കല്‍പ്പറ്റ: വയനാട് ജില്ലയിലെ പ്രധാന വിനോദസഞ്ചാരകേന്ദ്രങ്ങളിലൊന്നായ മേപ്പാടി ചെമ്പ്രാപീക്കിലേക്കുള്ള പ്രവേശനം ഇന്ന് മുതല്‍ പുന:രാരംഭിക്കും. മേപ്പാടി റെയിഞ്ചിലെ ഈ പുല്‍മേട്് ഒമ്പത് മാസത്തിന് ശേഷമാണ് വീണ്ടും തുറക്കുന്നത്. അതേസമയം സഞ്ചാരികളുടെ എണ്ണത്തില്‍ നിയന്ത്രണമേര്‍പ്പെടുത്തിയിട്ടുണ്ട്.

അനിയന്ത്രിതമായി സന്ദര്‍ശകരെ കയറ്റിവിടുന്ന രീതിക്ക് പകരം ദിവസവും 200 പേര്‍ക്കാണ് ഇനിമുതല്‍ പ്രവേശനം. രാവിലെ ഏഴ് മുതല്‍ ഒരുമണിവരെയാണ് പ്രവേശനം. ശക്തമായ വേനലിനെ തുടര്‍ന്ന് ഇക്കഴിഞ്ഞ ജനുവരിയിലാണ് ചെമ്പ്ര അടച്ചിട്ടത്. വേനല്‍ കഴിഞ്ഞെങ്കിലും അതിനിടെ ഇവിടേക്കുള്ള റോഡ് പ്രവൃത്തി ആരംഭിച്ചതിനാല്‍ തുറക്കാന്‍ സാധിച്ചിരുന്നില്ല. ടൂറിസം വകുപ്പിന്റെ 1.80 കോടി രൂപ ഉപയോഗിച്ചാണ് മേപ്പാടിയില്‍ നിന്നും ചെമ്പ്രവരെയുള്ള റോഡ് പ്രവൃത്തി നടക്കുന്നത്. അതിനിടയില്‍ കാലവര്‍ഷം ആരംഭിക്കുകയും ഇവിടേക്കുള്ള റോഡ് ഇടിഞ്ഞ്താഴുകയും ചെയ്തിരുന്നു.

50 മീറ്ററോളം പുതിയ പാത നിര്‍മിച്ചാണ് സഞ്ചാരികളെ കടത്തിവിടുന്നത്. റോഡ് പ്രവൃത്തി പൂര്‍ത്തിയായില്ലെങ്കിലും മേപ്പാടി മുതല്‍ വനസംരക്ഷണ സമിതി ഓഫീസ് വരെ വാഹനഗതാഗതം സാധ്യമാണ്. തുടര്‍ന്ന് ചെമ്പ്രവരെയുള്ള രണ്ട്കിലോമീറ്ററില്‍ വാഹനം കടന്നുപോകുന്നതിന് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. സാഹസികത ഇഷ്ടപപെടുന്ന വിനോദസഞ്ചാരികളുടെ സംസ്ഥാനത്തൈ പ്രധാനപ്പെട്ട കേന്ദ്രങ്ങളിലൊന്നാണ് ചെമ്പ്ര പീക്ക്.