ജയ്പൂര്‍: പശുക്കളെയും ബ്രാഹ്മണരെയും സ്ത്രീകളെയും ബഹുമാനിക്കണമെന്ന് ഹുമയൂണ്‍ ബാബറിനെ ഉപദേശിച്ചിരുന്നെന്ന് ബി.ജെ.പിയുടെ രാജസ്ഥാന്‍ പ്രസിഡന്റ് മദന്‍ ലാല്‍ സൈനി. ഇന്ത്യ ഭരിക്കണമെങ്കില്‍ പശുക്കളെയും ബ്രാഹ്മണന്മാരെയും സ്ത്രീകളെയും ഒരുപോലെ ബഹുമാനിക്കേണ്ടതുണ്ടെന്ന് മുഗള്‍ ചക്രവര്‍ത്തി ഹുമയൂണ്‍ മരണക്കിടക്കയില്‍ വെച്ച് പിതാവായ ബാബറിനോടു പറഞ്ഞിരുന്നെന്നാണ് സൈനിയുടെ പ്രസ്താവന. പരാമര്‍ശം ഇതിനോടകം വിവാദമാവുകയായിരുന്നു.

മരണക്കിടക്കയിലായിരുന്ന ഹുമയൂണ്‍ ബാബറിനെ അടുത്തുവിളിച്ച് ഹിന്ദുസ്ഥാന്‍ ഭരിക്കണമെന്ന് ആഗ്രഹമുണ്ടെങ്കില്‍ മൂന്നു കാര്യങ്ങള്‍ നിര്‍ബന്ധമായും ശ്രദ്ധിക്കണമെന്ന് പറഞ്ഞുവെന്നാണ് എം.പിയുടെ പരാമര്‍ശം. പശുക്കള്‍, ബ്രാഹ്മണന്മാര്‍, സ്ത്രീകള്‍ എന്നിവരെ ബഹുമാനിക്കണം. ഈ മൂന്നു കൂട്ടര്‍ക്കും ഉണ്ടാകുന്ന അപമാനം ഹിന്ദുസ്ഥാനികള്‍ സഹിക്കില്ല-എന്നായിരുന്നു മാധ്യമങ്ങളോടു സംസാരിക്കവേ സൈനി നടത്തിയ പരാമര്‍ശം. എന്നാല്‍ ചരിത്രപരമായി ഇത് തെറ്റാണ്. ഇതിനെതിരെ സാമൂഹ്യമാധ്യമങ്ങളിലുള്‍പ്പെടെ നിരവധി വിമര്‍ശനങ്ങളാണ് ഉയര്‍ന്നുവരുന്നത്.

ഹുമയൂണ്‍ മരിക്കുന്നത് 1556ല്‍ ആണ്. ഇതിനും ഇരുപത്തിയഞ്ചു വര്‍ഷങ്ങള്‍ക്കു മുന്നേ 1531ല്‍ ബാബര്‍ മരിച്ചിരുന്നുവെന്നാണ് വിവാദ പ്രസ്താവനയെ വിമര്‍ശിച്ച് സാമൂഹ്യമാധ്യമങ്ങള്‍ വ്യക്തമാക്കുന്നത്.

പശുക്കടത്താരോപിച്ച് ആള്‍വാറില്‍ യുവാവിനെ അടിച്ചുകൊന്ന സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് സൈനിയുടെ പ്രസ്താവന. മരണത്തിനു മുന്നേ നേരിട്ട ഗുരുതര പരിക്കുകള്‍ കാരണമാണ് മര്‍ദ്ദനത്തിനിരയായ അക്ബര്‍ ഖാന്‍ മരിച്ചതെന്നാണ് പോസ്റ്റു മോര്‍ട്ടം റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നത്. 13 ഗുരുതര പരിക്കുകളാണ് അക്ബറിന്റെ ശരീരത്തില്‍ ഉണ്ടായിരുന്നത്.