X

സ്‌കൂള്‍ പാഠ്യപദ്ധതി പരിഷ്‌കരിക്കുമ്പോള്‍

അബ്ദുല്ല വാവൂര്‍

പത്ത് വര്‍ഷത്തെ ഇടവേളക്ക്‌ശേഷം സംസ്ഥാനത്ത് സ്‌കൂള്‍ പാഠ്യപദ്ധതി പരിഷ്‌കരണത്തിനുള്ള പ്രവര്‍ത്തനങ്ങള്‍ തുടങ്ങിക്കഴിഞ്ഞു. പരിഷ്‌കരണത്തിന്റെ മുന്നോടിയായി കേരള പാഠ്യപദ്ധതി ചട്ടക്കൂട് 2022 തയ്യാറാക്കാനുള്ള ചര്‍ച്ചാകുറിപ്പുകള്‍ സമൂഹ ചര്‍ച്ചക്കായി പുറത്തിറക്കി കഴിഞ്ഞു. 25 മേഖലകളില്‍ 25 ഫോക്കസ് ഗ്രൂപ്പുകള്‍ രൂപീകരിച്ചു അതിന്റെ മേല്‍നോട്ടത്തില്‍ ചര്‍ച്ചകളും അഭിപ്രായ ക്രോഡീകരണവും നടത്തി കേരള പാഠ്യപദ്ധതി ചട്ടക്കൂട് 2022 പുറത്തിറക്കും.

34 വര്‍ഷങ്ങള്‍ക്ക് ശേഷം പുറത്തിറക്കിയ ദേശീയ വിദ്യാഭ്യാസ നയം 2020 കേന്ദ്ര സര്‍ക്കാര്‍ അംഗീകരിക്കുകയും അതിലെ നിര്‍ദേശങ്ങള്‍ ഓരോന്നോരോന്നായി നടപ്പാക്കി വരികയുമാണ്. ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ചുവട്പിടിച്ചു സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലും സ്‌കൂള്‍ പാഠ്യപദ്ധതി പരിഷ്‌കരിക്കേണ്ടതുണ്ട്. അതിനുള്ള മാര്‍ഗരേഖ എന്ന നിലയില്‍ ദേശീയ പാഠ്യപദ്ധതി ചട്ടക്കൂട് കേന്ദ്രം തയ്യാറാക്കുകയും അത് രേഖയായി സ്വീകരിച്ചു സംസ്ഥാനങ്ങള്‍ ചട്ടക്കൂട് തയ്യാറാക്കലുമാണ് നേരത്തെയുള്ള രീതി. കേന്ദ്രം ദേശീയ പാഠ്യപദ്ധതി ചട്ടക്കൂട് തയ്യാറാക്കാനുള്ള മാന്‍ഡേറ്റ് പുറത്തിറക്കി എന്നതൊഴിച്ചാല്‍ തുടര്‍ പ്രവര്‍ത്തനങ്ങള്‍ നടത്താതെ സംസ്ഥാനങ്ങളോട് ആദ്യം പാഠ്യപദ്ധതി ചട്ടക്കൂട് ഉണ്ടാക്കാന്‍ നിര്‍ദേശിച്ചിരിക്കയാണ്. ഇത്തരമൊരു പശ്ചാത്തലത്തിലാണ് കേരളം പാഠ്യപദ്ധതി പരിഷ്‌കരണവുമായി മുന്നോട്ട്‌പോകുന്നത്.

കേരളത്തില്‍ വിദ്യാഭ്യാസ മേഖലയില്‍ അക്കാദമികരംഗത്ത് സമൂല പരിഷ്‌കരണങ്ങള്‍ക്ക് തുടക്കംകുറിച്ചത് തൊണ്ണൂറുകളില്‍ ആണ്. 1986ലെ ദേശീയ വിദ്യാഭ്യാസ നയത്തിലും 2009ലെ വിദ്യാഭ്യാസ അവകാശ നിയമത്തിലും പറഞ്ഞ സ്‌കൂള്‍ പ്രാപ്യത, പഠന തുടര്‍ച്ച ഉറപ്പാക്കല്‍ എന്നിവയൊക്കെ സംസ്ഥാനം ഏറെക്കുറെ പരിഹരിച്ച പ്രശ്‌നങ്ങളാണ്. ഇവിടെ ഒന്നാം ക്ലാസ്സില്‍ പ്രവേശനം നേടുന്ന കുട്ടികളില്‍ തൊണ്ണൂറ് ശതമാനത്തില്‍ കൂടുതല്‍ പന്ത്രണ്ടാം ക്ലാസ്‌വരെ വിദ്യാഭ്യാസം പൂര്‍ത്തിയാക്കുന്നുണ്ട്. ദേശീയ തലത്തില്‍ ഇത് 40 ശതമാനം മാത്രമാണ്. എന്നാല്‍ വിദ്യാഭ്യാസ ഗുണനിലവാരത്തില്‍ പ്രതീക്ഷിത നേട്ടം കൈവരിക്കാന്‍ കഴിഞ്ഞിട്ടുമില്ല.

വിദ്യാഭ്യാസ ഗുണനിലവാരം ഉയര്‍ത്താനായി ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങള്‍ കേരളത്തില്‍ നടപ്പാക്കിയിട്ടുണ്ട്. അതില്‍ പ്രധാനപ്പെട്ട ഒന്നായിരുന്നു 1994ല്‍ നടപ്പാക്കിയ അവശ്യപഠന നിലവാര (MLL) പദ്ധതി. പ്രാഥമിക വിദ്യാഭ്യാസ കാലഘട്ടത്തില്‍ പ്രതീക്ഷിക്കപ്പെടുന്ന ഒരു കൂട്ടം പ്രാപ്തികള്‍ പ്രാവിണ്യ നിലവാരത്തില്‍ എല്ലാകുട്ടികളും നേടിയിരിക്കുക എന്നതായിരുന്നു പദ്ധതിയുടെ ലക്ഷ്യം. വിദ്യാഭ്യാസ ഗുണനിലവാരം ഉറപ്പാക്കാന്‍ നടത്തിയ ശ്രമങ്ങളുടെ പട്ടികയിലെ പ്രധാന നാഴികക്കല്ലായിരുന്നു ഇത്. 1995മുതല്‍ കേരളത്തിലെ തിരഞ്ഞെടുക്കപ്പെട്ട ആറ് ജില്ലകളില്‍ ഒന്ന് മുതല്‍ നാല് വരെ ക്ലാസ്സുകളില്‍ നടപ്പിലാക്കിയ ഡി.പി.ഇ.പി പദ്ധതിയുടെ അനുഭവങ്ങളും പിന്നീട് നടന്ന പാഠ്യപദ്ധതി പരിഷ്‌കരണത്തിലേക്ക് നയിച്ചു. 1997ല്‍ ശിശു കേന്ദ്രീകൃത സമീപനവും ജ്ഞാന നിര്‍മിതി വാദത്തിന്റെ താത്വികാടിത്തറയിലും പാഠ്യപദ്ധതി പരിഷ്‌കരിച്ചു. ഈ പരിഷ്‌കരണത്തോടെ പരമ്പരാഗതമായ പഠന രീതിയില്‍ കാതലായ മാറ്റം വന്നു. പഠനം കുട്ടികള്‍ക്ക് ആകര്‍ഷകവും അവരില്‍ ആഹ്ലാദകരമായ മാനസികാവസ്ഥയും സൃഷ്ടിച്ചു. പ്രവര്‍ത്തനാധിഷ്ഠിതവും പ്രക്രിയബന്ധിതവുമായ പഠന തന്ത്രങ്ങള്‍ ക്ലാസ്മുറികളില്‍ ആവിഷ്‌കരിക്കപ്പെട്ടു. മൂല്യനിര്‍ണയ രീതി സമഗ്രമായി പരിഷ്‌കരിച്ചു. ടെര്‍മിനല്‍ പരീക്ഷയോടൊപ്പം നിരന്തര വിലയിരുത്തല്‍ കൂടി കൊണ്ട് വന്നു. ഓര്‍മ പരീക്ഷിക്കുന്ന രീതിയില്‍നിന്ന് അന്വേഷണ നിരീക്ഷണ പാടവവും അപഗ്രഥന വിശകലന ശേഷിയുമൊക്കെ വിലയിരുത്തലിന്റെ ഭാഗമായി. 2005ല്‍ രാജ്യത്താദ്യമായി കേരളത്തില്‍ എസ്.എസ്.എല്‍.സി പരീക്ഷക്ക് മാര്‍ക്കിന് പകരം ഗ്രേഡിംഗ് നടപ്പാക്കി.

2005ല്‍ ദേശീയ പാഠ്യപദ്ധതി ചട്ടക്കൂട് നിലവില്‍ വന്നു. അതിനനുസൃതമായി കേരള പാഠ്യപദ്ധതി ചട്ടക്കൂട് 2007 രൂപീകൃതമായി. അത്‌വരെ കേരളം പിന്തുടര്‍ന്ന ജ്ഞാന നിര്‍മിതി, സാമൂഹ്യജ്ഞാന നിര്‍മിതി സമീപനത്തിലേക്ക് മറ്റൊരു ആശയം കൂടി കടന്ന്‌വന്നു. ബ്രസീലിയന്‍ ചിന്തകനായ പൗലോ ഫ്രെയറുടെ വിമര്‍ശനാത്മക ബോധനമാണത്. യുക്തിസഹവും കാര്യകാരണ ബന്ധവുമായ രീതികളിലൂടെ വിദ്യാര്‍ത്ഥിയെ മുന്നോട്ട് നയിക്കാന്‍ വേണ്ടിയുള്ള പാഠ്യപദ്ധതിയുടെ ചാലക ശക്തി വിമര്‍ശനാധിഷ്ഠിത ബോധന രീതിയാണ്. ഈ ദര്‍ശനം പാഠ്യപദ്ധതിയില്‍ വന്നത് പ്രശ്‌നോന്നീത സമീപനത്തിലൂടെയാണ്. എട്ട് പ്രശ്‌നമേഖലകളില്‍ ഊന്നി കൊണ്ടുള്ള പാഠ്യപദ്ധതി സമീപനം വലിയ വിവാദങ്ങളുണ്ടാക്കി. മതേതര ആശയങ്ങള്‍ സന്നിവേശിപ്പിക്കാനായി (പറയപ്പെടുന്ന ലക്ഷ്യം) ഏഴാംതരം സാമൂഹ്യശാസ്ത്രത്തില്‍ മത മില്ലാത്ത ജീവന്‍ എന്ന ശീര്‍ഷത്തില്‍ ഒരു പാഠം കൊണ്ട് വന്നു. അത് വലിയ പ്രതിഷേധങ്ങള്‍ക്ക് വഴിവെച്ചു. പ്രതിഷേധങ്ങളെ തുടര്‍ന്ന് വിവാദ പാഠങ്ങള്‍ ഒഴിവാക്കി. 2007ലെ പരിഷ്‌കാരം അക്കാദമിക മേഖലയെ പിറകോട്ടടിപ്പിച്ചു എന്നാണ് പിന്നീട് കണ്ടെത്തിയത്. അന്നത്തെ സര്‍ക്കാര്‍ പരിഷ്‌കരിച്ച പാഠ്യപദ്ധതിയിലെ പ്രശ്‌നങ്ങള്‍ കണ്ടെത്തി റിപ്പോര്‍ട്ട് തയ്യാറാക്കി സമര്‍പ്പിക്കാനായി ഡോ. കെ.എന്‍ പണിക്കരുടെ നേതൃത്വത്തില്‍ കമ്മിറ്റിയെ വെച്ചു. പാഠ്യപദ്ധതിയില്‍ നിരവധി പ്രശ്‌നങ്ങള്‍ കമ്മിറ്റി കണ്ടെത്തി. 2010ല്‍ ഡോ. നാഗരാജുവിന്റെ നേതൃത്വത്തില്‍ എസ്.സി.ഇ.ആര്‍.ടി പാഠപുസ്തകങ്ങളെ കുറിച്ചും പാഠ്യപദ്ധതിയെ കുറിച്ചും പഠനം നടത്തുകയുണ്ടായി. ഈ പഠനത്തിലും ഒട്ടേറെ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാണിക്കുകയുണ്ടായി. പാഠപുസ്തങ്ങളില്‍ ഉള്ളടക്കക്കുറവുണ്ടെന്നും സാമൂഹ്യ പ്രശ്‌നങ്ങളെ കുറിച്ചുള്ള ഉള്‍ക്കാഴ്ചകള്‍ കുട്ടികള്‍ക്ക് ലഭ്യമാക്കാന്‍ വേണ്ടി അദ്ധ്യാപക സഹായികളില്‍ കൊടുത്തപ്രവര്‍ത്തനങ്ങള്‍ അപര്യാപ്തമാണെന്നും പഠനം കണ്ടെത്തി. നിര്‍ദേശങ്ങളും പഠനങ്ങളും സര്‍ക്കാരിന് മുമ്പില്‍ സമര്‍പ്പിച്ചെങ്കിലും കാര്യമായ ഇടപെടലുകള്‍ ഇല്ലാതെ പോയി.

2011 ല്‍ പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ വിദ്യാഭ്യാസ വകുപ്പ് അന്നത്തെ പാഠ്യപദ്ധതിയിലുള്ള പ്രശ്‌നങ്ങള്‍ പഠിച്ചു റിപ്പോര്‍ട്ട് സമര്‍പ്പിക്കാനായി മുന്‍ അലിഗഡ് സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. പി.കെ അബ്ദുല്‍ അസീസ് ചെയര്‍മാനായി വിദഗ്ധ സമിതിയെ നിയമിച്ചു. സോഷ്യല്‍ കണ്‍സ്ട്രക്ടീവിസം, വിമര്‍ശനാത്മക ബോധനം എന്നിവയില്‍ ബോധനം പരിമിതപെടുത്തിയത് ഫലപ്രദമായി ബോധനം നടത്തുന്നതിന് അധ്യാപകര്‍ക്ക് തടസ്സമായി കമ്മിറ്റി കണ്ടെത്തി. ഭാഷാ പഠനത്തില്‍ അക്ഷരബോധം, പദബോധം എന്നിവയുടെ ഉപയോഗത്തിലും വിദ്യാര്‍ഥികള്‍ പിന്നാക്കമായി തുടങ്ങിയ കണ്ടെത്തലുകളുടെ അടിസ്ഥാനത്തില്‍ 2013ല്‍ സംസ്ഥാനത്തെ പാഠ്യപദ്ധതി സമഗ്രമായി പരിഷ്‌കരിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. 2014-15 വര്‍ഷത്തില്‍ 1,3,5,7,9 ക്ലാസ്സുകളിലേതും 201516ല്‍ 2,4,6,8,,12 ക്ലാസുകളിലേതും 201617ല്‍ 10,11 ക്ലാസ്സുകളിലേതും പരിഷ്‌കരിച്ചു. ഈ പാഠ്യപദ്ധതിയാണ് നിലവിലുള്ളത് .

ജ്ഞാന നിര്‍മിതി വാദത്തിലധിഷ്ഠിതമായ പഠന നേട്ടങ്ങള്‍ ഉറപ്പാക്കുന്ന പാഠ്യപദ്ധതിയാണിപ്പോഴുള്ളത് എന്നതാണിതിന്റെ സവിശേഷത. പ്രവര്‍ത്തനാധിഷ്ഠിതവും പ്രക്രിയാബന്ധിതവുമായ പഠന തന്ത്രങ്ങളാണ് പുസ്തകങ്ങളില്‍ ആവിഷ്‌കരിച്ചിരിക്കുന്നത്. വിദ്യാഭ്യാസ അവകാശ നിയമം അനുശാസിക്കുന്നപോലെ ഓരോ തലത്തിലും കുട്ടി നേടേണ്ട ശേഷി പാഠപുസ്തകങ്ങളില്‍ ഉറപ്പാക്കി. ഒന്ന് മുതല്‍ നാല് വരെ ക്ലാസ്സുകളില്‍കൂടി ഇംഗ്ലീഷ് മീഡിയം പാഠപുസ്തകങ്ങള്‍ ഏര്‍പ്പെടുത്തിയതും ഒന്ന് രണ്ട് ക്ലാസ്സുകളില്‍ ഗണിതപഠനത്തിന് പ്രത്യേകം പുസ്തകം കൊണ്ട് വന്നതും ഉല്‍ഗ്രഥന സമീപനം തുടര്‍ന്നതും പാഠ്യപദ്ധതിയുടെ പ്രത്യേകതയാണ്. പാഠപുസ്തകത്തില്‍ ഐ.ടി സാധ്യത പരമാവധി കൊണ്ട്‌വന്നതും ഓരോ ക്ലാസ്സിനനുസരിച്ച് ഉള്ളടക്കം വിന്യസിച്ചതും സവിശേഷതയാണ്. നിലവിലുള്ള പാഠ്യപദ്ധതിക്കെതിരെ കാര്യമായ വിമര്‍ശനം ഉണ്ടായില്ലെന്നതും ദേശീയ പഠനങ്ങളില്‍ കേരളത്തിലെ കുട്ടികള്‍ വിവിധ ശേഷി വികാസത്തില്‍ മികച്ചുനില്‍ക്കുന്നതും ഈ പാഠ്യപദ്ധതിയുടെ ഫലമാണ്. ഒന്നാം പിണറായി സര്‍ക്കാര്‍ ആദ്യം പാഠപുസ്തകങ്ങള്‍ പരിഷ്‌കരിക്കുമെന്ന് പറഞ്ഞെങ്കിലും അതില്‍നിന്ന് പിന്നീട് പിറകോട്ട് പോയി.

ജെന്റര്‍ ന്യൂട്രല്‍ സമീപനം എന്ന ആശയം ചര്‍ച്ചാകുറിപ്പില്‍ ഉള്ളതാണ് വിവാദങ്ങള്‍ക്ക് കാരണം. പതിനാറാം അധ്യായത്തില്‍ ലിംഗസമത്വത്തിലധിഷ്ഠിതമായ വിദ്യാഭ്യാസം എന്ന ശീര്‍ഷകത്തില്‍ പേജ് 71, 72ല്‍ ലാണ് ഈ പരാമര്‍ശമുള്ളത്. വിദ്യാഭ്യാസ കാര്യത്തില്‍ ആണ്‍ പെണ്‍ സമത്വം വേണമെന്നും മറ്റു ലിംഗവിഭാഗങ്ങളെയും പരിഗണിക്കണമെന്നുമാണ് പറയുന്നത്. കേരളം വിദ്യാഭ്യാസ കാര്യത്തില്‍ ആണ്‍ പെണ്‍ വിവേചനം എന്നോ അവസാനിപ്പിച്ച സംസ്ഥാനമാണ്. മറ്റ് സംസ്ഥാനങ്ങളില്‍ ഇപ്പോഴും ഇക്കാര്യത്തില്‍ വലിയ അന്തരം നിലനില്‍ക്കുന്നുണ്ട്. കേരളത്തിന്റെ ഇക്കാര്യത്തിലെ മാതൃക പല സംസ്ഥാനങ്ങളും പകര്‍ത്തിയതുമാണ്. ലിംഗ സമത്വം കൈവരിക്കാന്‍ പാഠ്യപദ്ധതിയില്‍ എന്തൊക്കെ വേണമെന്നത് 2007ലെ കേരള പാഠ്യപദ്ധതി ചട്ടക്കൂടില്‍ അക്കമിട്ടു പറയുന്നുണ്ട്. (കേരള പാഠ്യപദ്ധതി ചട്ടക്കൂട് 2007, പേജ് 99). ഇത്തരത്തിലുള്ള വിവാദങ്ങള്‍ കടന്ന്കൂടിയതായിരുന്നു 2007ലെ പരിഷ്‌കരണത്തിന്റെ പ്രധാന പോരായ്മകള്‍.

പുതിയ പാഠ്യപദ്ധതിയില്‍ സ്വീകരിക്കുന്ന സമീപനം വളരെ പ്രധാന പെട്ടതാണ്. ഏറെ വിമര്‍ശനങ്ങള്‍ കേട്ട എല്ലാ വിദഗ്ധ സമിതികളും തള്ളിക്കളഞ്ഞ പ്രശ്‌നോന്നീത സമീപനം വീണ്ടും കൊണ്ട് വന്നാല്‍ അത് ക്ലാസ്സ്‌റൂം വിനിമയത്തില്‍ ഒരുപാട് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കും. പാഠ്യ പദ്ധതി ചട്ടക്കൂട് ഉണ്ടാക്കി പാഠപുസ്തക പരിഷ്‌കരണത്തിലേക്ക് കടക്കും മുമ്പ് ഇപ്പോള്‍ വിനിമയം ചെയ്തുകൊണ്ടിരിക്കുന്ന പാഠ്യപദ്ധതിയുടെ പോരായ്മകള്‍ പഠനം നടത്തി കണ്ടെത്തണം. പത്തു വര്‍ഷത്തോളം പഴക്കമുള്ള പാഠപുസ്തകങ്ങളാണ് ചില ക്ലാസ്സുകളിലെങ്കിലും ഇപ്പോള്‍ നിലനില്‍ക്കുന്നത്. ഇക്കാലത്തിനിടയില്‍ വൈജ്ഞാനിക മേഖലയില്‍ വലിയ മാറ്റങ്ങള്‍ വന്നിട്ടുണ്ട്. അവ പുതിയ പുസ്തകങ്ങളില്‍ ഉള്‍ചേര്‍ക്കേണ്ടതുണ്ട്. കോവിഡ് മഹാമാരി തീര്‍ത്ത പഠന വിടവ് കുട്ടികളില്‍ ഒരുപാട് അക്കാദമിക പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ട്. ഡിജിറ്റല്‍ പഠനം കുട്ടികളില്‍ ഒരുതരം പഠനവിരസത സൃഷ്ടിച്ചിട്ടുണ്ടെന്ന് പഠനങ്ങള്‍ പറയുന്നു. ഇവയൊക്കെ പുതിയ പാഠപുസ്തകങ്ങളില്‍ അഭിസംബോധന ചെയ്യണം. ദേശീയ വിദ്യാഭ്യസ നയത്തോടുള്ള നിലപാടും വ്യക്തമാക്കേണ്ടതുണ്ട്. രാജ്യം നാളിതുവരെ കാത്തുസൂക്ഷിച്ച മതേതര ജനാധിപത്യ ഭരണഘടനാ മൂല്യങ്ങളെ പൂര്‍ണമായും ത്യജിച്ച് ഏക ശിലാത്മകമായ സംസ്‌കാരം അടിച്ചേല്‍പ്പിക്കുന്ന വിദ്യാഭ്യാസ നയം അപകടകരമാണ്. സംഘ്പരിവാര്‍ ആശയങ്ങളെ പുല്‍കാന്‍ കെല്‍പുള്ള തലമുറ സൃഷ്ടിക്കലാണ് ഈ വിദ്യാഭ്യാസ നയത്തിലെ ഒളിയജണ്ട. ഇത് തിരിച്ചറിഞ്ഞു പ്രതിരോധിക്കാനുതകുന്ന സമീപനം കൈക്കൊള്ളുകയാണ് കേരളം വേണ്ടത്.

web desk 3: