കൊച്ചി: എറണാംകുളം മഹാരാജാസ് കോളേജില്‍ നിന്നും കണ്ടെത്തിയ വസ്തുക്കള്‍ മാരകായുധങ്ങളാണെന്ന് എഫ്.ഐ.ആര്‍. ഇന്നലെയാണ് കോളേജിലെ സ്റ്റാഫ് കോര്‍ട്ടേഴ്സില്‍ വിദ്യാര്‍ത്ഥികള്‍ ഉപയോഗിച്ചിരുന്ന മുറിയില്‍ നിന്ന് ആയുധങ്ങള്‍ പിടിച്ചെടുത്തത്. സെര്‍ച്ച് ലിസ്റ്റിലും എഫ്ഐആറിലും പിടിച്ചെടുത്തത് മാരകായുധങ്ങളാണെന്നാണ് പറയുന്നത്.

അതേസമയം, മാരകായുധങ്ങള്‍ കണ്ടെത്തിയിട്ടില്ലെന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞത്. നിയമസഭയില്‍ പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയ നോട്ടീസിനുള്ള ചര്‍ച്ചയിലാണ് കോളേജില്‍ നിന്നും ആയുധങ്ങള്‍ കണ്ടെത്തിയ സംഭവത്തില്‍ മുഖ്യമന്ത്രി പ്രതികരിച്ചത്്. കണ്ടെത്തിയത് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുന്ന ഉപകരണങ്ങളാണെന്നും മുഖ്യമന്ത്രി വിശദീകരിച്ചിരുന്നു. എന്നാല്‍ ഈ വിശദീകരണം എഫ്ഐആര്‍ പുറത്ത് വന്നതോടെ പൊളിഞ്ഞിരിക്കുകയാണ്.

പിടി തോമസ് എം.എല്‍.എയാണ് അടിയന്തിര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്. എന്നാല്‍ സ്പീക്കറുള്‍പ്പെടെ ഈ വിഷയത്തില്‍ അടിയന്തിര പ്രമേയത്തിന് പ്രാധാന്യമില്ലെന്നാണ് പറഞ്ഞത്. പിന്നീട് സംസാരിച്ച മുഖ്യമന്ത്രിയാണ് സംഭവത്തെ ന്യായീകരിച്ചത്.

കോളജില്‍ നിന്നും മാരാകായുധങ്ങള്‍ കണ്ടെത്തിയിട്ടില്ല. വടിവാളോ ബോംബോ ഉണ്ടായിട്ടുമില്ല.
കറുത്ത ഫ്ളെക്സില്‍ പൊതിഞ്ഞ ഇരുമ്പ് പൈപ്പുകള്‍,സ്റ്റീല്‍ പൈപ്പ്, വാര്‍ക്കകമ്പികള്‍, ഇരുമ്പ് വെട്ട് കത്തി, കുറുവടി, മുളവടി, പലകകഷ്ണങ്ങള്‍ എന്നിവയാണ് കണ്ടെടുത്തത്. ഇതാരാണ് കൊണ്ടുവച്ചതെന്ന് അറിയാന്‍ അന്വേഷണം നടത്തിവരികയാണ്. അവിടെ അടുത്ത് തന്നെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ടെന്നാല്‍ വിവരം. വളരെ പ്രശസ്തമായ ഒരു കോളേജിനെ ഇത്തരത്തില്‍ മോശമാക്കാന്‍ പ്രതിപക്ഷം ശ്രമിക്കുകയാണെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു.