തൊടുപുഴ: വാഗമണ്‍ വട്ടപ്പതാലില്‍ ക്ലിഫ് ഇന്‍ റിസോര്‍ട്ടിലെ നിശാ പാര്‍ട്ടിയില്‍ അറസ്റ്റിലായവരില്‍ മോഡലും. തൃപ്പൂണിത്തുറ സ്വദേശിയായ മോഡലും ഹ്രസ്വ ചിത്രങ്ങളില്‍ അഭിനയിച്ചവരുമെല്ലാം അറസ്റ്റിലായവരിലുണ്ട്. ഡോക്ടര്‍മാരും എന്‍ജിനിയര്‍മാരും വരെ ഇവരുടെ കൂട്ടത്തിലുണ്ട്. സംഘത്തിലുള്ള മൂന്നു പേരുടെ ജന്മദിനാഘോഷത്തിനായാണ് ഇവര്‍ ലഹരിപ്പാര്‍ട്ടി നടത്തിയത്.

ബംഗളൂരു, മഹാരാഷ്ട്ര കേന്ദ്രീകരിച്ചുള്ള ലഹരി മാഫിയാ സംഘങ്ങളാണ് ഇവര്‍ക്ക് ലഹരി പദാര്‍ഥങ്ങള്‍ എത്തിച്ചതെന്നാണ് പൊലീസ് നല്‍കുന്ന വിവരം. മാരകമായ ലഹരി വസ്തുക്കളാണ് ഇവരില്‍ നിന്ന് പിടിച്ചെടുത്തത്.

60 പേരാണ് പാര്‍ട്ടിയില്‍ പങ്കെടുത്തിരുന്നത്. വിവിധ മേഖലകളില്‍ ജോലി ചെയ്യുന്നവരാണ്ഇവര്‍. സാമൂഹിക മാധ്യമങ്ങള്‍ വഴിയാണ് ഇവര്‍ ഒത്തുകൂടിയത്. ഇതിന് നേതൃത്വം നല്‍കിയവരും ലഹരിമരുന്ന് എത്തിച്ചവരുമാണ് നിലവില്‍ പിടിയിലായത്.

എല്‍.എസ്.ഡി. ഉള്‍പ്പെടെയുള്ള ലഹരിമരുന്നുകളും, ഹെറോയിനും കഞ്ചാവും പിടിച്ചെടുത്തവയിലുണ്ട്. എസ്.പി.ക്ക് ലഭിച്ച രഹസ്യവിവരത്തെത്തുടര്‍ന്നായിരുന്നു റെയ്ഡ്.