സിനിമയിലെ വനിതാ കൂട്ടായ്മയായ വിമണ്‍ ഇന്‍ സിനിമ കളക്ടീവില്‍(ഡബ്ല്യു.സി.സി) നിന്ന് നടി മഞ്ജുവാര്യര്‍ രാജിവെച്ചുവെന്ന വാര്‍ത്തയോട് പ്രതികരിച്ച് ഡബ്ല്യു.സി.സി അംഗം വിധുവിന്‍സെന്റ്. മഞ്ജുവാര്യര്‍ ഇത്തരത്തിലൊരു കാര്യം ഔദ്യോഗികമായി അറിയിച്ചിട്ടില്ലെന്ന് വിധുവിന്‍സെന്റ് പറഞ്ഞു.

രാജിവെക്കുന്നതു സംബന്ധിച്ച് മഞ്ജുവില്‍ നിന്ന് പ്രതികരണമൊന്നും ഉണ്ടായിട്ടില്ല. വാര്‍ത്തകള്‍ മാത്രമാണ് ഇതുവരെ കണ്ടത്. അത്തരത്തിലൊരു ചര്‍ച്ചയും ഇതുവരെ ഉണ്ടായിട്ടുമില്ലെന്നും വിധുവിന്‍സെന്റ് വ്യക്തമാക്കി. മഞ്ജുവാര്യര്‍ വനിതാ കൂട്ടായ്മയില്‍ നിന്നും രാജിവെച്ചുവെന്നും ഇക്കാര്യം അവര്‍ അമ്മയുടെ പുതിയ പ്രസിഡന്റ് മോഹന്‍ലാലിനെ അറിയിച്ചുവെന്നും കൈരളി ചാനല്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിന് പിറകെയാണ് വിധുവിന്‍സെന്റിന്റെ പ്രതികരണം.

നടി ആക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റിലായ നടന്‍ ദിലീപിനെ അമ്മയിലേക്ക് തിരിച്ചെടുത്തതില്‍ പ്രതിഷേധിച്ചാണ് നാലുനടിമാര്‍ അമ്മയില്‍ നിന്ന് രാജിവെച്ചത്. റിമ കല്ലിങ്കല്‍, രമ്യ നമ്പീശന്‍, ഭാവന, ഗീതുമോഹന്‍ദാസ് എന്നിവരാണ് രാജിവെച്ചത്. അതിനിടെ, മഞ്ജുവാര്യര്‍ ഡബ്ല്യു.സി.സിയില്‍ നിന്നും രാജിവെച്ചുവെന്നും വാര്‍ത്തയുണ്ടായിരുന്നു. വനിതാകൂട്ടായ്മയുമായുള്ള അഭിപ്രായഭിനന്തകള്‍ മൂലം രാജിവെക്കുകയായിരുന്നുവെന്നും പിന്നീട് വിദേശത്തേക്ക് പോയെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.