kerala

‘ഞങ്ങളും ജനാധിപത്യത്തില്‍ വിശ്വസിക്കുന്നു’; മനസ് നിറഞ്ഞ് വോട്ട് ചെയ്ത് അന്തേവാസികള്‍

By webdesk18

December 10, 2025

എസ്. സുധീഷ്‌കുമാര്‍

കൊച്ചി: ഇടുക്കികാരി ഏലികുട്ടിയും കോട്ടയത്തുകാരന്‍ ജോസും തിരുവനന്തപുരത്തുകാരി മറിയാമ്മയും തൃശൂരില്‍ നിന്നുള്ള സിസിയും വോട്ട് ചെയ്തത് ഒരു ബൂത്തില്‍. എറണാകുളം സെന്റ് ആല്‍ബര്‍ട്ട് കോളജ് ബൂത്തിലെത്തിയപ്പോള്‍ ഇവര്‍ മനസിലെ നോമ്പരങ്ങള്‍ മറന്നു. അലങ്കരിച്ച ബൂത്തും തിരക്കും കണ്ടപ്പോള്‍ മനസില്‍ ആവേശം അലതല്ലി. സ്വന്തം നാടും തെരഞ്ഞെടുപ്പും മനസിലേക്കോടിയെത്തി. ഓര്‍മകളില്‍ വീണ്ടുമൊരു തെരഞ്ഞെടുപ്പ് കാലമെത്തിയപ്പോള്‍ എല്ലാവരുടെയും മനസ് ഒന്നിടറി, എങ്കിലും സിസ്റ്റര്‍ ജെബി ഫെര്‍ണാണ്ടസിന്റെ കൈപിടിച്ച് ബൂത്തിലേക്ക്. വരാപ്പപുഴ അതിരൂപതക്ക് കീഴിലുള്ള ഹൗസ് ഓഫ് പ്രൊവിഡന്‍സിലെ അന്തേവാസികളാണ് ഇന്നലെ കൊച്ചി മുന്‍സിപ്പല്‍ കോര്‍പ്പറേഷനില്‍ വോട്ട് ചെയ്തത്.

80 അന്തേവാസികളാണ് ഹൗസ് ഓഫ് പ്രൊവിഡന്‍സിലുള്ളത്. കുടുംബത്തിലെ വിഷമതകളെ തുടര്‍ന്നാണ് വിവിധ നാടുകളില്‍ നിന്നായി പലരും പല വര്‍ഷങ്ങളിലായി പ്രൊവിഡന്‍സില്‍ എത്തിയത്. 1937ല്‍ ആരംഭിച്ച പ്രൊവിഡന്‍സില്‍ എത്തിച്ചേരുന്നവരെയെല്ലാം സ്ഥാപനം ഉള്‍പ്പെടുന്ന കോര്‍പ്പറേഷന്‍ ഡിവിഷന്റെ വോട്ടര്‍പട്ടികയില്‍ ഉള്‍പ്പെടുത്തും. ഇതോടെ കോട്ടയത്തു നിന്നെത്തിയവരും തൃശൂരില്‍ നിന്നെത്തിയവരും മലബാറില്‍ നിന്നെത്തിയവരും കൊച്ചി കോര്‍പ്പറേഷനിലെ വോട്ടര്‍മാരായി. സ്റ്റാഫുകളും അന്തേവാസികളും അടക്കം നൂറിന് അടുത്ത് വോട്ട് പ്രൊവിഡന്‍സ് ഹോമിലുണ്ട്. എന്നാല്‍, 48 അന്തേവാസികള്‍ മാത്രമാണ് ഇന്നലെ വോട്ട് ചെയ്തത്. ബാക്കിയുള്ളവരില്‍ പലരെയും ശാരീരിക അവശതകള്‍ തളര്‍ത്തി കളഞ്ഞു. സ്ഥാനാര്‍ത്ഥികള്‍ തങ്ങളെ കാണാനെത്തിയിരുന്നതായി കോട്ടയം സ്വദേശിയായ ജോസ് പറഞ്ഞു. ‘വോട്ട് ചെയ്യാതിരിക്കാന്‍ കഴിയില്ല. ജനാധിപത്യത്തില്‍ വിശ്വസിക്കുന്നുണ്ട്. അതിനാലാണ് അവശതകള്‍ ഉണ്ടെങ്കിലും പോളിങ് സ്‌റ്റേഷനിലെത്തിയത്’-ജോസ് പറഞ്ഞു.

വോട്ടിനാണെങ്കിലും പുറത്തേക്കിറങ്ങാനായതിന്റെ സന്തോഷം ഏലിക്കുട്ടിയുടെയും സിസിലിയുടെയും മുഖത്തു കാണാമായിരുന്നു. ആളുകളെ കണ്ടതോടെ പലരുടെയും മുഖം വിടര്‍ന്നു. രാവിലെ 10 മണിയോടെ മദര്‍ സുപ്പീരിയര്‍ മേരി പോളിന്റെയും സിസ്റ്റര്‍ ജെബി ഫെര്‍ണാണ്ടസിന്റെയും കൈപിടിച്ച് ഓരോരുത്തരായി പോളിങ് സ്‌റ്റേഷനിലേക്കെത്തി. പലര്‍ക്കും അവശതയുണ്ടായിരുന്നു. ചിലര്‍ ക്യൂവില്‍ നിന്നു. ചിലരാവട്ടെ പോളിങ് സ്‌റ്റേഷനില്‍ സ്ഥാപിച്ച ഇരിപ്പിടങ്ങളില്‍ ഇരുന്നു. ഓരോരുത്തരുടെയും സമയമെത്തിയപ്പോള്‍ കൃത്യതയോടെ ഒപ്പിട്ടും വിരല്‍ പതിപ്പിച്ചും വോട്ട് ചെയ്തു. മുന്‍പും ഇലക്ട്രോണിക് മെഷീനില്‍ വോട്ട് ചെയ്തിരുന്നതിനാല്‍ ആര്‍ക്കും ആശങ്കയൊട്ടുമുണ്ടായിരുന്നില്ല. ജനാധിപത്യത്തിന്റെ ഭാഗമാകാന്‍ കഴിഞ്ഞതിന്റെ ആത്മവിശ്വാസത്തിലാണ് ഇവര്‍ 12 മണിയോടെ വോട്ട് ചെയ്തു മടങ്ങിയത്. ഇവര്‍ക്കൊപ്പം മദര്‍സുപ്പീരിയര്‍ മേരി പോളും സിസ്റ്റര്‍ ജെബിയും വോട്ട് ചെയ്തു. വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കുന്ന സമയത്ത് അന്തേവാസികളെയെല്ലാം വോട്ടര്‍ പട്ടികയില്‍ ചേര്‍ക്കുമെന്നും എല്ലാ തെരഞ്ഞെടുപ്പിലും വോട്ട് ചെയ്യിക്കാറുണ്ടെന്നും ഇരുവരും പറഞ്ഞു.

എറണാകുളം സെന്റ് ആല്‍ബര്‍ട്‌സ് സ്‌കൂളിലെ പോളിംഗ് ബൂത്തില്‍ വോട്ട് രേഖപ്പെടുത്തി പുറത്തേക്കിറങ്ങുന്ന ഹൗസ് ഓഫ് പ്രൊവിഡന്‍സ് അന്തേവാസികളായ 89കാരി കൊച്ചുത്രേസ്യ ജോര്‍ജും,ഏലിക്കുട്ടിയും, ത്രേസി ചിക്കുവും.