കൊല്‍ക്കത്ത: പശ്ചിമബംഗാളിന് ഇനി മുതല്‍ ബംഗ്ലയെന്ന പേരില്‍ അറിയപ്പെടും. ഇതുസംബന്ധിച്ച നടപടിക്രമങ്ങള്‍ അവസാനഘട്ടത്തിലാണ്. പേരുമാറ്റത്തെ മുഴുവന്‍ പാര്‍ട്ടികളും അനുകൂലിച്ച് നിയമസഭയില്‍ പ്രമേയം പാസാക്കി. കേന്ദ്ര സര്‍ക്കാറിന്റെ കൂടി അനുമതി ലഭിക്കുന്നതോടെ പേരുമാറ്റത്തിന് ഔദ്യോഗികമായി അംഗീകാരമാകും.

രണ്ടു വര്‍ഷം മുമ്പ് പേരുമാറ്റണമെന്ന ആവശ്യം ശക്തമായിരുന്നു. അന്ന് മൂന്നു പേരുകള്‍ തൃണമൂല്‍ കോണ്‍ഗ്രസ് മുന്നോട്ടു വെച്ചത്. ബംഗാളി ഭാഷയില്‍ ബംഗ്ലാ എന്നും ഹിന്ദി ഭാഷയില്‍ ബാംഗള്‍ എന്നും ഇംഗ്ലീഷില്‍ ബംഗാള്‍ എന്നും വിളിക്കുന്ന രീതിയില്‍ പേരുമാറ്റണമെന്നാണ് തൃണമൂല്‍ ആവശ്യപ്പെട്ടത്. എന്നാല്‍ കേന്ദ്രം ഇത് എതിര്‍ത്തു.

ഏകീകൃത പേരു മാത്രമേ അംഗീകരിക്കാന്‍ സാധിക്കുകയുള്ളൂവെന്നാണ് കേന്ദ്രം നിലപാട് അറിയിച്ചത്. ഇതേത്തുടര്‍ന്നാണ് ബംഗ്ല ആക്കാന്‍ തീരുമാനിച്ചത്. നിലവില്‍ സംസ്ഥാനത്ത് പശ്ചിമ ബംഗാളിനെ പശ്ചിംബംഗാ എന്ന പേരിലാണ് അറിയപ്പെടുന്നത്. 2011ല്‍ ബുദ്ധദേവ് സര്‍ക്കാറാണ് ഈ പേരുമാറ്റം നടത്തിയത്.