ലക്‌നൗ: ഹാത്രസ് സംഭവത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഭീം ആര്‍മി മേധാവി ചന്ദ്ര ശേഖര്‍ ആസാദ്. തെരഞ്ഞെടുപ്പിന് മുമ്പ് ദളിതരുടെ കാല്‍ കഴുകുന്ന അതേ പ്രധാനമന്ത്രി യുപിയില്‍ ഒരു ദളിത് പെണ്‍കുട്ടിയെ ക്രൂരമായി പീഡിപ്പിക്കുമ്പോള്‍ മൗനം പാലിക്കുകയാണെന്ന് ആസാദ് വിമര്‍ശിച്ചു. വിട്ടുതടങ്കലില്‍ കഴിയവെ ട്വിറ്ററിലൂടെയായിരുന്നു ഭീം ആര്‍മി മേധാവിയുടെ പ്രതികരണം.

യുപിയില്‍ ഒരു ദളിത് പെണ്‍കുട്ടിയെ ക്രൂരമായി പീഡിപ്പിക്കുമ്പോള്‍ തെരഞ്ഞെടുപ്പിന് മുമ്പ് ദളിതരുടെ കാല്‍ കഴുകുന്ന അതേ പ്രധാനമന്ത്രി മൗനം പാലിക്കുന്നതന്തെന്ന്, ട്വിറ്ററില്‍ പുറത്തിറക്കിയ വീഡിയോയില്‍ ആസാദ് ചോദിച്ചു.

ദളിതരെ കൊല്ലരുത്, അത് എന്നെ കൊല്ലുന്നപൊലെയാണ് എന്ന് പ്രധാനമന്ത്രി പറയുന്നു. തെരഞ്ഞെടുപ്പിന് മുമ്പ് ദളിതരുടെ കാലുകള്‍ കഴുകുന്നു. പെണ്‍മക്കളെ രക്ഷിക്കുക – മകളെ പഠിപ്പിക്കുക എന്ന് പറയുന്നു. എന്നാല്‍ രണ്ടാം തവണയും അദ്ദേഹത്തെ അധികാരത്തിലേറ്റിയ അതേ യുപിയിലാണ് ഹാത്രസുള്ളത്, പ്രധാനമന്ത്രിക്ക് ഇത് അറിയില്ലേ? ഹാത്രസിന്റെ മൃഗീയതയെക്കുറിച്ച് മോദി ജി എന്തിനാണ് മൗനം പാലിക്കുന്നത്? എന്തുകൊണ്ടാണ് നമ്മുടെ സഹോദരിയെ മാലിന്യം പോലെ ചുട്ടുകളഞ്ഞത്?, ഭീം ആര്‍മി മേധാവി ചോദിച്ചു.

യുപിയിലെ ഹാത്രാസില്‍, ഒരു മകള്‍ക്കെതിരെ കൊടുംക്രൂരത നടക്കുന്നു, അവളുടെ നട്ടെല്ല് ഒടിക്കുന്നുു, നാവ് മുറിച്ചെടുക്കുന്നു, പിന്നീട് പൊലീസ് അവളുടെ കുടുംബത്തെ ബന്ദികളാക്കി ഭീഷണിപ്പെടുത്തുന്നു. യോഗിയുടെ യുപിയില്‍ മനുഷ്യത്വം ലജ്ജിക്കുകയാണ്. എന്നാല്‍ പ്രധാനമന്ത്രി മോദി ഒന്നും മിണ്ടുന്നില്ല. ഇരയുടെയും കുടുംബത്തിന്റെയും നിലവിളി പ്രധാനമന്ത്രി കേള്‍ക്കുന്നില്ല. അതു ശരിയല്ല, നീതിയുമല്ല, ചന്ദ്ര ശേഖര്‍ ആസാദ് തുടര്‍ന്നു.

നിങ്ങള്‍ എത്രത്തോളം മൗനിയായ പ്രധാനമന്ത്രിയായി തുടരും? നിങ്ങളുടെ മൗനം പെണ്‍മക്കള്‍ക്ക് ഭീഷണിയാണ്. നിങ്ങള്‍ സംസാരിക്കണം. ഈ ചോദ്യങ്ങള്‍ക്കെല്ലാം ഉത്തരം ലഭിക്കുന്നതിന് ഞങ്ങള്‍ ഇന്ന് വൈകുന്നേരം ഞങ്ങള്‍ ഡല്‍ഹിലേക്ക് വരുന്നു. 5 മണിക്ക് ഇന്ത്യാ ഗേറ്റിലെത്തും നിങ്ങള്‍ ഉത്തരം നല്‍കുകയും നീതി നടപ്പാക്കുകയും വേണം, ഭീം ആര്‍മി മേധാവ് മുന്നറിയിപ്പു നല്‍കി.

അതേസമയം, ഭീം ആര്‍മി വെള്ളിയാഴ്ച വൈകുന്നേരം ഇന്ത്യാ ഗേറ്റില്‍ പ്രതിഷേധം വിളിച്ചത് കണക്കിലെടുത്ത് ഡല്‍ഹിയില്‍ പൊലീസ് കനത്ത സുരക്ഷ ഒരുക്കി. ഇന്ത്യാ ഗേറ്റ് പരിസരത്ത് വലിയ പ്രകടനം ഡല്‍ഹി പോലീസ് നിരോധിച്ചു. അതിനിടെ ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദിനെ വീട്ടുതടങ്കലിലാക്കിയതായും ആരോപണമുണ്ട്. ഉത്തര്‍ പ്രദേശില്‍ ക്രൂര ബലാത്സംഗത്തിനിരയായി ദളിത് പെണ്‍കുട്ടി മരിച്ചതിന് പിന്നാലെ പ്രതിഷേധം സംഘടിപ്പിച്ചതിനാണ് നടപടി.

ഹാത്രസിലെ ദളിത് പെണ്‍കുട്ടിയുടെ രക്ഷിതാക്കള്‍ക്കൊപ്പം ഡല്‍ഹിയില്‍നിന്ന് പെണ്‍കുട്ടിയുടെ വീട്ടിലേക്ക് തിരിച്ച ചന്ദ്രശേഖര്‍ ആസാദിനെ ഉത്തര്‍ പ്രദേശ് പോലിസ് ബുധനാഴ്ചയാണ് അറസ്റ്റ് ചെയ്തിരുന്നു്. ഇതിന് പിന്നാലെ ആസാദിനെ സഹാറന്‍പൂറില്‍ വീട്ടുതടങ്കലിലാക്കിയതായാണ് റിപ്പോര്‍ട്ടുകള്‍.