂനപക്ഷവോട്ട് ബാങ്കിലേക്ക് നുഴഞ്ഞുകയറാന്‍ ശ്രമിക്കുന്നതിനപ്പുറം അവരെ രാഷ്ട്രീയമായി ശാക്തീകരിക്കുക എന്നതോ ജനാധിപത്യപരമായി ഉള്‍ക്കൊള്ളുക എന്നതോ സിപിഎമ്മിന്റെ അജണ്ടയിലില്ല എന്ന് വ്യക്തമാവുകയാണ്.