ദുബായ്: അന്താരാഷ്ട്ര മയക്കുമരുന്നു കള്ളക്കടത്തു തലവന്‍ ഡെനിസ് മാതോഷി ദുബായ് പൊലീസിന്റെ പിടിയില്‍. ദക്ഷിണ അമേരിക്കയ്ക്കും യൂറോപ്പിനും ഇടയില്‍ മയക്കുമരുന്നു വിതരണം ചെയ്യുന്ന കൊംപാനിയ ബെല്ലോ ഗ്യാങിന്റെ തലവനാണ് ഇദ്ദേഹം. ഇയാള്‍ക്കായി അന്താരാഷ്ട്ര കുറ്റാന്വേഷണ ഏജന്‍സികള്‍ നേരത്തെ വലവിരിച്ചിരുന്നു.

പത്ത് രാഷ്ട്രങ്ങളുടെ സഹകരണത്തോടെ നടപ്പാക്കിയ സംയുക്ത ഓപറേഷനിലാണ് ദുബായ് പൊലീസ് ഇയാളെ പിടികൂടിയത്. ലോസ് ബ്ലാന്‍കോസ് എന്നായിരുന്നു സംയുക്ത ഓപറേഷന്റെ പേര്. നിരവധി ദിവസങ്ങളായി ഇയാള്‍ തങ്ങളുടെ നിരീക്ഷണത്തിലായിരുന്നു എന്ന് ദുബൈ പൊലീസ് വാണ്ടഡ് പേഴ്‌സണ്‍ ഡിപ്പാര്‍ട്‌മെന്റ് ഡയറക്ടര്‍ കേണല്‍ സഈദ് അല്‍ ഖാസിമി വെളിപ്പെടുത്തി.

ഇറ്റാലിയന്‍ അധികൃതരാണ് ഇയാളെ കുറിച്ചുള്ള വിവരങ്ങള്‍ കൈമാറിയത്. ഇതോടെ ഇയാളെ ദൈനംദിന കാര്യങ്ങള്‍ നിരീക്ഷിച്ചു. റെഡ് നോട്ടീസ് ലഭിച്ച ഉടന്‍ പിടികൂടുകയായിരുന്നു. ഇയാളെ ഇറ്റാലിയന്‍ അധികൃതര്‍ക്ക് കൈമാറും അദ്ദേഹം വ്യക്തമാക്കി. 2015 മുതല്‍ കൊംപാനിയ ബെല്ലോ ഗ്യാങിന്റെ മയക്കുവിതരണത്തെക്കുറിച്ച് ഇറ്റാലിയന്‍ പൊലീസ് വിശദമായി അന്വേഷണം തുടങ്ങിയിരുന്നു.